ബോളിവുഡിലെ താരമൂല്യമുള്ള നടിയാണ് ദീപിക പദുക്കോണ്‍. കാന്‍ ചലച്ചിത്രോത്സവത്തില്‍ ജൂറി അംഗമായും ഖത്തര്‍ ലോകകപ്പിന്റെ സമാപന ചടങ്ങില്‍ ട്രോഫി അവതരിപ്പിച്ചും 95-ാം ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകയായും ദീപിക ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

To advertise here,

ഇപ്പോഴിതാ ദീപികയും ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് താരദമ്പതികള്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിറവയറിലുള്ള ദീപികയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചെയ്യാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വെള്ള നിറത്തിലുള്ള ലൂസ് ഷര്‍ട്ട് ധരിച്ചാണ് ദീപിക പോളിങ് ബൂത്തിലെത്തിയത്. ദീപിക യഥാര്‍ഥത്തില്‍ ഗര്‍ഭിണിയാണോയെന്നും വയര്‍ കെട്ടിവെച്ച് വന്നതാണോയെന്നും ആളുകള്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തു. വാടക ഗര്‍ഭപാത്രം വഴിയായിരിക്കാം നടി അമ്മയാകുന്നതെന്നും ഇക്കാര്യം മറച്ചുവെയ്ക്കാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നും വരെ ആളുകള്‍ പ്രതികരിച്ചു. ഇതോടെ ദീപികയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ബോളിവുഡ് താരം ആലിയ ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ ദീപികയ്ക്കുവേണ്ടി സംസാരിച്ചു. 

ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ദീപിക. മഞ്ഞ നിറത്തിലുള്ള എ-ലൈന്‍ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. സ്ലീവ്‌ലെസായ ഈ ഔട്ട്ഫിറ്റില്‍ പോക്കറ്റുകളും പിടിപ്പിച്ചിട്ടുണ്ട്. 

ഗര്‍ഭകാലത്തിന്റെ എല്ലാ തിളക്കവും ദീപികയുടെ മുഖത്ത് കാണാം. ലൂസ് ബണ്‍ ഹെയര്‍സ്റ്റൈലും മുത്തുകള്‍ കൊണ്ടുള്ള കമ്മലും ദീപികയ്ക്ക് കൂടുതല്‍ സ്റ്റൈലിഷ് ലുക്ക് നല്‍കി. സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ 82ഇ-യുടെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക ഈ ഫോട്ടോഷൂട്ട് നടത്തിയത്.