പിന്തുണച്ച ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് റോമ നന്ദി പറഞ്ഞു

തായ്ലന്ഡില് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ പാകിസ്താനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മത്സരാര്ഥിയാണ് റോമാ റിയാസ്. മിസ് യൂണിവേഴ്സ് മത്സരത്തിൽ പാകിസ്താനെ പ്രതിനിധീകരിക്കുന്ന റോമ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ ഗൗരവമേറിയ ചര്‍ച്ചാവിഷയമാണ്. നിറത്തിന്റെ പേരിലും ശരീരപ്രകൃതിയുടെ പേരിലുമെല്ലാം തനിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെയാണ് റോമ വീഡിയോയില്‍ സംസാരിക്കുന്നത്.
ദക്ഷിണേഷ്യന്‍ സമൂഹങ്ങളില്‍ വര്‍ണവിവേചനം ആഴത്തിലാണ് വേരുപിടിച്ചിരിക്കുന്നുവെന്ന് റോമ പറയുന്നു. അത്തരം പരാമര്‍ശങ്ങള്‍ എത്രത്തോളം ദോഷകരമാണെന്നും ഇത് തന്നെ മാത്രം സംബന്ധിക്കുന്ന കാര്യമല്ല, മറിച്ച് ഇത് കാണുന്ന എണ്ണമറ്റ ചെറുപ്പക്കാരായ പെണ്‍കുട്ടികളേയും ബാധിക്കുന്ന കാര്യമാണെന്നും മിസ് യൂണിവേഴ്സ് പാകിസ്താന് പറഞ്ഞു.
'എന്റെ ജനതയുടെ അതേ രൂപമാണ് എനിക്കുമെന്നതിന്റെ പേരില്‍ ഞാന്‍ മാപ്പ് പറയില്ല. ഞാനൊരു പാകിസ്താനിയാണ്. എന്റെ വേരുകളില്‍, എന്റെ മൂല്യങ്ങളില്‍, എന്റെ തൊലിയുടെ നിറത്തില്‍... അങ്ങനെ എല്ലാ അര്‍ഥത്തിലും ഞാനൊരു പാകിസ്താനിയാണ്. ഞങ്ങളുടെ വീടും കുടുംബവും കെട്ടിപ്പടുത്ത, ഞങ്ങളുടെ രാജ്യത്തെ നെഞ്ചിലേറ്റിയ സ്ത്രീകളുടെ അതേ നിറമാണ് എനിക്കും.'-റോമ റിയാസ് പറഞ്ഞു.
കേവലം മിസ് യൂണിവേഴ്സ് പാകിസ്താന് ടൈറ്റിലിന്റെ മാത്രമല്ല, തലമുറ മാറ്റത്തിന്റെ കൂടി പ്രതിനിധിയാണ് താന്‍. സമൂഹത്തിന്റെ ഇടുങ്ങിയ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്‍ക്കാത്ത, ദക്ഷിണേഷ്യന്‍ പുതുതലമുറ പെണ്‍കുട്ടികളില്‍ ഒരാളാണ് താന്‍. വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ വിശാലമായി നോക്കിക്കാണണം. നല്ലതൊന്നും പറയാനില്ലെങ്കില്‍ പാകിസ്താന്റെ അന്തസ്സിനുവേണ്ടി മിണ്ടാതിരിക്കുകയെങ്കിലും ചെയ്യണമെന്നും റോമാ റിയാസ് പറഞ്ഞു.
'ഒരു ആഗോളവേദിയില്‍ പാകിസ്താനെ പ്രതിനിധീകരിക്കുന്ന ഇരുണ്ട നിറമുള്ള ആദ്യ വനിത എന്ന നിലയില്‍ പല അധിക്ഷേപങ്ങളും കേള്‍ക്കേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. പ്രതിരോധമില്ലാതെ ഒരിക്കലും മാറ്റങ്ങളുണ്ടായിട്ടില്ല. മുന്നോട്ടുള്ള ഓരോ ചുവടും അടുത്തതായി വരുന്ന പെണ്‍കുട്ടിക്ക് കടന്നുപോകാനായി ഒരു വാതില്‍ തുറക്കുമെന്നതിനാല്‍ ഞാനിത് സന്തോഷത്തോടെ ഏറ്റെടുക്കുന്നു.'-ഇതാണ് വീഡിയോയുടെ ക്യാപ്ഷനായി റോമ കുറിച്ചത്.
ഇന്ത്യയില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമെല്ലാം ഉള്‍പ്പെടെ അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്ന് തനിക്ക് പിന്തുണ അറിയിച്ച എല്ലാവര്ക്കും റോമ നന്ദി പറഞ്ഞു.
Content Highlights: 'I Will Not Apologize for My Appearance': Miss Universe Pakistan Roma Riaz Slams Toxic Beauty Standards and Colorism
Published: 20 Nov 2025, 01:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented