കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്‌സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ 26 വരെ കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ടൈറ്റിൽ സ്‌പോൺസർ ബീനാ കണ്ണൻ കൊറ്റിയൂറാണ്. ഗ്രാൻഡ് ഫിനാലെ ഉൾപ്പെടെ ആറു ദിവസങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

To advertise here,

മിസ് യൂണിവേഴ്‌സ് ഇന്ത്യ വേദിയിലേക്കുള്ള കേരളത്തിന്റെ ഔദ്യോഗിക എൻട്രിയാണ് ഈ മത്സരം. ഇതിലെ വിജയിയാകും പിന്നീട് നടക്കുന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. ഗ്ലാമാനന്ദ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ദേശീയ തലത്തിലുള്ള മത്സരം സംഘടിപ്പിക്കുന്നത്. പ്രധാന നഗരങ്ങൾ, കോളേജുകൾ, ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകൾ എന്നിവടങ്ങളിൽ നടക്കുന്ന ഓഡിഷനുകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 24 മത്സരാർത്ഥികളാണ് വേദിയിൽ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.

25-ന് കൊച്ചി ശീമാട്ടിയിലെ ബീന കണ്ണൻ കൊറ്റിയൂറിൽ സെമിഫൈനൽ അരങ്ങേറും. ശീമാട്ടി സി.ഇ.ഒയും ലീഡ് ഫാഷൻ ഡിസൈനറുമായ ബീനാ കണ്ണൻ, മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 വിജയി മണിക വിശ്വകർമ്മ, മിസ് യൂണിവേഴ്‌സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ് എന്നിവരാണ് സെമിഫൈനൽ മത്സരത്തിലെ വിധികർത്താക്കളായി എത്തുന്നത്. വിജയികൾ 26-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ റാംപിലെത്തും. മിസ് ഇന്റർനാഷണൽ ഇന്ത്യ റൂഷ് സിന്ധു, മിസ് യൂണിവേഴ്‌സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ്, ഡയറക്ടർ ഓഫ് ഫ്രാഞ്ചയ്‌സ് ഓപ്പറേഷൻസ് അംജാദ് ഖാൻ, മുൻ മിസ് യൂണിവേഴ്‌സ് കേരള ഐശ്വര്യ ശ്രീനിവാസൻ എന്നിവരടങ്ങുന്ന പാനലായിരിക്കും ഈ വർഷത്തെ മിസ് യൂണിവേഴ്‌സ് കേരളയെ തിരഞ്ഞെടുക്കുക.

അർച്ചന രവിയാണ് മിസ് യൂണിവേഴ്‌സ് കേരളയുടെ ഡയറക്ടർ. പ്രശസ്ത കൊറിയോഗ്രാഫർ ഷാം ഖാൻ ആണ് പരിപാടിയുടെ ഷോ ഡയറക്ടറും കൊറിയോഗ്രാഫറും. ഗ്രാൻഡ് ഫിനാലെയിൽ സെലിബ്രിറ്റികൾ, ഇൻഫ്‌ളുവൻസർമാർ, മറ്റു പ്രമുഖർ തുടങ്ങി 350 മുതൽ 400 വരെ ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. കൊച്ചി ശീമാട്ടിയിലെ ബീനാ കണ്ണൻ കൊറ്റിയൂറിൽ നടന്ന പത്രസമ്മേളനത്തിൽ മിസ് യൂണിവേഴ്‌സ് കേരള ഡയറക്ടർ അർച്ചന രവി, ശീമാട്ടി സി.ഇ.ഒ ബീനാ കണ്ണൻ, മിസ് യൂണിവേഴ്‌സ് കേരള 2025 വിജയി ഐശ്വര്യ ശ്രീനിവാസൻ, റേഡിയൻസ് ഫൗണ്ടർ ഡോ. ബസിമ നഹാൻ, ഡോ. ജിജീസ് ക്ലിനിക്ക് ഫൗണ്ടർ ഡോ. ജിജി സംഷീർ, മിസ് യൂണിവേഴ്‌സ് കേരള സ്ട്രാറ്റജിക് പാർട്ണർ പ്രമോദ് എന്നിവർ പങ്കെടുത്തു.