അമ്മയായ സന്തോഷം പങ്കുവെച്ച് സ്ട്രേഞ്ചർ തിങ്സ് താരം മില്ലി ബോബി ബ്രൗൺ. പെൺകുഞ്ഞിനെ ദത്തെടുത്ത് താനും ഭർത്താവ് ജേക്ക് ബോങ്കിയോവിയും മാതാപിതാക്കളായതായി താരം തന്നെയാണ് സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്

To advertise here,

ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കുന്നതിൻ്റെ ആവേശത്തിലാണെന്നും 21 വയസ്സുള്ള ബ്രൗണും 23 വയസ്സുള്ള ബോങ്ങിയോവിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. 1968-ൽ പുറത്തിറങ്ങിയ ബീറ്റിൽസിന്റെ ഓബ്-ലാ-ഡി, ഓബ്-ലാ-ഡാ ഗാനത്തിലെ വരികൾ പങ്കുവെച്ചുകൊണ്ടാണ് ബ്രൗൺ അമ്മയായതിൻ്റെ സന്തോഷം പങ്കുവെച്ചത്.

'ദത്തെടുക്കലിലൂടെ ഞങ്ങളുടെ മനോഹരമായ പെൺകുഞ്ഞിനെ വരവേറ്റു. സമാധാനത്തിലും സ്വകാര്യതയിലും ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കടക്കുന്ന ഞങ്ങൾ ആവേശത്തിലാണ്. - ബ്രൗണിൻ്റെ പോസ്റ്റിൽ പറയുന്നു. 

നെറ്റ്ഫ്ലിക്സ് ഡ്രാമയായ സ്ട്രേഞ്ചർ തിങ്സിലെ ഇലവൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ ബ്രൗണും സംഗീതജ്ഞനായ ജോൺ ബോൺ ജോവിയുടെ മകനായ മോഡലായ ബോങ്ങിയോവിയും 2024-ലാണ് വിവാഹിതരായത്. അച്ഛനമ്മമാരാകാനുള്ള ആഗ്രഹം ബ്രൗൺ പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ഭർത്താവിനൊപ്പം വലിയ കുടുംബം  ആഗ്രഹിക്കുന്നുണ്ടെന്നും ദത്തെടുക്കൽ സാധ്യതയെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്. 

'വിനോദരംഗത്തും അഭിനയരംഗത്തും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം നൽകുന്ന ആളാണ് ഞാൻ'- അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബ്രൗൺ പറഞ്ഞിരുന്നു.