ജിമ്മിൽ പോകാതെ തന്നെ ഓഫീസ് ജീവനക്കാർക്ക് എങ്ങനെ ആരോഗ്യം സംരക്ഷിക്കാം എന്നതിനെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച് മോഡലും ഫിറ്റ്‌നസ് ഐക്കണുമായ മിലിന്ദ് സോമൻ. ജോലിത്തിരക്കിനിടയിൽ ആരോഗ്യം ക്ഷയിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവർക്കായി നാച്ചുറൽറ്റീൻ പോഡ്‌കാസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിർദ്ദേശങ്ങൾ പങ്കുവെച്ചത്. 

To advertise here,

എപ്പോഴും ഇരുന്നുള്ള ജോലി ഒഴിവാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. "സീറ്റിൽ ഇരിക്കാതെ പരമാവധി സമയം എഴുന്നേറ്റു നിൽക്കാൻ ശ്രമിക്കുക. ഇതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, എഴുന്നേറ്റ് നിൽക്കുന്നത് തന്നെ വലിയ മാറ്റമുണ്ടാക്കും’ – മിലിന്ദ് പറയുന്നു. എട്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നവർ ഓരോ അരമണിക്കൂർ കൂടുമ്പോഴും എഴുന്നേൽക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

മേശപ്പുറത്ത് വെള്ളക്കുപ്പി വെക്കുന്ന ശീലം ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വെള്ളം കുടിക്കാൻ വേണ്ടി എഴുന്നേറ്റ് നടക്കുന്നത് ശരീരത്തിന് ചലനം നൽകാനുള്ള അവസരമായി കാണണം. "ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് പോയി വെള്ളം കുടിക്കുക. ടേബിളിൽ വെള്ളക്കുപ്പി വെക്കരുത്. സ്വയം മെച്ചപ്പെടുത്താനുള്ള ഇത്തരം ചെറിയ അവസരങ്ങൾ നാം കണ്ടെത്തണം’- മിലിന്ദ് വ്യക്തമാക്കി.

ഉച്ചഭക്ഷണത്തിന് ലഭിക്കുന്ന ഒരു മണിക്കൂർ ഇടവേളയിൽ വെറും ഒരു മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സെറ്റ് പുഷ് അപ്പുകളോ സ്പോട്ട് മാർച്ചിങ്ങോ തുടങ്ങി ശരീരത്തിന് ചലനം നൽകുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മിലിന്ദ് സോമൻ പങ്കുവെച്ച വ്യക്തിപരമായ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാർത്ത. പുതിയ ആരോഗ്യചര്യകൾ ആരംഭിക്കുന്നതിന് മുൻപ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടുക.