
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുൻ ഭർത്താവ് ഓൺലറിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യൻ ബോക്‌സിങ് താരം മേരി കോം രംഗത്തെത്തിയിരുന്നു. 'ആപ് കി അദാലത്' എന്ന ഹിന്ദി ഷോയിലാണ് ഓൺലറിനെ മേരി കോം രൂക്ഷമായി വിമർശിച്ചത്. തന്റെ ബോക്‌സിങ് കരിയറിലൂടെ സമ്പാദിച്ച കോടിക്കണക്കിന് രൂപ ഓൺലർ കബളിപ്പിച്ച് സ്വന്തമാക്കിയതായും തന്റെ പേരിൽ വായ്പകൾ എടുത്ത് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയെന്നും മേരി കോം ആരോപിച്ചിരുന്നു. ഒരു നയാപൈസ പോലും ഓൺലർ സമ്പാദിച്ചിട്ടില്ലെന്നും എന്ത് ത്യാഗമാണ് അദ്ദേഹം ചെയ്തതെന്നും അവർ ചോദിച്ചിരുന്നു. താൻ കുടുംബത്തിനുവേണ്ടി റിങ്ങിൽ കഠിനാധ്വാനം ചെയ്യുമ്പോൾ ഓൺലർ വീട്ടിൽ കിടുന്നുറങ്ങുക മാത്രമാണ് ചെയ്തതെന്നും അവർ തുറന്നടിച്ചിരുന്നു.
ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് പിന്നാലെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേരി കോം. തന്റെ പ്രസ്താവനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആശയക്കുഴപ്പമുണ്ടായിട്ടുണ്ടെന്നും എല്ലാത്തിനും താൻ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുവെന്നും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. തന്റെ വിവാഹജീവിതം ഒരിക്കലും വിജയിച്ചിട്ടില്ലെന്നും വിശ്വാസം പൂർണമായി നഷ്ടപ്പെട്ടപ്പോൾ കാര്യങ്ങളെല്ലാം മാറിയെന്നും അവർ വീഡിയോയിൽ പറയുന്നു. തന്നെ കുറിച്ച് എന്ത് പറഞ്ഞാലും സംയമനത്തോടെയും അന്തസ്സോടേയും മാത്രമാണ് ഇതുവരെ പെരുമാറിയിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
'എന്റെ ഈ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ രീതിയിലാണ് പ്രചരിച്ചത്. അത് വളരെ നിർഭാഗ്യകരമാണ്. ഞാൻ ഫുട്‌ബോൾ സംസ്‌കാരത്തിനോ ഫുട്‌ബോൾ സമൂഹത്തിനോ എതിരല്ല. ഞാനൊരു ബോക്‌സർ ആയിരുന്നിട്ടും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നുണ്ട്. ഫുട്‌ബോൾ കളിക്കാൻ ഇഷ്ടവുമാണ്. എന്റെ മുൻ ഭർത്താവ് പറഞ്ഞത് അദ്ദേഹം തന്റെ ഫുട്‌ബോൾ കരിയർ ഉപേക്ഷിച്ചു എന്നാണ്. അദ്ദേഹം ഷില്ലോങ്ങിൽ ഫുട്‌ബോൾ കളിച്ചിരുന്നു. എന്നാൽ ഫുട്‌ബോൾ ഉപേക്ഷിച്ചതിന് ശേഷം ഡൽഹിയിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്.'-മേരി കോം വ്യക്തമാക്കി.
ഷോയിൽ നടത്തിയ അഭിപ്രായത്തെ തുടർന്ന് വേദനിക്കപ്പെട്ട പുരുഷ സമൂഹത്തോട് മാപ്പ് പറയുന്നുവെന്നും അവർ പറഞ്ഞു. 'ഏറെ വൈകാരികമായാണ് ആ സമയത്ത് പ്രതികരിച്ചത്. വർഷങ്ങളായി അടക്കിവെച്ച വേദനയും വിഷാദവും ഉപയോഗിക്കപ്പെട്ടു എന്ന തോന്നലുമെല്ലാം ഒരുമിച്ച് പുറത്തുവന്നു.'-മേരി കോം വ്യക്തമാക്കി.
2023-ലാണ് ഓൺലറും മേരി കോമും വിവാഹമോചിതരായത്. ഇരുവർക്കും നാല് മക്കളുണ്ട്. മേരി കോമിന്റെ വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്ന് ഓൺലർ ആരോപിച്ചിരുന്നു. ഈ ബന്ധം കുടുംബത്തിൽ വിള്ളലുണ്ടാക്കിയെന്നും മക്കളുടെ ഹൃദയം തകർന്നുവെന്നും ഓൺലർ പറഞ്ഞിരുന്നു. നിലവിൽ മേരി കോം ഹരിയാനയിലെ ഫരീദാബാദിലാണ് താമസിക്കുന്നത്. ഓൺലർ ഡൽഹിയിലുമാണ്.
Content Highlights: mary kom issues apology after lashing out at ex husband onler
Published: 02 Feb 2026, 06:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented