വ്യത്യസ്തമായ ആശയങ്ങളിലൂടെ പലപ്പോഴും ശ്രദ്ധ നേടിയ സെര്‍ബിയന്‍ പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റാണ് മറീന അബ്രമോവിച്ച്. ശരീരത്തിന്റെ പരിധികളും മനസിന്റെ സാധ്യതകളും കലാകാരനും പ്രേക്ഷനും തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യുന്ന സൃഷ്ടികളാണ് മറീനയുടെ പ്രദര്‍ശനത്തിലുണ്ടാകുക. നാല് പതിറ്റാണ്ടിലേറെയായി പെര്‍ഫോമന്‍സ് ആര്‍ട്ട് രംഗത്തുള്ള മറീനയുടെ ജീവന് പോലും ഭീഷണിയാകുന്ന പ്രദര്‍ശനങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. 

To advertise here,

1974-ല്‍ ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടന്ന 'റിഥം സീറോ' എന്ന പ്രദര്‍ശനമായിരുന്നു ഇതില്‍ ഏറ്റവും അപകടകരം. കലാകാരനു പ്രേക്ഷകനും തമ്മിലുള്ള ബന്ധത്തിന്റെ പരിധി പരിശോധിക്കുന്നതിനായാണ് മറീന വെല്ലുവിളി നിറഞ്ഞ ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഒരു മേശപ്പുറത്ത് റോസാപ്പൂക്കള്‍, ചോക്ലേറ്റ്, ചെയിന്‍, കത്തി, കൈത്തോക്ക് തുടങ്ങിയ 72 സാധനങ്ങള്‍ ആദ്യം മറീന നിരത്തിവിച്ചു. എന്നിട്ട് അവര്‍ അതിന് അടുത്ത് നിന്നു. പ്രദര്‍ശനം കാണാനെത്തുന്ന ആളുകള്‍ക്ക് അതില്‍ ഏത് വസ്തു വേണമെങ്കിലും എടുത്ത് മറീനയെ എന്തുവേണമെങ്കിലും ചെയ്യാം. അതായിരുന്നു റിഥം സീറോ. പ്രദര്‍ശനം നടക്കുന്ന ആറു മണിക്കൂറും നഗ്നയായി നിന്ന മറീന നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങള്‍ തന്റെ ശരീരത്തില്‍ ഏറ്റുവാങ്ങി. അവരുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ വരെ എത്തിയിരുന്നു. 

ഇപ്പോഴിതാ ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ആര്‍ട്‌സില്‍ വ്യത്യസ്തമായ പ്രദര്‍ശനം നടത്തുകയാണ് മറീന. ഈ പ്രദര്‍ശനം കാണണമെങ്കില്‍ രണ്ട് നഗ്ന മോഡലുകള്‍ക്കിടയിലൂടെ ഞെരുങ്ങി കയറണം. ഒരു പുരുഷ മോഡലും ഒരു സ്ത്രീ മോഡലുമാണ് കവാടത്തില്‍ മുഖാമുഖം നോക്കി അനങ്ങാതെ നില്‍ക്കുന്നത്. ഇവര്‍ക്കിടയിലൂടെ കയറാന്‍ അസ്വസ്ഥതത തോന്നുകയാണെങ്കില്‍ അവര്‍ക്കായി ഒരു പ്രത്യേക കവാടവും ഒരുക്കിയിട്ടുണ്ട്. 

മറീനയുടെ 50 വര്‍ഷത്തെ കരിയര്‍ റിട്രോസ്‌പെക്ടീവിന്റെ ഭാഗമായാണ് ഈ അസാധാരണ ഇന്‍സ്റ്റലേഷന്‍. റോയല്‍ അക്കാദമിയുടെ 255 വര്‍ഷത്തെ ചരിത്രത്തില്‍ പ്രിന്‍സിപ്പല്‍ ഗാലറികളില്‍ ഏകാംഗ പ്രദര്‍ശനം നടത്തുന്ന ആദ്യ വനിതാ കലാകാരി കൂടിയാണ് മറീന. 

placeholder
.
മറീന അബ്രമോവിച്ച് | Photo: https://www.royalacademy.org.uk/

കഴിഞ്ഞ ഞായാറഴ്ച്ച തുടങ്ങിയ ഈ പ്രദര്‍ശനത്തിന് പിന്നാലെ അഭിനന്ദനവും വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പശ്ചാത്താപരഹിതമെന്നായിരുന്നു ടൈംസിന്റെ വിശേഷണം. 'നിര്‍ണായകമായത്' എന്നാണ് ഗാര്‍ഡിയന്‍ ഈ പ്രദര്‍ശനത്തെ വിശേഷിപ്പിച്ചത്.ടിക്കറ്റ് എടുത്തവരെ രണ്ട് നഗ്നരായ മോഡലുകള്‍ക്കിടയിലൂടെ കടന്നുപോകുന്നത് നഗ്നത, ലിംഗഭേദം, ലൈംഗികത, ആഗ്രഹം എന്നിവ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നാണ് റോയല്‍ അക്കാദമി എക്‌സിബിഷന്‍ മേധാവി ആന്‍ഡ്രിയ ടാര്‍സിയയുടെ പ്രതികരണം. നഗ്നശരീരങ്ങളെ സ്പര്‍ശിക്കാതെ അകത്തേക്ക് പ്രവേശിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നുവെന്ന് ചിലര്‍ പ്രതികരിച്ചു. ശരീരത്തിന്റെ പ്രാധാന്യത്തേയും രാഷ്ട്രീയത്തേയും പ്രശ്‌നവത്കരിക്കുന്നതാണ് പ്രദര്‍ശനമെന്ന് മറ്റു ചിലര്‍ കുറിച്ചു. 

1970, 1980 കളില്‍ സജീവമായ മറീന തന്റെ പങ്കാളിയും ജര്‍മന്‍ ആര്‍ട്ടിസ്റ്റുമായ ഉലേയുമൊത്തും നിരവധി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയം 1977-ലെ റിലേഷന്‍ ഇന്‍ ടൈം ആണ്. ഇതില്‍ ഇരുവരും പരസ്പരം മുടി കൂട്ടിക്കെട്ടി മുഖം തിരിഞ്ഞിരുന്നത് 16 മണിക്കൂറാണ്. ദി കമ്യൂണിക്കേറ്റര്‍, സിപിരിറ്റ് കുക്കിങ്, ക്ലീനിങ് ദ മിറര്‍, സെവന്‍ ഈസി പീസസ് തുടങ്ങിയവ മറീനയുടെ ശ്രദ്ധേയമായ വര്‍ക്കുകളാണ്.