ദോഹ: ദോഹയിൽ യുവ കലാകാരി വേദിക ശശികുമാർ നടത്തിയ മിനി ആർട്ട് എക്സിബിഷൻ കലാപ്രേമികൾക്ക് വേറിട്ടൊരു അനുഭവമായി. ചിത്രകലാ അധ്യാപിക റോഷ്നി കൃഷ്ണന്റെ നേതൃത്വത്തിൽ, മീഡിയ പ്ലസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജി.ആർ.സി.സി (GRCC) അംഗങ്ങളും ഖത്തറിലെ സാംസ്‌ക്കാരിക പ്രവർത്തകരും വേദികയുടെ കലാരംഗത്തെ പത്തു വർഷത്തെ യാത്രയെ ആദരിച്ചു. കുട്ടിക്കാലം മുതൽ തുടങ്ങിയ തന്റെ ചിത്രകലാ യാത്രയിൽ ഓരോ കാൻവാസിലും മനസ്സിന്റെ നിറങ്ങൾ ചാലിച്ച വേദികയുടെ പ്രകടനം വിസ്മയിപ്പിക്കുന്നതാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

To advertise here,

തന്റെ കലാപഠനത്തിന്റെ തുടക്കം മുതൽ കൂടെയുള്ള റോഷ്നി ടീച്ചറുടെ ശിക്ഷണത്തിൽ 'വിബ്ജിയോർ' എന്ന ആർട്ട് ക്ലബ്ബിലൂടെയാണ് വേദിക നിലവിൽ ചിത്രകല അഭ്യസിക്കുന്നത്. 'ഭാവനകൾ വിരിയുന്ന ഇടം' എന്ന വിബ്ജിയോറിന്റെ ആപ്തവാക്യം അന്വർത്ഥമാക്കുന്നതായിരുന്നു പ്രദർശനത്തിലെ ഓരോ ചിത്രങ്ങളും. വാട്ടർ കളർ, അക്രിലിക്, ഓയിൽ പെയിന്റിങ്, സ്‌കെച്ചിങ്, മ്യൂറൽ പെയിന്റിങ് എന്നിങ്ങനെ വിവിധ മാധ്യമങ്ങളിൽ വേദിക നേടിയ പ്രാവീണ്യം സന്ദർശകരെ വിസ്മയിപ്പിച്ചു.

അധ്യാപിക എന്ന നിലയിൽ തന്റെ വിദ്യാർഥിനിയുടെ വളർച്ചയും ആത്മവിശ്വാസവും കാണുന്നത് ഹൃദയസ്പർശിയായ നിമിഷമാണെന്നും, വേദികയുടെ ചിത്രയാത്ര ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും റോഷ്നി ടീച്ചർ പറഞ്ഞു. ഒരു ദശകമായി റോഷ്നി ടീച്ചർ നൽകുന്ന സ്നേഹനിർഭരമായ മാർഗ്ഗനിർദേശങ്ങളാണ് വേദികയെ പക്വതയുള്ള കലാകാരിയാക്കി മാറ്റിയതെന്നും, ഭാവിയിൽ ലോകോത്തര നിലവാരമുള്ള കലാകാരിയായി വേദിക ഉയരട്ടെ എന്നും ജി.ആർ.സി.സി ഭാരവാഹികളും വിബ്ജിയോർ ടീമും ആശംസിച്ചു.

യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് വേദി ഒരുക്കുന്നതിനും മുൻപന്തിയിലുള്ള ജി.ആർ.സി.സി ഖത്തറിന്റെ നേതൃത്വത്തിലാണ് ഈ പ്രദർശനം മനോഹരമായി സംഘടിപ്പിച്ചത്. ചടങ്ങിന് ആവശ്യമായ വേദിയും സൗകര്യങ്ങളും ഒരുക്കിയ മീഡിയ പ്‌ളസ്, 'കല മനുഷ്യനന്മക്ക്' എന്ന ശ്രദ്ധേയമായ ആശയവുമായാണ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ തിരുവനന്തപുരം ഡിസ്ട്രിക് റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ജെ. റഹ്‌മത്തുള്ള വേദികയ്ക്ക് മെമെന്റോ സമ്മാനിച്ചു. പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വേദികയുടെ പിതാവ് ശശികുമാർ മേനോൻ, മാതാവ് ശ്രീജ എന്നിവർ മകളുടെ നേട്ടത്തിൽ പിന്തുണയുമായി എത്തിയ എല്ലാവർക്കും നന്ദി അറിയിച്ചു. ജി.ആർ.സി.സി പ്രസിഡന്റ് റോഷ്നി കൃഷ്ണൻ, വൈസ് പ്രസിഡന്റ് ആയിഷ സൈബൂൾ, ഉപദേശക സമിതി അംഗം സുബൈർ പാണ്ഡവത്ത്, മീഡിയ കോർഡിനേറ്റർ രഞ്ജിത്ത് ചെമ്മാട്, സെക്രട്ടറി സുബീർ പി.ടി., പ്രോഗ്രാം കോർഡിനേറ്റർ റിനിഷ റിനീഷ്, സൈബൂൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യുവതലമുറയിലെ കലാകാരന്മാരെ വളർത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും റോഷ്‌നി ടീച്ചറുടെ വിബ്ജിയോർ ക്‌ളബ്ബ് നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്ന് സന്ദർശകർ അഭിപ്രായപ്പെട്ടു