കാഠ്മണ്ഡുവില്‍ ഒരു ഉച്ചകോടിയില്‍ സംസാരിക്കവേയാണ് ലക്ഷ്യബോധത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനീഷ സന്ദേശം നല്‍കിയത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി നേപ്പാളിലും ഇന്ത്യയിലും രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണക്കാരായവരാണ് ജെൻ സി. അഴിമതിക്കും ഭരണകൂടങ്ങളുടെ വീഴ്ചകൾക്കുമെതിരെ ഉറക്കെ ശബ്ദമുയർത്താൻ ഭയമില്ലാത്തവരാണ് പുതുതലമുറ. അവരുടെ ആവേശത്തെയും അഴിമതിക്കെതിരായ പോരാട്ടങ്ങളെയും സല്യൂട്ട് ചെയ്യുമ്പോഴും ആവേശവും ചെറുപ്പവും മാത്രം ഒരാളെ നല്ല നേതാവാക്കില്ലെന്ന ഓർമപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മനീഷ കൊയ്‌രാള. കാഠ്മണ്ഡുവിൽ ഒരു ഉച്ചകോടിയിൽ സംസാരിക്കവേയാണ് ലക്ഷ്യബോധത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനീഷ സന്ദേശം നൽകിയത്.
യുവതലമുറയുടെ മുന്നേറ്റങ്ങളെ തള്ളിക്കളയാൻ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കിയ മനീഷ, ഏതൊരു രാജ്യത്തിനും മുന്നോട്ട് പോകാൻ അനുഭവസമ്പത്തും വിവേകവും അത്യാവശ്യമാണെന്ന് ഓർമിപ്പിച്ചു. ചെറുപ്പമാണ് എന്നതുകൊണ്ടുമാത്രം ഒരാൾ മികച്ച നേതാവാകണമെന്നില്ല. ഒരു രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് വിവേകവും ദീർഘകാലത്തെ അനുഭവസമ്പത്തും ആവശ്യമുണ്ട്. ഭരണത്തിൽ ഉത്തരവാദിത്തവും ഫലപ്രാപ്തിയും പ്രധാനമാണ്, മനീഷ പറഞ്ഞു. നേപ്പാളിന്റെ ചരിത്രത്തിൽ പ്രായം കുറഞ്ഞവർ അധികാരത്തിൽ വരുന്നത് ഇത് ആദ്യമല്ലെന്നും മനീഷ അനുസ്മരിച്ചു. 1959-ൽ നേപ്പാളിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയും തന്റെ മുത്തശ്ശനുമായ ബിശ്വേശ്വർ പ്രസാദ് കൊയ്രാളയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും ചെറുപ്പമായിരുന്നുവെന്നും താരം ഓർമിച്ചു.
വ്യക്തിജീവിതത്തിലെ അനുഭവങ്ങളും മനീഷ പങ്കുവെച്ചു. 'മുമ്പ് ഒരു കാരണവുമില്ലാതെ കലഹിച്ചിരുന്ന ഒരു വിമതയായിരുന്നു ഞാൻ. എന്നാൽ പ്രായം കൂടുന്തോറും ഒരു കാര്യം എനിക്ക് മനസ്സിലായി; എല്ലാ പാഠങ്ങളും സ്വന്തമായി അബദ്ധങ്ങൾ വരുത്തി പഠിക്കേണ്ടതല്ല. മുതിർന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്നും ഉപദേശങ്ങളിൽ നിന്നും പഠിച്ചാൽ ജീവിതത്തിലെ വലിയ വീഴ്ചകൾ ഒഴിവാക്കാൻ സാധിക്കും.'
മുതിർന്നവരുടെ വിവേകത്തെയും അനുഭവസമ്പത്തിനെയും തള്ളിക്കളയരുതെന്നും അവർ പുതുതലമുറയെ ഉപദേശിച്ചു. 'മറ്റുള്ളവരുടെ അനുഭവങ്ങളെക്കാൾ മുകളിലാണ് തങ്ങളെന്ന ധാരണ ചെറുപ്പക്കാർക്ക് ഉണ്ടാകരുത്. കൃത്യമായ ദിശാബോധവും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടാക്കിയെടുക്കുക. എന്തെങ്കിലും ഒരു കാര്യത്തിനെതിരെ പോരാടുക എന്നത് മാത്രം പോരാ, ഇനി എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ചിത്രം മുന്നിലുണ്ടാകണം.'
ജീവിതത്തിന്റെ സങ്കീർണ്ണതകളെയും വൈവിധ്യങ്ങളെയും തിരിച്ചറിയാൻ യുവതലമുറ തയ്യാറാകണമെന്നും മനീഷ പറഞ്ഞു. 'ജീവിതം കറുപ്പും വെളുപ്പും മാത്രമല്ല. അതിന് ഒട്ടനേകം സങ്കീർണ്ണമായ തലങ്ങളുണ്ട്. ജീവിതം പ്രതിസന്ധികളും പോരാട്ടങ്ങളും നിറഞ്ഞതാണ്. എന്നാൽ ആ പോരാട്ടങ്ങളാണ് നമ്മെ കൂടുതൽ മൂർച്ചയുള്ളവരും കരുത്തുള്ളവരും, ഒപ്പം മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാൻ കഴിവുള്ളവരുമാക്കുന്നത്.'
Content Highlights: Manisha Koirala acknowledges Gen Z's anti-corruption protests and passion., Emphasizes that youth and passion alone are not enough for effective leadership., Highlights the importance of experience, wisdom, and long-term vision., Refers to her grandfather Bisheshwar Prasad Koirala as an early young leader in Nepal's history., Advises youth to learn from elders' experiences instead of making all mistakes themselves.
Published: 28 Aug 2026, 11:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented