ജയറാമും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന ചിത്രത്തിലെ ഒരു സീന്‍ ഓര്‍മയില്ലേ, ഹോട്ടലാണ് സ്ഥലം, നായകന്മാര്‍ ഭക്ഷണം കഴിക്കാനിരിക്കുകയാണ്, ആവശ്യമുള്ളതെല്ലാം വാങ്ങിക്കഴിക്കാനും അടുത്തകാലത്തൊന്നും ഇങ്ങനെയൊരു ഭക്ഷണം കിട്ടില്ലെന്നും ശ്രീനിവാസനോട് പറഞ്ഞാണ് ഇരുവരും ഭക്ഷണം കഴിക്കുന്നത്. വയറുനിറയെ ഭക്ഷണം കഴിച്ച് അവസാനിപ്പിച്ചതോടെയാണ് ട്വിസ്റ്റ്. ബില്ലടയ്ക്കാന്‍ പണമില്ലാത്ത ജയറാം പോക്കറ്റില്‍ നിന്ന് ഒരു പാറ്റയെ പുറത്തെടുത്ത് പതിയെ പ്ലേറ്റിലേക്കിട്ടു, പിന്നെയൊരു ജയറാം ഷോ ആയിരുന്നു, ഭക്ഷണത്തില്‍ പാറ്റയെ കണ്ട് ജയറാം പ്രശ്‌നമാക്കുന്നതും പക്ഷെ പാണിപാളിയതോടെ ജയറാമിനെ കയ്യോടെ പിടികൂടിയതുമെല്ലാം കണ്ട് ഇന്നും നമ്മള്‍ മതിമറന്ന് ചിരിക്കുന്നുണ്ടല്ലോ, സമാനമായൊരു തട്ടിപ്പ് നടന്നിരിക്കുകയാണ് ചൈനയിലും. എന്നാല്‍ ഭക്ഷണത്തിന് വേണ്ടിയല്ല. ലക്ഷ്വറി ഹോട്ടലിലെ താമസത്തിനുവേണ്ടിയാണ് ജിയാങ് എന്ന 21 വയസ്സുകാരന്‍ പാറ്റകളേയും പ്രാണികളേയും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്.
നിരവധി ഹോട്ടലുകളിലാണ് ജിയാങ് ഇത്തരത്തില്‍ താമസിച്ചത്. കോളേജില്‍ ചേരാനുള്ള പണത്തിനുവേണ്ടിയാണ് സാമ്പത്തികതട്ടിപ്പ് നടത്താനിറങ്ങിയത് എന്നാണ് ഇതിനെക്കുറിച്ച് യുവാവ് പോലീസിന് മൊഴി നല്‍കിയത്. സംഭവത്തെ കുറിച്ച് പോലീസിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഇങ്ങനെ, 21 വയസ്സുകാരനായ ജിയാങ് നിത്യവുമെന്നോണമാണ് പുതിയ ഹോട്ടലുകളില്‍ മുറി അന്വേഷിച്ചെത്തുന്നത്. പക്ഷെ ഒറ്റയ്ക്കല്ല ജിയാങ്ങിന്റെ സഞ്ചാരം, കൂടെ പാറ്റകളും ഈച്ചകളും പ്രാണികളും മുടിയും ഉപയോഗിച്ച കോണ്ടവും പോലും കയ്യില്‍ കരുതിയാണ് ഹോട്ടലുകളില്‍ ജിയാങ് മുറിയെടുക്കാനെത്തുക. തട്ടിപ്പ് നടത്താനുപയോഗിക്കുന്ന വസ്തുക്കളും ഇവതന്നെ.
ഒന്നോ രണ്ടോ ദിവസം നീണ്ട സുഖലോലുപത നിറഞ്ഞ താമസത്തിനുശേഷം 'മുറിയില്‍ കണ്ടെത്തി' എന്ന് പറയപ്പെടുന്ന പാറ്റകളേയും പ്രാണികളേയും കുറിച്ച് ജിയാങ് ഹോട്ടല്‍ അധികൃതരോട് പരാതിപ്പെടും. ഉപയോഗിച്ച കോണ്ടവും മുടിനാരുകളുമെല്ലാം പരാതിക്ക് കാരണമാവും. തനിക്ക് നേരിട്ട അസൗകര്യത്തില്‍ നഷ്ടപരിഹാരവും ആവശ്യപ്പെടും, അല്ലാത്തപക്ഷം ഹോട്ടലിന്റെ വൃത്തിക്കുറവിനെ കുറിച്ച് പരസ്യപ്പെടുത്തുമെന്നാണ് ജിയാങ് സ്ഥിരമായി ഭീഷണി മുഴക്കിയിരുന്നത്. ഹോട്ടലിന്റെ സല്‍പ്പേരിന് കളങ്കമേല്‍പ്പിക്കാതിരിക്കാന്‍ ഒട്ടുമിക്ക ഹോട്ടലുകാരും നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കുകയും ചെയ്യും. ഇത്തരത്തില്‍ കഴിഞ്ഞ 10 മാസമായി 63 ഹോട്ടലുകളിലാണ് ജിയാങ് തട്ടിപ്പ് നടത്തിയത്. നഷ്ടപരിഹാരമോ സൗജന്യ താമസമോ ആണ് മിക്കപ്പോഴും ജിയാങ് ആവശ്യപ്പെടുക.
ഒരേ ഹോട്ടലില്‍ തന്നെ പലകുറി മുറിയെടുക്കാനെത്തുകയും സമാനമായ പരാതികള്‍ ഉയര്‍ത്തുകയും ചെയ്തതോടെയാണ് സംഭവം ഹോട്ടലുടമകളുടെ ശ്രദ്ധയില്‍പെട്ടത്. മറ്റ് ഹോട്ടലുടമകളുമായി ചര്‍ച്ച ചെയ്തതില്‍ ഒരേ കസ്റ്റമര്‍ ആണ് ഒരേ രീതിയില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടുപിടിച്ചത്. ഇതോടെ ഇക്കാര്യം പോലീസിലറിയിച്ചത്. പ്രദേശത്തെ ഒരു ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ ജിയാങ്ങിനെ പോലീസ് കയ്യോടെ പിടികൂടുകയും ചെയ്തു. തട്ടിപ്പ് നടത്താനായി കൊണ്ടുവന്ന 23 പാക്കറ്റുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. 300 ഹോട്ടലുകളില്‍ താമസിച്ചതില്‍ അറുപതിലേറെ ഹോട്ടലുകളില്‍ ജിയാങ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും 5200 ഡോളര്‍ നഷ്ടപരിഹാരമായി കൈക്കലാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Content Highlights: Man uses dirty condoms dead cockroaches to scam hotels for free stay and compensation
Published: 30 Nov 2024, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented