ബിരുദാനന്തരബിരുദം അഥവാ മാസ്റ്റേഴ്‌സ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയും യുഎസ്സില്‍ പിഎച്ച്ഡി എന്ന സ്വപ്‌നതുല്യമായ വാഗ്ദാനം ഉപേക്ഷിക്കുകയും ചെയ്ത് തെരുവില്‍ പലഹാരക്കച്ചവടം തുടങ്ങിയ യുവാവ് വൈറലായി. ചൈനയില്‍ നിന്നുള്ള ഫെയ് യു എന്ന 24-കാരനാണ് രാജ്യത്തെ ഉന്നത സര്‍വ്വകലാശാലകളിലൊന്നായ ഷാങ്ഹായിലെ ഫുദാന്‍ യൂണിവേഴ്‌സിറ്റിയിലെ മാസ്റ്റേഴ്‌സ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത്. തന്റെ ഫുഡ് സ്റ്റാളില്‍ നിന്ന് പ്രതിദിനം 8,200  രൂപ മുതല്‍ 11,700 രൂപ വരെയാണ് ഫെയ് യു സമ്പാദിക്കുന്നത്. 

To advertise here,

പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഫെയ് യു ചൈനയിലെ മറ്റൊരു മികച്ച സര്‍വ്വകലാശാലയായ സിചുവാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പൊതുജനാരോഗ്യത്തില്‍ ബിരുദമെടുത്തത്. ഇതിനുശേഷം മാസ്‌റ്റേഴ്‌സിനുചേര്‍ന്ന യുവാവ് ഒരു സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നാണ് അസാധാരണമായ സംഭവങ്ങള്‍ക്കൊടുവില്‍ ഇദ്ദേഹം പഠനം ഉപേക്ഷിച്ചത്. 

മാസ്റ്റേഴ്‌സ് പഠനത്തിനിടെ ഫെയ് യുവിന് വിഷാദരോഗവും ഉറക്കമില്ലായ്മയുമുണ്ടായി. ഒപ്പം ഉദരസംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. തന്റെ മെന്ററുടെ മോശം പെരുമാറ്റമായിരുന്നു ഇതിനെല്ലാം കാരണമെന്ന് ഫെയ് പറയുന്നു. പഠനം നിര്‍ത്തി ഒരുവര്‍ഷത്തിനുശേഷം ഇദ്ദേഹം യുഎസ്സില്‍ പിഎച്ച്ഡി പ്രൊജക്ടിനായി അപേക്ഷിച്ചു. സ്‌കോളര്‍ഷിപ്പോടെയാണ് യുവാവിന് പിഎച്ച്ഡി പ്രവേശനം ലഭിച്ചത്. 

ഇതിനിടെയാണ് ട്രംപ് ഭരണത്തിനുകീഴില്‍ യുഎസ്സും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്നതും യുഎസ് ഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തത്. ഇതോടെ ഫെയ് യുവിനുള്ള സാമ്പത്തിക സഹായം പിന്‍വലിക്കപ്പെട്ടു. പഠനത്തിന് പണം കണ്ടെത്താനായാണ് ഫുഡ് സ്റ്റാള്‍ എന്ന ആശയത്തിലേക്ക് ഫെയ് കടന്നത്. 

താന്‍ പഠിച്ച സിചുവാന്‍ യൂണിവേഴ്‌സിറ്റിയുടെ ഗെയ്റ്റിന് സമീപമാണ് ഫെയ് ഫുഡ് സ്റ്റാള്‍ ആരംഭിച്ചത്. ഉരുളക്കിഴങ്ങുകൊണ്ടുള്ള വിഭവമായ മാഷ്ഡ് പൊട്ടറ്റോസാണ് ഫെയ് വിറ്റത്. കുട്ടിക്കാലത്ത് ബലൂണ്‍ വില്‍പ്പനയില്‍ മുത്തശ്ശിയെ സഹായിച്ച പരിചയം കച്ചവടത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. 

ഫെയ് യുവിന്റെ മാഷ്ഡ് പൊട്ടറ്റോ കഴിക്കാനായി നീണ്ട നിരയാണ് ഫുഡ് സ്റ്റാളിന് പുറത്ത് എപ്പോഴുമുള്ളത്. ഈ ജോലി ചെയ്യാന്‍ തനിക്ക് നാണക്കേടൊന്നുമില്ലെന്നാണ് ഫെയ് പറയുന്നത്.