മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കോമഡി ചിത്രമാണ് ജൂനിയര്‍ മാന്‍ഡ്രേക്. അതില്‍ എങ്ങനെയെങ്കിലും പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ കയറിപ്പറ്റാനായി ജഗതി ശ്രീകുമാറിന്റെ കഥാപാത്രം കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ കുറച്ചൊന്നുമല്ല നമ്മളെ പൊട്ടിച്ചിരിപ്പിച്ചത്. അതില്‍ ഒന്നാണ് നടുറോഡില്‍ പായ വിരിച്ച് കിടന്നുകൊണ്ട് ട്രാഫിക് ബ്ലോക്കാക്കുന്നത്. അത്തരത്തിലൊരു സംഭവം യഥാര്‍ഥത്തില്‍ നടന്നിരിക്കുകയാണ് ഇപ്പോള്‍. 

To advertise here,

ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് രസകരമായ സംഭവമുണ്ടായത്. നടുറോഡില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ യുവാവ് പക്ഷേ ജഗതി ചെയ്തതുപോലെ പായ വിരിച്ച് കിടന്നുറങ്ങാനൊന്നും മെനക്കെട്ടില്ല. പകരം ആ സ്‌കൂട്ടറില്‍ തന്നെ ഇരുന്നുറങ്ങി! അതും സ്‌കൂട്ടര്‍ റോഡില്‍ ചെരിച്ചു കിടത്തി, ചെരിപ്പൊക്കെ അഴിച്ചുവെച്ച ശേഷം. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. 

സംഭവത്തിന്റെ വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. വിജയവാഡയിലെ ശ്രീനഗര്‍ കോളനിയിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. യുവാവിന്റെ ഉറക്കത്തിന് ശല്യമുണ്ടാക്കാതെ ഓട്ടോറിക്ഷകളും ബൈക്കുകളും മിനി ട്രക്കുകളുമെല്ലാം വശത്തുകൂടെ പോകുന്നത് വീഡിയോയില്‍ കാണാം. പ്രാദേശിക മാധ്യമമായ തെലുഗു സ്‌ക്രൈബ് ആണ് ഈ സംഭവം ലോകത്തെ അറിയിച്ചത്. ആരാണ് നടുറോഡില്‍ കിടന്നുറങ്ങിയതെന്നോ ഇയാള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നോ ഉള്ള കാര്യങ്ങള്‍ ഇനിയും വ്യക്തമല്ല.