എല്ലാ മാസവും ശമ്പളം ലഭിക്കുന്ന ദിവസമാണ് സാധാരണ ഒരാളുടെ ജീവിതത്തില്‍ സന്തോഷം തോന്നുന്ന ദിവസം. അന്ന് അക്കൗണ്ടിലേക്ക് വരുന്ന പണം കൊണ്ട് അടുത്ത ഒരുമാസം എങ്ങനെ തള്ളിനീക്കാമെന്ന ചിന്തയുമായി ജോലി തുടരുകയും ചെയ്യും. എന്നാല്‍ വമ്പനൊരു തുകയാണ് ശമ്പളദിവസം അക്കൗണ്ടിലേക്ക് വന്നതെങ്കിലോ? അങ്ങനെ വന്നാല്‍ എന്ത് സംഭവിക്കുമെന്നാണ് ഈ യുവാവിന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നത്. 

To advertise here,

ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലാണ് സംഭവം. ഒരു ഫുഡ് കമ്പനിയില്‍ ഓഫീസ് അസിസ്റ്റന്റായ യുവാവിനാണ് അപ്രതീക്ഷിതഭാഗ്യം കൈവന്നത്. ശമ്പളദിവസം ഇയാളുടെ അക്കൗണ്ടിലെത്തിയത് ലഭിക്കേണ്ടിയിരുന്ന ശമ്പളത്തിന്റെ 330 ഇരട്ടി തുകയാണ്. 386 പൗണ്ട് (46162 രൂപ) ആയിരുന്നു ഇയാളുടെ മാസശമ്പളം. ഇതിന് പകരം 1,27,000 പൗണ്ട് (ഒന്നര കോടിയിലേറെ രൂപ) ആണ് ഇയാളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ ക്രെഡിറ്റായത്.

അബദ്ധത്തില്‍ എത്തിയ തുക കമ്പനിക്ക് തിരികെ നല്‍കാമെന്ന് ആദ്യം യുവാവ് സമ്മതിച്ചെങ്കിലും പിന്നീട് കളം മാറ്റിച്ചവിട്ടാന്‍ ഇയാള്‍ തീരുമാനിച്ചു. മൂന്ന് ദിവസത്തിനകം ഇയാള്‍ ജോലി രാജി വെക്കുകയും കമ്പനിയില്‍ നിന്നുള്ള കോളുകള്‍ക്കും മെസേജുകള്‍ക്കും പ്രതികരിക്കാതിരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കമ്പനി കോടതിയെ സമീപിച്ചു.

മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി യുവാവിന് അനുകൂലമായി വിധിക്കുകയായിരുന്നു. ഇത് മോഷണമല്ല എന്നും മറിച്ച് അനധികൃതമായി ലഭിച്ച തുക മാത്രമാണെന്നും ജഡ്ജി സാന്റിയാഗോ നിരീക്ഷിച്ചു. ഇതോടെ യുവാവിനെതിരായ ക്രിമിനല്‍ നടപടികള്‍ അവസാനിക്കുകയായിരുന്നു.

ക്രിമിനല്‍ നിയമനടപടികള്‍ അവസാനിപ്പിച്ചെങ്കിലും പണം തിരികെ പിടിക്കാനായുള്ള സിവില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് കമ്പനി അറിയിച്ചത്. ഇതിനായി സാധ്യമായ എല്ലാ വഴികളും തേടുമെന്ന് കമ്പനി വക്താവ് അറിയിച്ചു.