തൊഴിൽ ജീവിതത്തിലെ സമ്മർദത്തിൽ നിന്ന് സമാധാനമുള്ള അന്തരീക്ഷം നേടാൻ അവകാശപ്പെട്ട അവധിയെടുക്കേണ്ടത് പ്രധാനമാണ്. കാഷ്വല്‍ ലീവ്, സിക്ക് ലീവ്, ആനുവല്‍ ലീവ്, മെറ്റേണിറ്റി ലീവ് എന്നിങ്ങനെ പലതരം ലീവുകളുണ്ട്. ഇതിലേതെടുക്കണമെങ്കിലും മേലുദ്യോഗസ്ഥന് അപേക്ഷ സമര്‍പ്പിച്ച് അംഗീകാരം തേടണം. അത്തരത്തില്‍ അപേക്ഷിച്ച ശേഷം അത് നിരസിക്കപ്പെട്ട അനുഭവങ്ങളിലൂടെ ഒരിക്കലെങ്കിലും കടന്നുപോയവരും ഏറെയുണ്ടാകും. എന്നാല്‍ ലീവ് സമ്പ്രദായം നമ്മുടെ നാട്ടിലും മറ്റ് രാജ്യങ്ങളിലുമെല്ലാം ഒരുപോലെയാണോ? അതേക്കുറിച്ചൊരു താരതമ്യം നടത്തിയിരിക്കുകയാണ് അഖിലേഷ് എന്ന യുവാവ്.
ഫ്രാന്‍സിലെ പാരീസില്‍ എഞ്ചിനീയറായ അഖിലേഷ് തന്റെ അനുഭവങ്ങൾ എക്‌സിലൂടെയാണ് പോസ്റ്റ് ചെയ്തത്. ഒട്ടേറെ പേര്‍ക്ക് തങ്ങളുടെ അനുഭവവുമായി സാമ്യം തോന്നിയതിനാലാകാം, അഖിലേഷിന്റെ പോസ്റ്റ് കുറഞ്ഞസമയം കൊണ്ട് വൈറലായി. പാരീസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ കാലത്ത് അവധിക്ക് അപേക്ഷിച്ച അനുഭവമാണ് അഖിലേഷ് ആദ്യം പറഞ്ഞത്. 'യൂറോപ്പില്‍ ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയകാലത്ത് അവധി അംഗീകരിക്കാനായി മാനേജരോട് അഭ്യര്‍ഥിച്ചത് ഓര്‍ക്കുന്നു. നിങ്ങള്‍ എന്നെ നേരത്തേ വിവരം അറിയിച്ചാല്‍ മാത്രം മതി. ഇത് നമ്മുടെ കരാറിന്റെ ഭാഗമാണ്. അല്ലാതെ ഞാന്‍ അനുവദിക്കുന്ന ഒന്നല്ല- എന്നാണ് മാനേജര്‍ എന്നോട് പറഞ്ഞത്.' -അഖിലേഷ് കുറിച്ചു.
തുടര്‍ന്നാണ് അദ്ദേഹം ഇന്ത്യയിലെ ലീവ് സമ്പ്രദായത്തെ കുറിച്ച് പറഞ്ഞത്. ഇന്ത്യയിലാണെങ്കില്‍ ലീവ് അംഗീകരിച്ചുകിട്ടുന്നതിനായി അപേക്ഷിക്കണമെന്നും ഇക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ട് ഇടയ്ക്കിടെ ഇമെയില്‍ അയക്കണമെന്നുമാണ് അഖിലേഷ് കുറിച്ചത്. അഖിലേഷിന്റെ പോസ്റ്റ് കുറഞ്ഞ സമയം കൊണ്ടാണ് വൈറലായത്.
ഒട്ടേറെ പേരാണ് അഖിലേഷിന്റെ പോസ്റ്റിന് താഴെ തങ്ങളുടെ ലീവ് അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇന്ത്യ അടിമകളുടെ രാജ്യമാണെന്നും മാനേജര്‍മാര്‍ സ്വയം കരുതുന്നത് ഉടമകളായാണ് എന്നാണ് ഒരാള്‍ കുറിച്ചത്. സ്‌കൂള്‍ കാലം മുതല്‍ നമ്മുടെ മനസില്‍ കുത്തിവെക്കുന്നതാണ് ഇത് എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. അവധി അപേക്ഷിച്ചുകൊണ്ടുള്ള കത്ത് എങ്ങനെ എഴുതാമെന്ന പരീക്ഷാ ചോദ്യമാണ് ഇതിന് ഉദാഹരണമായി അയാള്‍ ചൂണ്ടിക്കാട്ടിയത്.
നാലുമാസം മുമ്പ് അവധിക്ക് അപേക്ഷിച്ച അനുഭവമാണ് മറ്റൊരാള്‍ പങ്കുവെച്ചത്. നാല് മാസം മുമ്പ് തന്നെ അപേക്ഷ നല്‍കിയെങ്കിലും ലീവെടുക്കുന്ന ദിവസം വരെ എല്ലാ മാസവും തനിക്ക് ഇക്കാര്യം ഓര്‍മ്മിപ്പിക്കേണ്ടതായി വന്നുവെന്നും ഇയാള്‍ പറയുന്നു. ഡിമാന്‍ഡ്-സപ്ലൈ പ്രശ്‌നമാണ് ഇതെന്നാണ് വേറെയൊരാള്‍ പറഞ്ഞത്. ഒരുപാട് ഉദ്യോഗാര്‍ഥികള്‍ ഈ ജോലിക്കായി പുറത്ത് കാത്തുനില്‍ക്കുകയാണെന്ന് തൊഴിലാളിക്കും മാനേജര്‍ക്കും അറിയാം. അതുകൊണ്ടാണ് ഈ ചൂഷണം നടക്കുന്നതെന്നും കമന്റില്‍ പറയുന്നു.
Content Highlights: Indian Engineer in Paris Compares Leave Approval Processes in India and Europe
Published: 04 May 2025, 12:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented