ജോലിസ്ഥലങ്ങളിലെ വിഷലിപ്തമായ അന്തരീക്ഷത്തെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം പുറത്തുവരുന്ന കാലഘട്ടത്തിൽ, വേറിട്ടൊരു മാതൃകയുമായി ശ്രദ്ധ നേടുകയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ. ബ്ലൂ ലോബ്സ്റ്റർ മീഡിയയുടെ സ്ഥാപകനായ ധ്രുവ് മുഖർജിയാണ് തന്റെ സ്ഥാപനത്തിലെ കണ്ടന്റ് ഓപ്പറേഷൻസ് ലീഡായ ആര്യ എന്ന ജീവനക്കാരിക്ക് പിന്തുണയേകി സോഷ്യൽ മീഡിയയുടെ പ്രശംസ പിടിച്ചുപറ്റിയത്. ഇദ്ദേഹം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ തരംഗമായിരിക്കുകയാണ്.

To advertise here,

കഴിഞ്ഞ രണ്ടര വർഷമായി കമ്പനിയിൽ സേവനമനുഷ്ഠിക്കുന്ന ആര്യ, കണ്ടന്റ് റൈറ്ററിൽനിന്ന് എഡിറ്റോറിയൽ ചുമതലകളിലേക്കും തുടർന്ന് ലീഡ് പദവിയിലേക്കും ഉയർന്ന മികച്ച ജീവനക്കാരിയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി അവരുടെ പ്രകടനം പ്രതീക്ഷിച്ച രീതിയിൽ ഉയർന്നില്ല. മുൻപ് ഒരു മണിക്കൂർ കൊണ്ട് ചെയ്തിരുന്ന ജോലികൾ ചെയ്യാൻ നാല് മണിക്കൂറോളം സമയമെടുത്തു. ജോലിയുടെ ഗുണനിലവാരം ഗണ്യമായി ഇടിഞ്ഞു.

പ്രകടനം മെച്ചപ്പെടുത്താമെന്ന് ആര്യ വാഗ്ദാനം ചെയ്‌തെങ്കിലും സ്ഥിതി മാറിയില്ല. തുടർന്ന് നടന്ന ചർച്ചയിൽ, തന്റെ പ്രകടനത്തിൽ നിരാശയായ ആര്യ മറ്റൊരു അവസരം ആവശ്യപ്പെടുകയും, സ്വയം ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

ആര്യയുമായി കൂടുതൽ സംസാരിച്ചപ്പോഴാണ് അവർ നേരിടുന്ന വ്യക്തിപരമായ വെല്ലുവിളികളാണ് പ്രകടനത്തെ ബാധിക്കുന്നതെന്ന് ധ്രുവ് മുഖർജി മനസ്സിലാക്കിയത്. പ്രശ്‌നം തിരിച്ചറിഞ്ഞ ധ്രുവ് ആദ്യം മനുഷ്യരും രണ്ടാമതാണ് പ്രൊഫഷണലുകളെന്നും വ്യക്തമാക്കി. ശക്തമായ കരിയറുകളും ടീമുകളും കെട്ടിപ്പടുക്കുന്നതിൽ അല്പം സഹാനുഭൂതിക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് മനസ്സിലാക്കിയ ധ്രുവ് ശമ്പളം കുറയ്ക്കുന്നതിന് പകരം കമ്പനിയുടെ ചെലവിൽ 3 ദിവസത്തെ താമസം ഏർപ്പാടാക്കി. ഒരു ദിവസത്തെ വിശ്രമവും രണ്ടുദിവസം പുതിയ അന്തരീക്ഷത്തിൽ തടസ്സമില്ലാതെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യവും ഒരുക്കി.

കമ്പനിക്ക് ഇത് അധിക ചെലവുണ്ടാക്കിയെങ്കിലും ആ തീരുമാനം പൂർണ്ണമായും മൂല്യവത്തായിരുന്നുവെന്ന് മുഖർജി പറയുന്നു. പുത്തനുണർവോടെയും പ്രചോദനത്തോടെയും ആര്യ വീണ്ടും ജോലിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

ലിങ്ക്ഡ്ഇനിൽ വൈറലായ ഈ പോസ്റ്റിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. സഹാനുഭൂതിയും ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് തെളിയിച്ച മികച്ച നേതൃത്വത്തിന്റെ മാതൃകയാണിതെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ജീവനക്കാർക്ക് 'സൈക്കോളജിക്കൽ സേഫ്റ്റി' ഉറപ്പാക്കുന്ന ഇത്തരം തീരുമാനങ്ങൾ സ്ഥാപനങ്ങളുടെ ദീർഘകാല വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു.