ഏത് ജോലിക്കായാലും അത്യാവശ്യമായ കാര്യമാണ് കൃത്യനിഷ്ഠ. പറഞ്ഞതിലും നേരത്തേ എത്തുന്നവരെയാണ് പൊതുവേ ഏറ്റവും കൃത്യനിഷ്ഠയുള്ളവരായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് നിശ്ചയിച്ച സമയത്തിനെക്കാള്‍ നേരത്തേ എത്തിയതിന്റെ പേരില്‍ ജോലി നഷ്ടമായാലോ? യുഎസ്സിലെ ജോര്‍ജിയയിലാണ് സംഭവം. 

To advertise here,

അറ്റ്‌ലാന്റയില്‍ ക്ലീനിങ് സ്ഥാപനം നടത്തുന്ന മാത്യു പ്രിവെറ്റാണ് തന്റെ അനുഭവം ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ചത്. തന്റെ സ്ഥാപനത്തിലെ ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തിനായി എത്തിയ യുവാവ് പറഞ്ഞ സമയത്തിനേക്കാള്‍ 25 മിനിറ്റ് നേരത്തേ എത്തി. ആ യുവാവിനെ താന്‍ ജോലിക്കെടുത്തില്ല എന്ന് പറഞ്ഞ മാത്യു അതിന് തന്റേതായ കാരണവും വിശദീകരിച്ചു. 

'കഴിഞ്ഞയാഴ്ച ഞാന്‍ നടത്തിയ ഇന്റര്‍വ്യൂവിന് ഒരാള്‍ പറഞ്ഞതിനേക്കാള്‍ 25 മിനിറ്റ് നേരത്തെയാണ് എത്തിയത്. അയാളെ ഞാന്‍ ജോലിക്കെടുക്കാതിരുന്നതിന്റെ പ്രധാന കാരണണവും അതായിരുന്നു. നേരത്തേയെത്തുന്നത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ പറഞ്ഞ സമയത്തിനും വളരെയധികം നേരത്തേ എത്തുന്നത് ടൈം മാനേജ്‌മെന്റ് ഇല്ലാത്തതിനേയും സാമൂഹിക അവബോധത്തിന്റെ അഭാവത്തേയുമാണ് കാണിക്കുന്നത്.' -മാത്യു കുറിച്ചു. 

തന്റേത് ചെറിയൊരു ഓഫീസാണ്. അവിടെ ജോലിക്കാര്‍ നേരത്തേയെത്തുമ്പോള്‍ ബിസിനസ് സംബന്ധമായ ഫോണ്‍കോളുകളിലെ സംഭാഷണം അവര്‍ കേള്‍ക്കാനിടയുണ്ടെന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. ജോലിക്കായുള്ള ഇന്റര്‍വ്യൂകള്‍ക്ക് പത്തോ പതിനഞ്ച് മിനിറ്റ് നേരത്തേ എത്തുന്നത് അനുവദിനീയമാണ്. എന്നാല്‍ അതിനും മുന്നേ എത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മാത്യു പറയുന്നു. 

മാത്യുവിന്റെ പോസ്റ്റ് കുറഞ്ഞ സമയം കൊണ്ട് വൈറലായി. ഒരുവിഭാഗം മാത്യുവിന്റെ വാദം ന്യായീകരിച്ചപ്പോള്‍ മറുവിഭാഗം മാത്യു പറഞ്ഞത് ശരിയല്ലെന്ന് വാദിക്കുകയാണ്. പരിഹാസ്യമായ വിലയിരുത്തലാണ് ഇതെന്നും അവനെ തന്റെയടുത്തേക്ക് അയച്ചാല്‍ താന്‍ ജോലി കൊടുക്കാമെന്നും ഒരാള്‍ കമന്റ് ചെയ്തു. 'ബസ്സിന് വരുന്നയാളാണ് അയാളെങ്കില്‍ എത്തുന്ന സമയത്തിനുമേല്‍ അയാള്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടാകില്ല. ഇന്റര്‍വ്യൂവിന് വൈകാതിരിക്കാന്‍ വേണ്ട കാര്യമാണ് അയാള്‍ ചെയ്തത്.' -മറ്റൊരാള്‍ കമന്റ് ചെയ്തു.