ജീവിതത്തില്‍ സംഗീതം നല്‍കിയ ആത്മവിശ്വാസത്തെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും മനസ് തുറന്ന് മലാല യൂസഫ്‌സായ്. കഴിഞ്ഞ ദിവസം ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത പരിപാടിയില്‍ ഭര്‍ത്താവ് അസര്‍ മാലിക്കിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മലാല പങ്കെടുത്തിരുന്നു. അതില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ നീണ്ട കുറിപ്പിലാണ് മലാല തന്റെ ജീവിതത്തില്‍ സംഗീതം ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പറയുന്നത്.

To advertise here,

 കുട്ടിക്കാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഫീല്‍ഡ് ട്രിപ്പ് പോയപ്പോള്‍ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പാട്ട് പാടിയ സംഭവം മലാല കുറിപ്പില്‍ പങ്കുവെയ്ക്കുന്നു. താനും അടുത്ത സുഹൃത്ത് മോനിബയും ഒരു വലിയ പാറയ്ക്ക് മുകളില്‍ വലിഞ്ഞു കയറിയെന്നും അവിടെ നിന്ന് അധ്യാപകര്‍ക്കും മറ്റ് സഹപാഠികള്‍ക്കും മുമ്പില്‍ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ലൗ സ്റ്റോറി എന്ന പാട്ട് പാടിയെന്നും മലാല കുറിക്കുന്നു. തന്റെ ജന്മനാടായ സ്വാത് താഴ്‌വരയിലെ പ്രിയപ്പെട്ട ഓര്‍മയാണിതെന്നും മലാല കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

സംഗീതവും കലയും നിരോധിക്കപ്പെട്ട കാലത്ത് ജീവിച്ചപ്പോള്‍ പാട്ട് കേള്‍ക്കുന്നത് ഒരു സമ്മാനം പോലെയാണ് തോന്നിയിരുന്നതെന്നും മലാല പറയുന്നു. 'മൂന്ന് വര്‍ഷം മുമ്പ് താലിബാന്‍ അഫ്ഗാനിസ്താന്‍ വീണ്ടും അധികാരം പിടിച്ചെടുത്തു. ഇപ്പോള്‍ തെരുവുകളില്‍ സംഗീതമില്ല. പെണ്‍കുട്ടികളേയും സ്ത്രീകളേയും സ്‌കൂള്‍, ജോലി, പൊതുജീവിതം എന്നിവയില്‍ നിന്ന് വിലക്കുന്നു. സ്വാത് താഴ്‌വരയിലെ കുട്ടിക്കാലത്ത് സംഗീതം എനിക്കും സുഹൃത്തുക്കള്‍ക്കും ആത്മവിശ്വാസവും സ്വാതന്ത്ര്യവും നല്‍കി. എല്ലാ പെണ്‍കുട്ടികള്‍ക്കും സംഗീതം ആസ്വദിക്കാനും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും കഴിയുന്ന ഒരു ലോകത്ത് നമ്മള്‍ക്ക് ഒരിക്കല്‍ ജീവിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'-മലാല കൂട്ടിച്ചേര്‍ത്തു.