ഛയ്യ ഛയ്യ എന്ന ഗാനരംഗത്തിലൂടെ ആരാധകരുടെ മനസില്‍ ഇടംനേടിയ നടിയാണ് മലൈക അറോറ. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനാണ് മലൈകയുടെ ആദ്യ ഭര്‍ത്താവ്. ഇരുവര്‍ക്കും അര്‍ഹാന്‍ ഖാന്‍ എന്നൊരു മകനുണ്ട്. 

To advertise here,

1998-ല്‍ വിവാഹിതരായ ഇരുവരും 2017-ലാണ് വേര്‍പിരിഞ്ഞത്. പിന്നീട് നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായിരുന്നു മലൈക. ഇരുവരും ഏറെ വൈകാതെ വിവാഹിതരാകുമെന്നാണ് സൂചന. അതേസമയം അര്‍ബാസ് ഖാന്‍ അടുത്തിടെ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷൂറയെയാണ് അര്‍ബാസ് ജീവിതപങ്കാളിയാക്കിയത്.

ഇപ്പോഴിതാ മലൈകയുടേയും അര്‍ബാസിന്റേയും മകന്‍ അര്‍ഹാന്‍ പുതിയ പോഡ്കാസ്റ്റ് ഷോ തുടങ്ങിയിരിക്കുകയാണ്. 'ഡംപ് ബിരിയാണി' എന്ന് പേരിട്ടിരിക്കുന്ന ഈ ഷോയില്‍ അര്‍ഹാനൊപ്പം രണ്ട് സുഹൃത്തുക്കള്‍ കൂടി അവതാരകരായെത്തുന്നു. അര്‍ബാസും സഹോദരന്‍ സുഹൈല്‍ ഖാനുമാണ് ആദ്യ എപ്പിസോഡിലെ അതിഥികളായെത്തിയത്.

പുതിയ എപ്പിസോഡില്‍ അമ്മ മലൈകയാണ് ഷോയിലെ അതിഥി. ആദ്യ ഭര്‍ത്താവ് അര്‍ബാസിനെ കുറിച്ചും അര്‍ജുനുമായുള്ള പ്രണയത്തെ കുറിച്ചുമെല്ലാം ഷോയില്‍ മലൈക സംസാരിക്കുന്നുണ്ട്. 'താന്‍ അച്ഛനെപ്പോലെയാണോ' എന്ന അര്‍ഹാന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മലൈക.

'നിന്റെ പെരുമാറ്റ രീതികളെല്ലാം നിന്റെ അച്ഛനെപ്പോലെയാണ്. നിങ്ങള്‍ രണ്ടുപേരും തമ്മില്‍ വളരേയധികം സാമ്യമുണ്ട്. ഒട്ടും ആകര്‍ഷണീയതയില്ലാത്ത പെരുമാറ്റം. നിനക്കും നിന്റെ അച്ഛനും സമാന സ്വഭാവമാണ്. ചില കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ രണ്ടുപേര്‍ക്കും കൃത്യമായ ധാരണയുണ്ട്. അതേസമയം അര്‍ബാസിനെപ്പോലെ നീയും തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത വ്യക്തിയാണ്. അതെനിക്ക് ഇഷ്ടമില്ലാത്ത സ്വഭാവമാണ്. നിങ്ങളുടെ ഷര്‍ട്ടിന്റെ നിറം, ഏത് ഭക്ഷണമാണ് കഴിക്കേണ്ടത്, ഏത് സമയത്താണ് എഴുന്നേല്‍ക്കണ്ടത് തുടങ്ങിയ കാര്യങ്ങളില്‍പോലും തീരുമാനമെടുക്കാന്‍ കഴിയുന്നില്ല.' മലൈക പറയുന്നു. 

പക്ഷേ തന്റെ ദിനചര്യങ്ങളെല്ലാം കൃത്യമാണെന്ന് അര്‍ഹാന്‍ മലൈകയെ ഓര്‍മിപ്പിക്കുന്നു. 'ആ നല്ല സ്വഭാവം നിനിക്ക് എന്നില്‍ നിന്ന് കിട്ടിയതാ'ണെന്നായിരുന്നു മലൈകയുടെ മറുപടി. 

അതേസമയം ഈ ഷോയിലെ മലൈകയുടെ ഒരു ചോദ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുകയും ചെയ്തു. 'എപ്പോഴാണ് വിര്‍ജിനിറ്റി നഷ്ടപ്പെട്ടത്' എന്നായിരുന്നു മലൈക മകനോട് ചോദിച്ചത്. അതിന് അര്‍ഹാന്‍ മറുപടി നല്‍കുന്നില്ല. അമ്മയുടെ വിവാഹം അടുത്ത് തന്നെയുണ്ടാകുമോ എന്ന് മലൈകയോട് അര്‍ഹാനും ചോദിക്കുന്നുണ്ട്.