ന്യൂഡൽഹി: സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് യാതൊരു പ്രകോപനവുമില്ലാതെ പോലീസ് എംപിയെ കസ്റ്റഡിയിലെടുത്തത്. ഡൽഹി പോലീസിനെതിരെ രൂക്ഷമായ ഭാഷയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. ഡൽഹി പോലീസിന് സുപ്രീം കോടതിയെ പുല്ലുവിലയാണെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

'ഡൽഹി പോലീസിന് സുപ്രീം കോടതിയോടോ നിയമത്തോടോ യാതൊരു ബഹുമാനവുമില്ല. അവർ വിചാരിക്കുന്നത് അവരാണ് സർക്കാരും പാർലമെന്റും സുപ്രീം കോടതിയുമെല്ലാമെന്നാണ്. പെൺകുട്ടികളുടെ വസ്ത്രം വലിച്ചുകീറി വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതി ഇപ്പോൾ പറഞ്ഞിട്ടേയുള്ളൂ. ഞങ്ങൾ സുപ്രീം കോടതിയെ വീണ്ടും സമീപിക്കും. ഡൽഹി പോലീസാണോ അതോ ജനാധിപത്യ ഭരണകൂടമാണോ രാജ്യം ഭരിക്കുന്നത് എന്ന് തീരുമാനിക്കണം.' -ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

'എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിയുടെ തല അടിച്ചുപൊട്ടിച്ച് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. രക്തം ഒഴുകുകയാണ്. ബസ്സിലിട്ട് എങ്ങോട്ടോ കൊണ്ടുപോയി. സുപ്രീം കോടതി പറഞ്ഞതിനെ കുറിച്ച് കേന്ദ്രസർക്കാരിനും ഡൽഹി പോലീസിനും അറിവുണ്ട്. ഡൽഹി പോലീസ് കമ്മീഷണർക്കെതിരെ നടപടി വേണം. അയാളെ സസ്‌പെൻഡ് ചെയ്യണം. ഇല്ലെങ്കിൽ ഇതിന്റെ ഉത്തരവാദിത്വം അമിത് ഷായ്ക്കായിരിക്കും. ഡൽഹി പോലീസ് ഭരണഘടനയ്ക്കും നിയമത്തിനും സുപ്രീം കോടതിക്കുമെതിരായാണ് പ്രവർത്തിക്കുന്നത്.' -ജോൺ ബ്രിട്ടാസ് തുടർന്നു.

സംസാരിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ ബ്രിട്ടാസിനെ പിന്നീട് പോലീസ് വഴിയിലിറക്കിവിടുകയാണുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.