30 മണിക്കൂര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ അനുഭവം പങ്കുവെച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഡീപോര്‍ട്ട് നടത്താനായിരുന്നു ശ്രമമെന്നും അഭിഭാഷകരും ഇന്ത്യന്‍ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരങ്ങള്‍ ധരിപ്പിച്ചതോടെയാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനായതെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അവര്‍ അനുഭവം വിവരിച്ചത്.
പഴയ പാസ്‌പോര്‍ട്ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം നിരവധി തവണ ദുബായില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഇമിഗ്രേഷന്‍ പരിശോധനയില്‍ സിസ്റ്റത്തില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഇതോടെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയെന്ന സംശയത്തില്‍ ഡീപോര്‍ട്ട് ചെയ്യാനായിരുന്നു നീക്കം.
എന്നാല്‍ തിരിച്ചുപോകാന്‍ രഞ്ജു തയ്യാറായില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ വിമാനത്താവള അധികൃതരെ കാര്യം ധരിപ്പിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബായ് ഇമിഗ്രേഷന്‍ മേലുദ്യോഗസ്ഥരും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ ദുബായില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.
ദുബായിയിലെ തന്റെ ബ്യൂട്ടികെയര്‍ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് രഞ്ജു ദുബായില്‍ എത്തിയത്. തിങ്കളാഴ്ച്ച രാവിലെയാണ് ദുബായിയില്‍ വിമാനമിറങ്ങിയത്. ഒരു രാത്രി മുഴുവന്‍ അവിടെ കഴിഞ്ഞ അവര്‍ അടുത്ത ദിവസം രാവിലെ ആണ് പുറത്തിറങ്ങിയത്.
ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ക്ക് ദുബായിയില്‍ ഇനി സ്വാതന്ത്ര്യത്തോടെ വരാമെന്നും അതിന് വഴി ഒരുക്കാനായതില്‍ സന്തോഷമുണ്ടെന്നും വീഡിയോയില്‍ രഞ്ജു പറയുന്നു.
Content Highlights: make up artist renju renjimar stuck at dubai airport for long 30 hours
Published: 13 Oct 2022, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented