ദുബായ്: യു.എ.ഇ.യിലെ പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ഐ.സി.എ.സി.) ബുധനാഴ്ച രാവിലെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. വർഷങ്ങൾക്കുശേഷമുള്ള വലിയ മാറ്റത്തിന്റെ ഭാഗമായി അൽഹിന്ദ് ടൂഴ്സ് ആൻഡ് ട്രാവൽസിന്റെ നേതൃത്വത്തിലാണ് പുതിയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ആദ്യദിവസംതന്നെ ആയിരക്കണക്കിന് അപേക്ഷകരാണ് പുതിയ കേന്ദ്രങ്ങളിൽ എത്തിയത്.
പുതിയ വെബ്‌സൈറ്റ് ലൈവായ ഉടൻതന്നെ രണ്ടായിരത്തോളം അപേക്ഷകർ ബുധനാഴ്ച രാവിലെ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്തതായി അൽഹിന്ദ് ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. ദുബായ് യു.ഡബ്ല്യു. മാളിലെ പ്രധാന കേന്ദ്രത്തിൽ 70 സർവീസ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ പ്രതിദിനം 600 അപേക്ഷകൾ കൈകാര്യംചെയ്യാനാകും. രണ്ടാമത്തെ വലിയ കേന്ദ്രം ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിലാണ് (ഡി.ഐ.പി.) സ്ഥിതിചെയ്യുന്നത്. രാജ്യത്തുടനീളമുള്ള 16 കേന്ദ്രങ്ങളിലുമായി പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ പ്രതിദിനം 8,000 അപേക്ഷകൾ വരെ സ്വീകരിക്കാൻ ശേഷിയുണ്ടാകും. ഇതിനായി 350-ഓളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം. അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ ദിവസവും രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഓൺലൈനിൽ ലഭ്യമാകും. സർക്കാരിന്റെ പാസ്‌പോർട്ട് ഫീസിനു പുറമെ വാറ്റ് ഉൾപ്പെടെ 19 ദിർഹമാണ് സർവീസ് ചാർജ് ഈടാക്കുന്നത്. ഫോട്ടോഗ്രാഫ്, ഫോട്ടോകോപ്പി, പ്രിന്റിങ്, ഫോം പൂരിപ്പിക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും ഈ 19 ദിർഹത്തിൽ ഉൾപ്പെടും. പ്രീമിയം സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും എല്ലാ അപേക്ഷകർക്കും ഒരേതരത്തിലുള്ള സേവനമാണ് ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഇനിമുതൽ എംബസിയിലോ കോൺസുലേറ്റിലോ നേരിട്ടുപോകാതെതന്നെ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ, ഒ.സി.ഐ. തുടങ്ങിയ എല്ലാ സേവനങ്ങളും ഈ പുതിയ 16 കേന്ദ്രങ്ങൾ വഴി ലഭ്യമാകും.
അപേക്ഷ സമർപ്പിക്കേണ്ട എട്ട് ഘട്ടങ്ങൾ:
- പാസ്പോർട്ട് സേവാ പോർട്ടൽ വഴി ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക. സഹായം ആവശ്യമുള്ളവർക്ക് ഏതെങ്കിലും ഐ.സി.എ.സി കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.
- consularsevainuae.com എന്ന വെബ്‌സൈറ്റ് വഴി തീയതിയും സമയവും കേന്ദ്രവും തിരഞ്ഞെടുത്ത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക. (എല്ലാ ദിവസവും രാവിലെ ഒമ്പത് മണിക്കും രാത്രി ഒമ്പത് മണിക്കും പുതിയ സ്ലോട്ടുകൾ ലഭ്യമാകും).
- ആവശ്യമായ എല്ലാ ഒറിജിനൽ രേഖകളും ഫോട്ടോകളും പരിശോധനയ്ക്കായി കൈവശം കരുതുക.
- നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുൻപ് തിരഞ്ഞെടുത്ത ഐ.സി.എ.സി കേന്ദ്രത്തിൽ എത്തുക.
- പൂരിപ്പിച്ച അപേക്ഷയും രേഖകളും ബാധകമായ ഫീസും സഹിതം സമർപ്പിക്കുക.
- അപേക്ഷ ട്രാക്ക് ചെയ്യുന്നതിനും പാസ്പോർട്ട് കൈപ്പറ്റുന്നതിനുമായി നൽകുന്ന രസീത് സൂക്ഷിക്കുക.
- ഐ.സി.എ.സി വെബ്‌സൈറ്റ് വഴിയോ പാസ്പോർട്ട് സേവാ പോർട്ടൽ വഴിയോ സ്റ്റാറ്റസ് പരിശോധിക്കാം.
- പാസ്പോർട്ട് തയ്യാറായാൽ നേരിട്ട് കേന്ദ്രത്തിൽ ചെന്നോ കൊറിയർ വഴിയോ കൈപ്പറ്റാം.
സേവന ഫീസ്: സാധാരണ പാസ്പോർട്ടിന് 477 ദിർഹവും തത്കാൽ അപേക്ഷയ്ക്ക് 927 ദിർഹവുമാണ് ഫീസ്. ഇതിന് പുറമെ വാറ്റ് ഉൾപ്പെടെ 19 ദിർഹം സർവീസ് ചാർജും ഈടാക്കും (ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ്, ടൈപ്പിംഗ്, കൊറിയർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു).
നേരിട്ട് എത്തുന്നവർക്ക്: തത്കാൽ അപേക്ഷകൾ, നവജാത ശിശുക്കളുടെ പാസ്പോർട്ടുകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ, 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നേരിട്ട് എത്താം.
കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ: അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉം അൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ, അൽ ഐൻ, മുസഫ, അൽ ദാന, അൽ റീം, മദീനത് സായിദ്, ഗയാതി, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ഖോർഫുക്കാൻ, കൽബ എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
Content Highlights: 16 new ICAC centers operational across UAE, Standard service charge of 19 AED covers photos, printing, and forms, Online appointment booking via consularsevainuae.com, Daily capacity of 8,000 applications, Walk-in facility for seniors, newborns, and emergency cases
Published: 22 Jul 2026, 05:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented