സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ലബുബു പാവയ്ക്ക് ആരാധകര്‍ ഏറെയാണ്. ചെറിയ കാലയളവില്‍ ലോകശ്രദ്ധ നേടി ലബുബുവിനെ സ്വന്തമാക്കാന്‍ ആളുകള്‍ പല ശ്രമങ്ങളും നടത്തുന്നുണ്ട്. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിന്റെ ചുവട്ടിലുള്ള ലബുബുവിന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 

To advertise here,

കാപ്പിറ്റലിസത്തെ നഖശിഖാന്തം എതിർത്ത മാര്‍ക്‌സിന്റെ  ശവകുടീരത്തിൽത്തന്നെ ലബുബു വെച്ചതാണ് ശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം. ശവകുടീരം സന്ദര്‍ശിച്ച ആരോ എടുത്ത ചിത്രമാണ്‌ സാമൂഹിക മാധ്യമത്തിൽ തരംഗമായത്. ഹൈഗേറ്റ് പോലുള്ള സെമിത്തേരികള്‍ സാംസ്‌കാരിക ഇടങ്ങളായിട്ടാണ് കാണുന്നത്.  പ്രശസ്തരായ വ്യക്തികളുടെ അന്ത്യവിശ്രമ സ്ഥലമായ ഹൈഗേറ്റ് ഒട്ടേറെ ആളുകള്‍ സന്ദര്‍ശിക്കാറുണ്ട്. ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം സൈപ്രസ്‌ മരങ്ങള്‍ക്കിടയില്‍ സമയം ചെലവിടാൻ വരുന്നവരും ഇക്കൂട്ടത്തിലുണ്ട്.

പുതിയ പ്രവണതയായ നെക്രോടൂറിസം പ്രചാരം നേടുന്നതും ഇത് സൂചിപ്പിക്കുന്നു. ആദരാഞ്ജലി അര്‍പ്പിക്കാനും കല, സംസ്‌കാരം, ചരിത്രം എന്നിവയെ കുറിച്ച് പഠിക്കാനും സെമിത്തേരികള്‍, ദുരന്തമുഖങ്ങള്‍  സന്ദര്‍ശിക്കുന്നതിനെയാണ് നെക്രോടൂറിസം എന്ന് പറയുന്നത്. താൽപര്യം കൊണ്ടുമാത്രം സംഭവിക്കുന്ന ഇത്തരം  യാത്രകള്‍ ഇന്ന് കോടികള്‍ വരുമാനമുള്ള വ്യവസായമായി മാറി.

ചൈനീസ് ബ്രാന്‍ഡായ പോപ് മാര്‍ട്ടാണ് ലബുബു പാവകള്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയത്. കെ പോപ്പ് ആര്‍ട്ടിസ്റ്റായ ലലിസ മനോബാന്‍ തന്റെ ലബുബു കളക്ഷന്‍ പരസ്യപ്പെടുത്തിയതോടെയാണ്‌ ലബുബുവിനോടുള്ള പ്രിയം കൂടിയത്. ക്യൂ നിന്നും ഓൺലൈനിൽ ബുക്ക് ചെയ്തുമാണ് ആളുകൾ ലുബുബു സ്വന്തമാക്കുന്നത്.