പൊതുജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന ഡല്‍ഹിയിലെ വായു മലിനീകരണത്തെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് നടി കൃതി സനോണ്‍. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന കൃതി വായുമലിനീകരണം തുടര്‍ച്ചയായി വര്‍ധിക്കുന്നതില്‍ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു.

To advertise here,

'തേരെ ഇഷ്‌ക് മെ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിലാണ് താരം തന്റെ ആശങ്ക പങ്കുവെച്ചത്. നഗരത്തില്‍ ക്രമാതീതമായി കുറയുന്ന വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച് കൃതി ചൂണ്ടിക്കാട്ടുകയും വിഷയത്തില്‍ അധികാരികളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു.

ഈ ശനിയാഴ്ച്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 359 രേഖപ്പെടുത്തിയപ്പോള്‍ നോയിഡ പോലുള്ള ചില പ്രദേശങ്ങളില്‍ എക്യുഐ 430- ന് മുകളില്‍ തുടര്‍ന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ ശാരശരി എക്യുഐ 373 ആയിരുന്നു. ഏകദേശം 10- 11 സിഗരറ്റുകള്‍ ഒരു ദിവസം വലിക്കുന്നതിന് തുല്യമാണിത്. ഈ കണക്കുകള്‍ 'അപകടകരമായ' വായുമലിനീകരണത്തെ സൂചിപ്പിക്കുന്നു. വായു മലിനീകരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞത് കൊണ്ട് പ്രയോജനമില്ലെന്നും, അത് കൂടുതല്‍ വഷളായി വരുകയാണെന്നും കൃതി പറഞ്ഞു.

ഡല്‍ഹി മുമ്പ് എങ്ങനെയായിരുന്നെന്ന് അറിയാം, ഇപ്പോള്‍ കൂടുതല്‍ മോശമാവുകയാണ് ചെയ്തത്. വായു മലിനീകരണം തടയാന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ തൊട്ടടുത്ത് നില്‍ക്കുന്നവരെപ്പോലും മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തും.’ നിലവിലെ പാരിസ്ഥതിക സാഹചര്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൃതി. ഇത്തരം പ്രശ്‌നങ്ങളുടെ ഫലപ്രദമായ പരിഹാരത്തിനായി അധികാരികളും പൊതുജനങ്ങളും സഹകരിക്കേണ്ട ആവശ്യകതയെക്കുറിച്ചും കൃതി ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിപ്പിച്ചു.

മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്പ്) ഇതിന്റെ ഭാഗമായി പരിഷ്‌കരിച്ചിട്ടുണ്ട്. വായുഗുണനിലവാരം മോശമാകുന്ന രണ്ടാംഘട്ടത്തില്‍ സ്വീകരിക്കുന്ന പല നടപടികളും പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ത്തന്നെ നടപ്പിലാക്കാനാണ് കമ്മീഷന്റെ തീരുമാനം. നിയന്ത്രണങ്ങളുടെ ഭാഗമായി തലസ്ഥാനത്തെ സ്‌കൂളുകളിലെ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്കും കായികമത്സരങ്ങള്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.