പ്രണയത്തിലായിരുന്ന കോര്ട്നിയും ട്രാവിസും 2022-ലാണ് വിവാഹിതരാകുന്നത്

ട്രാവിസ് ബാർകറിനും തനിക്കും പിറക്കാനിരുന്ന കുഞ്ഞ് ഗർഭാവസ്ഥയിൽ തന്നെ ഇല്ലാതായത് ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ അനുഭവമായിരുന്നുവെന്ന് കിം കർദാഷിയാന്റെ സഹോദരിയും മോഡലുമായ കോർട്‌നി കർദാഷിയാൻ. 2021-ൽ തങ്ങൾ ഡേറ്റിങ് തുടങ്ങി ആറ് മാസത്തിന് ശേഷമാണ് ഗർഭം അലസിയതെന്നും കോർട്‌നി പറഞ്ഞു. ഡമ്മറായ ട്രാവിസിനെ കുറിച്ചുള്ള ട്രാവിസ് ബർകര്: ലൗ ഇസ് ലൗഡർ ദാൻ ഫിയർ എന്ന ഡോക്യുമെന്ററിയിലാണ് കോർട്‌നി ഇക്കാര്യം പറഞ്ഞത്. ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന ഈ വർഷത്തെ ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി പ്രീമിയർ ചെയ്തു. പ്രീമിയറിനായി കോർട്‌നിയും ട്രാവിസുമെത്തിയിരുന്നു.
ട്രാവിസുമായുള്ള പ്രണയം തുടങ്ങിയ ഉടൻ തന്നെ കോർട്‌നി ഗർഭിണിയായിരുന്നുവെന്ന് ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. പെൺകുഞ്ഞാണ് ജനിക്കാൻ പോകുന്നതെന്ന് നേരത്തേ തന്നെ മനസിലാക്കിയിരുന്നു. പിറക്കാനിരിക്കുന്ന പൊന്നോമനയ്ക്കായി തുലിപ് എന്ന പേരും ട്രാവിസും കോർട്‌നിയും കണ്ടുവെച്ചിരുന്നു. എന്നാൽ മൂന്ന് മാസത്തിന് ശേഷം നടത്തിയ പതിവ് പരിശോധനയിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഗർഭസ്ഥശിശുവിന് ഹൃദയമിടിപ്പ് ഇല്ലെന്ന് ഡോക്ടർ തങ്ങളോട് പറഞ്ഞുവെന്നും താരം പറഞ്ഞു.
'കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടമായപ്പോൾ അക്ഷരാർഥത്തിൽ ഞങ്ങൾ തകർന്നുപോയി. ദുഃഖം സഹിക്കാനാകാതെ ദിവസങ്ങളോളം ഞങ്ങൾ പൊട്ടിക്കരഞ്ഞു.' -ഡോക്യുമെന്ററിയിൽ കോർട്‌നി കർദാഷിയാൻ പറഞ്ഞു.
അതിനുശേഷവും ഒരു കുഞ്ഞിനായി തങ്ങൾ തീവ്രമായി ആഗ്രഹിച്ചുവെന്നും കോർട്‌നി പറഞ്ഞു. അതിനായി എട്ട് മാസത്തിനിടെ അഞ്ച് റൗണ്ട് ഐവിഎഫിന് വിധേയമായി. ഒടുവിൽ 2023 മേയിൽ ഐവിഎഫ് ശ്രമങ്ങൾ ഉപേക്ഷിക്കുകയും സ്വാഭാവിക ഗർഭധാരണം മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. ഒരുമാസത്തിന് ശേഷം താൻ ഗർഭിണിയാണെന്ന് കോർട്‌നി പ്രഖ്യാപിച്ചു.
ലോസ് ആഞ്ചലസിൽ നടന്ന മ്യൂസിക് കൺസർട്ടിനിടെ സദസ്സിൽ നിന്ന കോർട്‌നി 'ട്രാവിസ്, ഞാൻ ഗർഭിണിയാണ്' എന്നെഴുതിയ പോസ്റ്റർ ഉയർത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2023 നവംബറിലാണ് കോർട്‌നിക്കും ട്രാവിസിനും റോക്കി എന്ന മകൻ പിറന്നത്. മകന്റെ പേര് ട്രാവിസ് ശരീരത്തിൽ പച്ചകുത്തിയിട്ടുണ്ട്. റോക്കിക്ക് ഇപ്പോൾ രണ്ട് വയസാണ്.
പ്രണയത്തിലായിരുന്ന കോർട്‌നിയും ട്രാവിസും 2022-ലാണ് വിവാഹിതരാകുന്നത്. മേയ് 15-ന് സാന്റാ ബാർബറയിൽ വെച്ചായിരുന്നു വിവാഹം. പിന്നീട് മേയ് 22-ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പോർട്ടോഫിനോയിൽ ഗംഭീരമായ പാർട്ടിയുമുണ്ടായിരുന്നു.
Content Highlights: Kourtney Kardashian revealed her heartbreaking miscarriage experience six months into dating Travis Barker in his new documentary. They lost their unborn daughter Tulip after a routine doctor checkup showed no heartbeat at three months.
Published: 17 Jun 2026, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented