
കല്യാണംകഴിഞ്ഞ് പതിനാറാംദിവസം ബന്ധുവീട്ടിൽനിന്ന് മടങ്ങുമ്പോഴാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ട വിവരവും എത്രയും പെട്ടെന്ന് എൻഎസ്ജിയിൽ തിരിച്ചെത്താനുള്ള ഉത്തരവും ലഭിക്കുന്നത്. ഭാര്യയോട് കാര്യം വിശദമായി പറയാതെ മടങ്ങി. 16 ദിവസം കഴിഞ്ഞാണ് ഭാര്യ അറിയുന്നത് ഭർത്താവ് സാഹസിക ദൗത്യത്തിലായിരുന്നുവെന്ന്. കോട്ടയം അതിരമ്പുഴ കുറചേരിൽ കെ.എ. സെബാസ്റ്റ്യന്റെ വാക്കുകളിൽ ഒരു കമാൻഡോയുടെ ജീവിതത്തിന്റെ നേർചിത്രമുണ്ട്.
എൻഎസ്ജി കമാൻഡോ ആയിരിക്കെ നൂറുകണക്കിന് ഓപ്പറേഷനുകളിൽ പങ്കെടുത്ത നിമിഷങ്ങൾ ഇന്നും അദ്ദേഹം അഭിമാനത്തോടെ നെഞ്ചേറ്റുന്നു. “എല്ലാം രാജ്യത്തിനുവേണ്ടി. അതിൽ വ്യക്തി ഇല്ലേയില്ല”-വാക്കുകളിൽ രാജ്യം ഒരു വികാരം. മേജർരവിയുടെ മിഷൻ 90 ഡേയ്സ് സിനിമ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്കെതിരേ നടന്ന കമാൻഡോ ആക്ഷൻ ആസ്പദമാക്കിയിരുന്നു. ഇതിൽ പ്രതി മുരുകനെ ഓടിച്ചിട്ട് പിടിക്കുന്ന രംഗം ഉണ്ട്. യഥാർത്ഥത്തിൽ ചെന്നൈയിലെ തെരുവിൽ ഇത് നടന്നതാണ്. പ്രതി മുരുകനെ ഓടിച്ചിട്ട് പിടിച്ചത് സെബാസ്റ്റ്യനാണ്. “മേജർ രവിസാറാണ് സംഘത്തെ നയിച്ചത്. ശിവരശൻ പലതവണ കൈയിൽനിന്നും വഴുതി.”-അദ്ദേഹം ഓർക്കുന്നു.
പുൽവാമയിൽ ഭീകരരെ വീഴ്ത്തി
കമാൻഡോ ഓപ്പറേഷനിടെ ഭീകരരുടെ കൈയിൽപ്പെടുക. പക്ഷേ ധീരമായി അവരെ വകവരുത്തി എൻഎസ്ജിയുടെ പാരമ്പര്യം കാക്കുക. സെബാസ്റ്റ്യന്റെ പുൽവാമ ഓർമ്മയിൽ ഈ രംഗം ഇന്നും തിളക്കത്തോടെ നിൽക്കുന്നു. പുൽവാമയിൽ ഒരു ഗ്രാമത്തിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നു എന്ന വിവരം എത്തുന്നു. എൻഎസ്ജിയുടെ 32 എന്ന സംഘം ഓപ്പറേഷന് പുറപ്പെടുന്നു. രാത്രി പല വീടുകളിലായി താവളം. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. ഗ്രാമീണരുടെ വേഷത്തിൽ തന്നെയായിരുന്നു ഓപ്പറേഷൻ. പക്ഷേ ഭീകരർ വീടുകൾ തിരഞ്ഞ് ഗ്രാമീണരെ ബന്ദിയാക്കിയപ്പോൾ കമാൻഡോകളെയും പിടികൂടി. പിടിച്ചവരിൽ കമാൻഡോകളുണ്ടെന്ന് ഭീകരർ തിരിച്ചറിഞ്ഞില്ല.
നേരം പുലർന്നപ്പോൾ വിവിധ ഭാഗങ്ങളിൽനിന്നും പിടിച്ച നാല്പതോളം പേരെ ഗ്രാമത്തിലെ തുറസായസ്ഥലത്ത് നിർത്തി പരിശോധന. വരിയിൽ അഞ്ചാമത് നിൽക്കുന്നത് മേജർ രവി. ആറാമത് സെബാസ്റ്റ്യൻ. ഭീകരൻ രവിയുടെ കുർത്ത ഉയർത്തുമ്പോൾ കാണുന്നത് ഭാരതപതാക പതിച്ച യന്ത്രത്തോക്ക്. ആ നിമിഷം മേജർ ആക്ഷനിലേക്ക് കടന്നു. നാട്ടുകാരെ വിറപ്പിച്ച 12 ഭീകരരും നിലത്ത്. മേജർ രവി, കീർത്തിചക്ര സിനിമയിൽ ഈ രംഗം ചിത്രീകരിച്ചിട്ടുണ്ട്.
15 വർഷത്തെ പട്ടാളജീവിതം. അതിനിടയിൽ ആറ് വർഷത്തെ കമാൻഡോ കാലഘട്ടം. കശ്മീരിലും പഞ്ചാബിലും ശ്രീലങ്കയിലും ഒട്ടേറെ ഓപ്പറേഷനുകളിൽ. കെ.പി.എസ്. ഗില്ലിന്റെയും മേജർ രവിയുടെയും കീഴിൽ ജോലിചെയ്തു. മേജർ രവിയുടെ കീഴിലായിരുന്നു കൂടുതൽ കാലവും.
പഞ്ചാബിൽ...
പഞ്ചാബിൽ ഭീകരർ ഒളിച്ചിരുന്ന കരിമ്പ് പാടത്തിൽ തീപടർന്നപ്പോൾ അതിസാഹസികമായി രക്ഷപ്പെട്ടെങ്കിലും ഭീകരരെ വകവരുത്തിയിട്ടാണ് മടങ്ങിയത്. പഞ്ചാബിൽ 100-ലധികം ആക്ഷനുകളിൽ നേരിട്ട് പങ്കെടുത്തു. കെ.സി. ആൻറണിയുടെയും റോസമ്മയുടെയും മകനായ സെബാസ്റ്റ്യൻ 1980-ലാണ് സൈന്യത്തിൽ ചേരുന്നത്. 89 മുതൽ 94 വരെ എൻഎസ്ജിയിൽ. 96-ൽ സേവനം പൂർത്തിയാക്കി മടങ്ങി. സൈനിക പരിശീലനകാലത്ത് ഒരു കൈവിരൽ നഷ്ടമായതൊന്നും ഇദ്ദേഹത്തിനെ വിഷമിപ്പിക്കുന്നില്ല.
വിരമിച്ചതിനുശേഷം 20 വർഷം കോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനായി. ആറുവർഷം മേജർ രവിയുടെ പട്ടാള പരിശീലന പദ്ധതിയിൽ പങ്കാളി. ഇപ്പോൾ അതിരമ്പുഴയിൽ വിശ്രമജീവിതത്തിലാണ് 69-കാരനായ സെബാസ്റ്റ്യൻ. ഭാര്യ: റോജി. മക്കൾ: ഹേന, തോമസ്, ആൻറണി.
Content Highlights: Kottayam native KA Sebastian remembers his army life as an NSG commando
Published: 06 May 2025, 10:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented