അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളും കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കീർത്തി സുരേഷ്. താരത്തിന്റെ വിവാഹവും ചിത്രങ്ങളുമെല്ലാം വലിയ ആവേഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. 15 വർഷത്തെ പ്രണയത്തിനൊടുവിലാണ് കീർത്തിയും ബിസിനസുകാരനായ ആൻ്റണി തട്ടിലും വിവാഹിതരായത്. എന്നാൽ വിവാഹം പ്രഖ്യാപിക്കും വരെയും ഇരുവരുടെയും പ്രണയം രഹസ്യമായി തുടരുകയായിരുന്നു. ഇപ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് അടുത്ത സുഹൃത്തുക്കൾക്ക് അറിയാമായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

To advertise here,

സാമന്ത റൂത്ത് പ്രഭു, പളനിസാമി, അറ്റ്‌ലീ , പ്രിയ, വിജയ്, കല്യാണി പ്രിയദർശൻ, ഐശ്വര്യ ലക്ഷ്മി എന്നിവർക്ക് ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിയാമായിരുന്നതായി താരം പറഞ്ഞു. "ഇത് നേരത്തെ തന്നെ പുറത്തുവരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ സ്വകാര്യത നിലനിർത്താൻ ഇഷ്ടപ്പെടുന്നു." താരം പറഞ്ഞു. 

മാധ്യമങ്ങളുടെ മുന്നിൽ വരാൻ തട്ടിലിന് മടിയായിരുന്നു, ഞങ്ങൾ കൈപിടിച്ച് നടക്കാറില്ലെന്നും കീർത്തി പറഞ്ഞു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഓർക്കുട്ടിൽ ആൻ്റണിയെ പിന്തുടരുകയായിരുന്നുവെന്നും തന്നേക്കാൾ ഏഴു വയസ്സ് കൂടുതലുണ്ടെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഡിസംബർ 12നായിരുന്നു ഇരുവരുടെയും വിവാഹം. ആന്റണി തട്ടിൽ എൻജിനിയറും ബിസിനസുകാരനുമാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസിന്റെ ഉടമകൂടിയാണ് ആന്റണി. നിർമാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്രതാരം മേനക സുരേഷ് കുമാറിന്റേയും ഇളയ മകളായ കീർത്തി മോഹൻലാൽ നായകനായിയെത്തിയ ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് ചിത്രമായ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടി.