ചന്ദു ചാമ്പ്യൻ തിയേറ്ററുകളിലെത്തി രണ്ട് വർഷം പിന്നിടുമ്പോൾ, ചിത്രത്തിന് വേണ്ടിയുള്ള തന്റെ കഠിനമായ ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ബോളിവുഡ് താരം കാർത്തിക് ആര്യൻ. സിനിമയ്ക്ക് വേണ്ടി 18 കിലോയോളമാണ് താരം കുറച്ചത്. ശാരീരിക മാറ്റത്തിനപ്പുറം വ്യക്തിജീവിതത്തെപ്പോലും മാറ്റിമറിച്ച അനുഭവമായിരുന്നു ചിത്രമെന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

To advertise here,

മുരളീകാന്ത് പേട്കറുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ തനിക്ക് മുൻപൊരിക്കലുമില്ലാത്ത വിധം മാറേണ്ടി വന്നുവെന്ന് കാർത്തിക് പറയുന്നു. ഒരൊറ്റ പുഷ്-അപ്പ് പോലും ചെയ്യാൻ കഴിയാതിരുന്ന അവസ്ഥയിൽ നിന്നാണ് താരം കഠിനയാത്ര ആരംഭിച്ചത്.

പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി, ഒപ്പം ബോക്സിങ് പരിശീലനവും

പെർഫോമൻസ് എൻഹാൻസിങ് ഡ്രഗ്ഗുകളുടെയോ മറ്റ് കൃത്രിമ മാർഗ്ഗങ്ങളുടെയോ സഹായമില്ലാതെയായിരുന്നു കാർത്തിക്കിന്റെ മേക്കോവർ. 90 കിലോയിൽ നിന്നുമാണ് താരം 72 കിലോയിലേക്ക് ഭാരം കുറച്ചത്.

ട്രെയിനർ ത്രിദേവ് പാണ്ഡെ ഒരുക്കിയ കർശനമായ ഡയറ്റ് പ്ലാനും വ്യായാമങ്ങളുമാണ് ഇതിന് പിന്നിൽ. ഒരു പ്രൊഫഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിന് തയ്യാറെടുക്കുന്ന രീതിയിലായിരുന്നു പരിശീലനം.

  • പഞ്ചസാരയുടെ ഉപയോഗം ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.

  • 14 മാസത്തോളം നീണ്ടുനിന്ന കഠിനമായ ബോക്സിങ് പരിശീലനം.

  • തുടക്കത്തിൽ പുഷ്-അപ്പ് എടുക്കാൻ ബുദ്ധിമുട്ടിയ കാർത്തിക്ക് പിന്നീട് 50-60 കിലോ ഭാരം പുറത്തുവെച്ച് പുഷ്-അപ്പുകൾ ചെയ്യാൻ തുടങ്ങി.

‘ലോകം മറന്നുപോയ ഒരു മനുഷ്യന്റെ ഷൂസിലേക്ക് ഞാൻ കാലെടുത്തുവെച്ചത് രണ്ട് വർഷം മുൻപാണ്. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഒരു മനുഷ്യന്റെ കഥ മാത്രമല്ല ഇത്, മറിച്ച് പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാം എന്ന് എന്നെ പഠിപ്പിച്ച യാത്ര കൂടിയാണ്. ഞാൻ കുറച്ച 18 കിലോയേക്കാൾ എത്രയോ വലുതാണ് ഈ സിനിമയിലൂടെ എനിക്ക് തിരികെ ലഭിച്ച നേട്ടങ്ങൾ’- കാർത്തിക് ആര്യൻ കുറിച്ചു.

കബീർ ഖാൻ സംവിധാനം ചെയ്ത ചന്ദു ചാമ്പ്യൻ കാർത്തിക് ആര്യന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.