സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി പെരുകുന്ന കാലമാണിത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡൽഹിയിലെ ദ്വാരകയിൽ ഒരു പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായത്. ഇതുകണ്ടപ്പോൾ തന്റെ സഹോദരി കടന്നുപോയ കാലമാണ് ഓർമ വരുന്നത് എന്നുപറയുകയാണ് ബോളിവു‍ഡ് താരം കങ്കണ റണൗട്ട്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് കങ്കണ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

To advertise here,

തന്റെ കൗമാരപ്രായത്തിലാണ് സഹോദരി രം​ഗോലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നതെന്ന് പറഞ്ഞാണ് കങ്കണ കുറിക്കുന്നത്. തുടർന്ന് 52ഓളം സർജറികളാണ് രം​ഗോലിക്ക് ചെ്തത്. അനുഭവിച്ച മാനസിക ശാരീരിക ആഘാതം സങ്കൽപിക്കാവുന്നതിലും എത്രയോ അധികമാണെന്നും കങ്കണ പറയുന്നു. തങ്ങളുടെ കുടുംബം തകർന്നുപോയി. ആ കാലത്ത് തനിക്കും തെറാപ്പിയിലൂടെ കടന്നുപോകേണ്ടി വന്നുവെന്നും കങ്കണ പറയുന്നു. 

തനിക്കരികിലൂടെ ആരെങ്കിലും കടന്നുപോകുമ്പോൾ ആസിഡ് ഒഴിക്കുമോ എന്ന് ഭയന്ന് മുഖം മറയ്ക്കുമായിരുന്നു. ബൈക്കിലോ കാറിലോ അപരിചിതർ ആരെങ്കിലും തന്നെ കടന്നുപോകുമ്പോൾ ഇപ്രകാരം ചെയ്യുന്നത് ശീലമായിരുന്നുെവന്നും കങ്കണ പറയുന്നു. ഇത്തരം അതിക്രമങ്ങൾ അവസാനിക്കുന്നില്ല. ഇതിനെതിരായി സർക്കാർ ശക്തമായ നടപടി കൈക്കൊള്ളേണ്ടതുണ്ടെന്നും താരം കുറിച്ചു. 

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന സമയത്ത് ഇരുപത്തിയൊന്നു വയസ്സായിരുന്നു രം​ഗോലിയുടെ പ്രായം. രം​ഗോലിയുടെ മുഖത്തിന്റെ പാതിഭാ​ഗവും പൊള്ളലേറ്റ് കരിഞ്ഞിരുന്നു. ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമാവുകയും ഒരു ചെവി പൊള്ളലിൽ കരിഞ്ഞുപോവുകയും സ്തനത്തിന്റെ ഭാ​ഗത്ത് ​ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ചൊവ്വാഴ്ച്ചയാണ് മാസ്ക് ധാരികളായ രണ്ടു പേർ ബൈക്കിലെത്തി പന്ത്രണ്ടാം ക്ലാസ്സുകാരിയായ പെൺകുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ചത്. എട്ടുശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി നിലവിൽ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്.