ആസിഡ് ആക്രമണത്തിന്റെ കഠിനമായ വേദനകളെയും പ്രതിസന്ധികളെയും ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച രേഷം ഫാത്മ എന്ന ഉത്തർപ്രദേശുകാരിക്ക് പുതിയൊരു നേട്ടം കൂടി. ബ്രിട്ടീഷ് ഗവൺമെന്റിന്റെ അഭിമാനകരമായ ചീവനിങ് സ്കോളർഷിപ്പിന് രേഷം അർഹയായി. സ്കോളർഷിപ്പ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ആസിഡ് ആക്രമണ അതിജീവിതയാണ് രേഷം.
ലോകപ്രശസ്തമായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടാനാണ് രേഷത്തിന് പൂർണ സ്കോളർഷിപ്പോടെ അവസരം ലഭിച്ചിരിക്കുന്നത്. വർഷങ്ങൾ നീണ്ട വ്യക്തിപരമായ വെല്ലുവിളികളെ അതിജീവിച്ചതിന് ശേഷമുള്ള നേട്ടം സ്വപ്നം സാക്ഷാത്കരിക്കണമെണെന്ന് സാമൂഹിക മാധ്യമങ്ങളിൽ രേഷം പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
പത്ത് വർഷം മുമ്പ്, 2014 ഫെബ്രുവരി ഒന്നിനാണ് രേഷത്തിന്റെ ജീവിതം മാറിമറിഞ്ഞത്. പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന രേഷത്തെ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ അമ്മയുടെ ബന്ധുവായ റിയാസ് എന്നയാൾ കാറിൽ തട്ടിക്കൊണ്ടുപോയി ആസിഡ് ഒഴിക്കുകയായിരുന്നു. ലഖ്‌നൗവിലെ ഷഹീദ് പത്തിൽ വെച്ചായിരുന്നു ക്രൂരമായ ആക്രമണം. മാരകമായി പൊള്ളലേറ്റിട്ടും അതിശക്തമായ മനക്കരുത്തോടെ കാറിൽ നിന്ന് രക്ഷപ്പെട്ട രേഷം, ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലും തുടർന്ന് ആശുപത്രിയിലുമെത്തി.
പോരാട്ടത്തിന്റെ നാൾവഴികൾ
ശാരീരികവും മാനസികവുമായ വേദനകൾക്കിടയിലും രേഷം തന്റെ പഠനം ഉപേക്ഷിക്കാൻ തയ്യാറായില്ല. ചികിത്സയ്ക്കിടയിലും കഠിനാധ്വാനം ചെയ്ത് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ 87 ശതമാനം മാർക്ക് നേടി. തുടർന്ന് ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയയിലും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ഉന്നതപഠനം പൂർത്തിയാക്കി.
2015-ൽ രാജ്യത്തെ കുട്ടികൾക്കുള്ള ഏറ്റവും വലിയ ധീരതാ പുരസ്കാരമായ ഭാരത് അവാർഡ് പ്രധാനമന്ത്രിയിൽ നിന്നും രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. അന്ന് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത രേഷം മുഖ്യാതിഥിയായിരുന്ന ബരാക് ഒബാമയെ നേരിൽ കാണുകയും ചെയ്തു.
മുറിപ്പാടുകൾ തോൽവിയല്ല
തന്റെ മുറിപ്പാടുകൾ തന്നെ തളർത്തുന്നതല്ല, മറിച്ച് തന്റെ ജീവിതകഥ പറയുന്നവയാണെന്ന് രേഷം വിശ്വസിക്കുന്നു. "ഇതൊരു ലക്ഷ്യസ്ഥാനമല്ല, മറിച്ച് വലിയൊരു ലക്ഷ്യത്തിലേക്കുള്ള തുടക്കം മാത്രമാണ്," എന്ന് തന്റെ സ്കോളർഷിപ്പ് നേട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Content Highlights: Uttar Pradesh native Resham Fatma, an acid attack survivor and National Bravery Award winner, has made history by securing the prestigious UK Chevening Scholarship to pursue her Master’s degree at the London School of Economics.
Published: 03 Aug 2026, 02:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented