കരുവാരക്കുണ്ട്: അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ ഏഴുവർഷത്തിനുശേഷം പ്രതി അറസ്റ്റിൽ. ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീറിനെ (32) യാണ് പാണ്ടിക്കാട് സി.ഐ. സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. 2019-ലാണ് കേസിനാസ്പദമായ സംഭവം.

To advertise here,

സംഭവത്തെത്തുടർന്ന് കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷബീർ വിദേശത്തേക്ക് കടന്നിരുന്നു. യുവതിയുടെ മുറിവിൽനിന്ന് രാസപരിശോധനയിൽ സൾഫ്യൂരിക് ആസിഡിന്റെ അംശം കണ്ടെത്തിയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. വീണ്ടും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്താനും തെളിവെടുപ്പ് നടത്താനും നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

കരുവാരക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ. ബിന്ദു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഡാനിയൽ, ഉജേഷ്, ധന്യേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നത്.