രണ്ടാമതും പെൺകുഞ്ഞാണ് വരുന്നതെന്നും കെയ്‌ലി അറിയിച്ചു

ഇന്ത്യയിൽ ഉൾപ്പെടെ ലോകമാകെ നിരവധി ആരാധകരുള്ള സിറ്റ്‌കോമാണ് ബിഗ് ബാങ് തിയറി. അതിബുദ്ധിമാന്മാരും ശാസ്ത്രജ്ഞരുമായ ഷെൽഡൻ കൂപ്പറിന്റേയും ലിയോനാഡിന്റേയും ജീവിതത്തിലേക്ക് പെന്നി എന്ന സാധാരണക്കാരിയായ പെൺകുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ഈ സീരീസ് പറയുന്നത്. പെന്നി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് അമേരിക്കൻ നടിയായ കെയ്‌ലി ക്രിസ്റ്റീൻ കുവോക്കോ ആണ്. ഇപ്പോഴിതാ താൻ വീണ്ടും അമ്മയാകാനൊരുങ്ങുന്നുവെന്ന സന്തോഷവാർത്ത പങ്കുവെക്കുകയാണ് കെയ്‌ലി.
ഇൻസ്റ്റഗ്രാമിലൂടെയാണ് കെയ്‌ലി താനും ജീവിതപങ്കാളിയും നടനുമായ ടോം പെൽഫ്രേയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഇരുവരും മകൾ മറ്റിൽഡയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താൻ രണ്ടാമതും ഗർഭിണിയാണെന്ന് കെയ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വേറേയും നിരവധി ചിത്രങ്ങൾ കെയ്‌ലി ഒപ്പം ചേർത്തിട്ടുണ്ട്. ജെൻഡർ റിവീൽ സെലിബ്രേഷൻ, ബേബി ബംപ് കാണിക്കുന്ന മിറർ സെൽഫികൾ, ഗർഭസ്ഥശിശുവിന്റെ 3ഡി സ്‌കാനിന്റെ ചിത്രം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
'ഞങ്ങളുടെ കുടുംബം സമ്പൂർണമാകുന്നു. സ്വപ്‌നം യാഥാർഥ്യമായ നിമിഷം. രണ്ടാം തവണ ഇത് അൽപ്പം കഠിനമായിരുന്നു. എങ്കിലും ഈ നിമിഷത്തിന് ഞങ്ങൾ ഏറെ നന്ദിയുള്ളവരാണ്. കുഞ്ഞുപെങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ടോം പെൽഫ്രേ ഇനി ജീവിതകാലം മുഴുവൻ പെൺകുട്ടികളുടെ പിതാവാണ്. -ഇതാണ് 40-കാരിയായ കെയ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് കെയ്‌ലിക്കും ടോമിനും ആശംസകളും അഭിനന്ദനങ്ങളും നേർന്ന് കമന്റുകളിട്ടത്. അഭിനേതാക്കളായ ജെന്നിഫർ അനിസ്റ്റൺ, അമാൻഡ സെയ്‌ഫ്രൈഡ്, അലീസ മിലാനോ, ജെയ്‌സൺ റിറ്റർ, സാം ക്ലാഫ്‌ളിൻ തുടങ്ങിയവരെല്ലാം ആശംസാ കമന്റുകളിട്ടവരിൽ ഉൾപ്പെടുന്നു. ബിഗ് ബാങ് തിയറിയിലെ കെയ്‌ലിയുടെ സഹതാരങ്ങളായ സൈമൺ ഹെൽബർഗ്, മെലീസാ റൗച്ച്, ലോറൻ ലാപ്കസ് തുടങ്ങിയവരും 'പെന്നി'ക്ക് ആശംസകൾ നേർന്നു.
2022 മുതലാണ് കെയ്‌ലിയും ടോമും പ്രണയത്തിലാകുന്നത്. ഒസാർക്ക് എന്ന സീരീസിന്റെ പ്രീമിയറിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 'ആദ്യ കാഴ്ചയിലെ പ്രണയം' (ലൗ അറ്റ് ഫസ്റ്റ് സൈറ്റ്) എന്നാണ് കെയ്‌ലി പിന്നീട് ഇതിനെ വിശേഷിപ്പിച്ചത്. ആ വർഷം മേയിലാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. പിന്നീട് ഒക്ടോബറിൽ തങ്ങൾ ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നുവെന്ന സന്തോഷവാർത്തയും ഇരുവരും പങ്കുവെച്ചു.
Content Highlights: The Big Bang Theory actress Kaley Cuoco announced on Instagram that she is expecting her second child, a baby girl, with her partner Tom Pelphrey, sharing a family photo carousel with their daughter Matilda.
Published: 12 Jun 2026, 06:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented