ബോളിവുഡിലെ പ്രശസ്തനായ കോമഡി താരമാണ് ജോണി ലിവര്‍. സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലൂടെ പുതുതലമുറയ്ക്കും ജോണി സുപരിചിതനാണ്. ജോണ്‍ പ്രകാശ് റാവു ജനുമല എന്നാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ജോണി ലിവറിന്റെ യഥാര്‍ഥ പേര്. പിതാവ് ജോലി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനിയിലെ ഒരു പരിപാടിക്കിടെ അവിടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ജോണി മിമിക്രിയിലൂടെ അനുകരിച്ചു. ഇത് കണ്ട് ഇഷ്ടമായ അവിടത്തെ തൊഴിലാളികളാണ് അദ്ദേഹത്തെ ജോണി ലിവര്‍ എന്നുവിളിച്ചത്. പിന്നീട് സിനിമയിലെത്തിയപ്പോള്‍ അദ്ദേഹം ഈ പേര് സ്വീകരിക്കുകയായിരുന്നു. 

To advertise here,

കോമഡിയിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ജോണി ഇപ്പോള്‍ തന്നെ കണ്ണീരണിയിച്ച നിമിഷങ്ങളെ കുറിച്ച് പറയുകയാണ്. മകന്‍ ജെസ്സി ലിവറിന് കാൻസർ ബാധിച്ചതിനെ കുറിച്ചും അതിന്റെ ചികിത്സാവേളയില്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളെ കുറിച്ചുമെല്ലാമാണ് ജോണി ഒരു പോഡ്കാസ്റ്റില്‍ മനസ് തുറന്നത്. ജെസ്സിക്ക് കഴുത്തിലാണ് ട്യൂമര്‍ ബാധിച്ചത്. പലവിധ ചികിത്സകള്‍ക്കും ശസ്ത്രക്രിയയ്ക്കും വിധേയനായെങ്കിലും ഭേദമായില്ല. മാത്രമല്ല, അപ്പോഴേക്ക് അത് ഞരമ്പുകളിലേക്ക് പടരുകയും ചെയ്തിരുന്നുവെന്ന് ജോണി പറയുന്നു. 

'കഴുത്തില്‍ ട്യൂമര്‍ ബാധിച്ച എന്റെ മകന്‍ പലവിധ ചികിത്സകള്‍ക്കും ഒരു ശസ്ത്രക്രിയയ്ക്കും വിധേയനായി. എന്നാല്‍ ഞരമ്പുകളിലേക്ക് കൂടി പടര്‍ന്നതിനാല്‍ അത് നീക്കം ചെയ്യാന്‍ കഴിയില്ലായിരുന്നു. കാഴ്ച നഷ്ടപ്പെടാനോ എന്നെന്നേക്കുമായി കിടപ്പിലാകാനോ സാധ്യതയുള്ളതിനാല്‍ ഇനിയൊരു ശസ്ത്രക്രിയ സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞു.' -ജോണി ലിവര്‍ പറഞ്ഞു. 

'എന്റെ മകന്‍ തുറന്ന മുറിവുകളോടെ ആശുപത്രിക്കിടക്കയില്‍ കിടക്കുന്നത് ഞാന്‍ കണ്ടു. അവന് നല്‍കാനായുള്ള മരുന്ന് ഡോക്ടര്‍മാര്‍ തന്നു. ഓരോ ദിവസവും 40-50 ഗുളികകള്‍. എന്നാല്‍ അതൊന്നും ഫലിച്ചില്ല. കാൻസർ പടരുന്നത് തുടര്‍ന്നുകൊണ്ടിരുന്നു.' -ജോണി തുടര്‍ന്നു. 

പിന്നീട് താനും കുടുംബവും യുഎസ്സിലേക്ക് പോയെന്ന് ജോണി പറയുന്നു. അവിടെ ഒരു പുരോഹിതനെ കണ്ടുമുട്ടി. ജെസ്സിയുടെ അവസ്ഥ അറിഞ്ഞ അദ്ദേഹം സ്‌ലൊവാന്‍ കെറ്റെറിങ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞു. നര്‍ഗീസ് ദത്ത് ചികിത്സ തേടിയ അതേ ആശുപത്രി. ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ മുന്നറിയിപ്പും ജെസ്സിയുടെ അമ്മയുടെ ആശങ്കയും നിലനില്‍ക്കെ ജെസ്സിക്ക് വീണ്ടുമൊരു ഓപ്പറേഷന്‍ നടത്താന്‍ താന്‍ തീരുമാനിച്ചുവെന്നും ജോണി പറഞ്ഞു. 

'ഓപ്പറേഷന്‍ തുടങ്ങി. ഞാനാണ് ഓപ്പറേഷന്‍ തിയേറ്ററിലെന്ന പോലെ ഞാന്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു. എനിക്ക് ഭ്രാന്തായെന്ന് പോലും എന്റെ ഭാര്യയ്ക്ക് തോന്നിപ്പോയിരുന്നു. കുറച്ച് സമയം കഴിഞ്ഞ് അവര്‍ അവനെ പുറത്തേക്ക് കൊണ്ടുവന്നു. അവന്‍ ഇടതുകൈ ഉയര്‍ത്തി തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് എന്നോട് ആംഗ്യം കാണിച്ചു. അവര്‍ അവന്റെ ശരീരത്തിലെ ട്യൂമര്‍ പൂര്‍ണമായി നീക്കം ചെയ്തിരുന്നു. അവന്റെ കഴുത്തില്‍ ഒരു ചെറിയ ബാന്‍ഡേജ് മാത്രമാണ് അവശേഷിച്ചിരുന്നത്.' -ജോണി ലിവര്‍ പറഞ്ഞു. 

പൂര്‍ണമായും ട്യൂമറില്‍ നിന്ന് മുക്തി നേടിയ ജെസ്സി ഇപ്പോള്‍ അഭിനേതാവ് കൂടിയാണ്. കൂടാതെ സോഷ്യല്‍ മീഡിയയിലും സജീവമാണ് ജെസ്സി. അതേസമയം ജോണിയുടെ മകള്‍ ജാമി അച്ഛന്റെ കാലടികള്‍ പിന്തുടര്‍ന്ന് കോമഡിയുടെ വഴിയിലാണ്.