
സ്ത്രീകള്‍ മാത്രം പങ്കെടുത്ത ലോകത്തെ ആദ്യ ബഹിരാകാശ ദൗത്യം ന്യൂ ഷെപ്പേഡ് 31 കഴിഞ്ഞദിവസമാണ് വിജയകരമായി വിക്ഷേപിച്ചതും തിരിച്ചിറങ്ങിയതും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആമസോണിന്റെ ഉടമ ജെഫ് ബെസോസിന്റെ എയ്‌റോ സ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ ആണ് ദൗത്യം നടത്തിയത്. ആറ് വനിതകളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ഇതില്‍ ജെഫ് ബെസോസിന്റെ കാമുകി ലോറന്‍ സാഞ്ചസും ഉണ്ടായിരുന്നു.
ടെക്‌സാസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയ്ക്കാണ് ന്യൂ ഷെപ്പേഡ് 31 വിക്ഷേപിച്ചത്. ഭൂമിയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള സബ് ഓര്‍ബിറ്റല്‍ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്. ഇതിനുശേഷം സംഘത്തേയും വഹിച്ചുകൊണ്ട് ക്യാപ്‌സ്യൂള്‍ തിരിച്ച് ഭൂമിയിലിറങ്ങി.
ബഹിരാകാശത്തുപോയി തിരിച്ചിറങ്ങിയ തന്റെ കാമുകിയെ കാണാനായി അത്യധികം ആവേശത്തോടെ ഓടിയെത്തിയ ജെഫ് ബെസോസിനെ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തന്റെ സ്ഥാപനത്തിന്റെ ചരിത്രപരമായ ബഹിരാകാശദൗത്യം വിജയിച്ചതിന്റെ സന്തോഷത്തേക്കാള്‍ തന്റെ പ്രതിശ്രുതവധുവിനോട് ബഹിരാകാശത്തേക്കാള്‍ ഉയരെയുള്ള പ്രണയമായിരുന്നു ജെഫിന്റെ മനസിലപ്പോള്‍.
ക്യാപ്‌സ്യൂളിന്റെ വാതില്‍ തുറന്ന ഉടന്‍ തന്റെ കാമുകിയെ ആശ്ലേഷിക്കാനായി കൈകള്‍ വിടര്‍ത്തി അദ്ദേഹം നിന്നു. പുറത്തിറങ്ങിയ ലോറന്‍ സാഞ്ചസ് തന്റെ പ്രിയതമനടുത്തേക്ക് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. സന്തോഷം അടക്കാന്‍ കഴിയാതെ ജെഫ് ബെസോസ് തന്റെ കാമുകിയെ പലതവണ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല തന്റെ ബഹിരാകാശ യാത്രയെന്ന് ലോറന്‍ സാഞ്ചസ് പിന്നീട് പറഞ്ഞു. വളരെ നിശ്ശബ്ദമായാണ് ഭൂമി കാണപ്പെട്ടത്, എന്നാല്‍ ഏറെ സജീവമായതും. ഈ യാത്ര എത്രത്തോളം എന്നെ മാറ്റിമറിക്കുമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് ലോറന്‍ സാഞ്ചസ് പറഞ്ഞു.
ലോറന്‍ സാഞ്ചസാണ് ബഹിരാകാശത്ത് പോയ വനിതാ സംഘത്തെ നയിച്ചത്. ഇവരെ കൂടാതെ പോപ്പ് ഗായിക കാറ്റി പെറി, സിബിഎസ് അവതാരക ഗെയില്‍ കിങ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ എന്‍ഗുയിന്‍, ചലച്ചിത്ര നിര്‍മാതാവ് കെരിയാന ഫ്ളിന്‍, നാസയിലെ മുന്‍ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരാണ് ദൗത്യത്തിലുണ്ടായിരുന്നത്.
Content Highlights: Jeff Bezos Hugs Fiancee As She Returns To Earth After Space Flight: Video
Published: 15 Apr 2025, 10:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented