ടി20 ലോകകപ്പിൽ പാകിസ്താനെ ഇന്ത്യ തറ പറ്റിച്ച ഞായറാഴ്ചത്തെ മത്സരത്തിൽ തിളങ്ങിയ താരമാണ് കീപ്പർ കൂടിയായ ഇഷാൻ കിഷൻ. 40 പന്തിൽ 77 റൺസ് നേടിക്കൊണ്ട് ഗംഭീരമായ തിരിച്ചുവരവ് നടത്തിയ ഇഷാൻ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പ്രണയം സ്ഥിരീകരിക്കുകയാണ് കുടുംബം. മോഡലായ അദിതി ഹുണ്ടിയയാണ് ഇഷാന്റെ കാമുകിയെന്ന് ഇഷാന്റെ മുത്തച്ഛൻ പറഞ്ഞു. ബിഹാറിലെ ഔറംഗാബാദിൽ വാർത്താ ഏജൻസിയായ എഎൻഐയോടാണ് ഇഷാൻ കിഷന്റെ മുത്തച്ഛനായ അനുരാഗ് പാണ്ഡെ ഇക്കാര്യം പറഞ്ഞത്.

To advertise here,

ഇഷാൻ ആരെയാണ് വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിലും അത് താൻ അംഗീകരിക്കുമെന്നും അനുരാഗ് പാണ്ഡെ പറഞ്ഞു. 'അവന്റെ തീരുമാനമാണ് എന്റേയും തീരുമാനം. അവൻ ആരെയാണോ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത്, ആ ആളെ ഞാൻ പൂർണമായി അംഗീകരിക്കും. ഞങ്ങൾ എല്ലാവരും അവന്റെ ഇഷ്ടത്തെ അംഗീകരിക്കും. അദിതി അവന്റെ കാമുകിയാണ്. അവളൊരു മോഡലാണ്. കുട്ടികളുടെ സന്തോഷമെന്താണോ അത് നമ്മൾ അംഗീകരിക്കണം.' -അനുരാഗ് പാണ്ഡെ എഎൻഐയോട് പറഞ്ഞു.

ആരാണ് അദിതി ഹുണ്ടിയ?

ജയ്പുർ സ്വദേശിയായ അദിതി ഹുണ്ടിയ 2017-ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിലെ ഫൈനലിസ്റ്റാണ്. 2018-ലെ മിസ് ദിവ സൂപ്പർനാഷണൽ കിരീടം നേടി വാർത്തകളിൽ നിറഞ്ഞ അദിതി, ലേബൽ അദിതി ഹുണ്ടിയ എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ഥാപക കൂടിയാണ്.

ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ജയ്പുരിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദിതി, ജയ്പുരിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ നിന്ന് ബിബിഎ ബിരുദം നേടി. അമ്മ ബബിതാ ഹുണ്ടിയ, അച്ഛൻ ലളിത്, സഹോദരൻ യാഷ് ഹുണ്ടിയ എന്നിവരടങ്ങുന്നതാണ് അദിതിയുടെ കുടുംബം. വ്യക്തിജീവിതത്തെ പൊതു ഇടങ്ങളിൽ കൊണ്ടുവരാൻ താത്പര്യമില്ലാത്തയാളാണ് അദിതി.

ഇൻസ്റ്റഗ്രാമിൽ രണ്ടേമുക്കാൽ ലക്ഷത്തോളം ഫോളോവർമാരാണ് അദിതിക്കുള്ളത്. 16 കോടി രൂപ മുതൽ 25 കോടി രൂപ വരെയാണ് അദിതിയുടെ ആസ്തിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.