ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് പല വീഡിയോകളും വിദേശ വ്‌ളോഗര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇന്ത്യയില്‍ വിനോദസഞ്ചാരിയായി എത്തുമ്പോഴും മറ്റും പകര്‍ത്തുന്ന വീഡിയോകളായിരിക്കും ഇതില്‍ അധികവും. അത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

To advertise here,

 

താന്‍ കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കാന്‍ ഒരു ഇന്ത്യക്കാരന്‍ തന്നെ സമ്മതിക്കാത്തതാണ് ഈ വീഡിയോയില്‍ വ്‌ളോഗര്‍ പകര്‍ത്തിയിരിക്കുന്നത്. ജെയ് എന്ന് പേരുള്ള വ്‌ളോഗറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ആതിഥ്യമര്യാദ എന്നാണ് വീഡിയോയില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. 'ഇന്ത്യക്കാര്‍ നിങ്ങളെ പണം അടയ്ക്കാന്‍ അനുവദിക്കാത്തപ്പോള്‍' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

 

നമുക്ക് ബില്ല് വാങ്ങിയാലോ എന്നും താന്‍ മുഴുവന്‍ പണവും അടയ്ക്കാമെന്നും ജെയ് പറയുന്നുണ്ട്. എന്നാല്‍ മറുവശത്തിരിക്കുന്ന ഇന്ത്യക്കാരന്‍ അദ്ദേഹത്തെ അതിന് അനുവദിക്കുന്നില്ല. പണം നല്‍കാനുള്ള ജെയിയുടെ എല്ലാ ശ്രമങ്ങളേയും അവഗണിച്ച് അയാള്‍ താന്‍ പൈസ അടയ്ക്കാമെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഒരു ഘട്ടത്തില്‍, ജെയ് കാഷ്യറുടെ അടുത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ കൈപിടിച്ച് വെയ്ക്കുന്നതും വീഡിയോയില്‍ കാണാം.

 

രണ്ട് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ 15 ലക്ഷം പേരാണ് കണ്ടത്. അര ലക്ഷത്തോളം പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്. ഒട്ടേറെപ്പേര്‍ ഇന്ത്യക്കാരനെ അഭിനന്ദിച്ച് കമന്റും ചെയ്തിട്ടുണ്ട്. 'വിദേശത്തുള്ള ഞങ്ങളെപ്പോലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഫേകളിലോ പ്രീമിയം റെസ്റ്റോറന്റുകളിലോ കയറുമ്പോള്‍, ഞങ്ങള്‍ക്ക് പലപ്പോഴും വിചിത്രമായ നോട്ടങ്ങള്‍ ലഭിക്കാറുണ്ട്. പക്ഷേ, ഞങ്ങള്‍ ഞങ്ങളുടെ അതിഥികളെ ദൈവങ്ങളെപ്പോലെ പരിപാലിക്കുന്നത് ഒരിക്കലും നിര്‍ത്തില്ല. അതിഥി ദേവോ ഭവഃ എന്നാണ് ഞങ്ങളുടെ പൂര്‍വ്വികര്‍ ഞങ്ങളെ പഠിപ്പിച്ചത്' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. 'ഭായ്, നിങ്ങള്‍ ചോദിക്കരുത്, രഹസ്യമായി പോയി പണമടയ്ക്കണം. ഇപ്പോള്‍ അതുമാത്രമാണ് ഏക വഴി' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.