രു ഹോണ്‍ ശബ്ദം പോലും കേള്‍ക്കാനില്ല.. പോളണ്ട് സന്ദര്‍ശനത്തിനിടെ തിരക്കേറിയ ഒരു കവലയില്‍നിന്ന് പകര്‍ത്തിയ വീഡിയോയില്‍ ഇന്ത്യക്കാരനായ കുനാല്‍ ദത്ത് ആശ്ചര്യത്തോടെ ചൂണ്ടിക്കാട്ടുന്നതാണ് ഇക്കാര്യം. കാറുകളും ബസുകളും കാല്‍നടയാത്രക്കാരും ധാരാളം ഉണ്ടായിരുന്നിട്ടും അന്തരീക്ഷം ശാന്തവും നിശബ്ദവുമാണെന്ന് അദ്ദേഹം പറയുന്നു. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ഈ വീഡിയോ ഇന്ത്യയിലെയും യൂറോപ്പിലെയും റോഡ് ഉപയോഗിക്കുന്നവര്‍ പാലിക്കുന്ന മര്യാദകളും ശബ്ദകോലാഹലത്തിലെ വ്യത്യാസവും അടക്കമുള്ളവയെക്കുറിച്ചുള്ള വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചത്. പോളണ്ടിലെ നിശബ്ദവും അച്ചടക്കത്തോടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നതുമായ തെരുവുകളും ഇന്ത്യയിലെ ഗതാഗതക്കുരുക്കുള്ളതും കാതടപ്പിക്കുന്ന ഹോണ്‍ ശബ്ദങ്ങള്‍ നിറഞ്ഞതുമായ അന്തരീക്ഷവും തമ്മിലുള്ള പ്രകടമായ വ്യത്യാസം എടുത്തുകാട്ടുന്നതാണ് കുനാല്‍ ദത്തിന്റെ വീഡിയോ.

To advertise here,

പോളണ്ടിലെ തിരക്കേറിയ ഒരു ജങ്ഷനില്‍ ഏറ്റവും തിരക്കുള്ള സമയത്തുപോലും ശബ്ദമലിനീകരണം ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ''ഒരു ഹോണ്‍ പോലും കേള്‍ക്കാനില്ല,'' കാറുകളും ബസുകളും കാല്‍നടയാത്രക്കാരും ഉണ്ടായിരുന്നിട്ടും അന്തരീക്ഷം ശാന്തവും നിശബ്ദവുമാണ്. പോളണ്ടിലെ ഡ്രൈവര്‍മാര്‍ ക്രോസിങ്ങുകളില്‍ ക്ഷമയോടെ കാത്തുനില്‍ക്കുകയും, കാല്‍നടയാത്രക്കാര്‍ക്ക് വഴി യൊരുക്കുകയും, നിരന്തരം ഹോണ്‍ ഉപയോഗിക്കാതെ ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കുകയും ചെയ്യുന്നതെങ്ങനെയെന്നും അദ്ദേഹം വിശദീകരിക്കുന്നു. പോളണ്ടില്‍ ഹോണ്‍ അടിക്കുന്നത് അനാവശ്യമായ ശബ്ദമുണ്ടാക്കലായി കണക്കാക്കപ്പെടുന്നുവെന്നും ഡ്രൈവര്‍മാര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഹോണ്‍ ഉപയോഗിക്കാറുള്ളൂ എന്നും അദ്ദേഹം കുറിച്ചു.

ഇന്ത്യയിലെ സാഹചര്യവുമായി അദ്ദേഹം ഇതിനെ താരതമ്യപ്പെടുത്തുകയും ചെയ്തു. ഇന്ത്യയില്‍ വാഹനത്തിരക്കേറിയ റോഡിലൂടെ കടന്നുപോകാനും മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അല്ലെങ്കില്‍ നിരാശ പ്രകടിപ്പിക്കാനുമുള്ള ഒരു മാര്‍ഗ്ഗമായി ഹോണ്‍ അടിക്കുന്നത് സാധാരണമാണ്. ഇത്തരത്തില്‍ ഹോണ്‍ അടിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുന്നവര്‍ എപ്പോഴും അവരെപ്പോലെയുള്ള മറ്റുളളവരെ ന്യായീകരിക്കുമെന്നും ദത്ത് വീഡിയോയുടെ അടിക്കുറിപ്പില്‍ എഴുതി.

ഈ വീഡിയോ പ്രവാസി ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്കിടയില്‍ വന്‍ പ്രതികരണമാണ് സൃഷ്ടിച്ചത്. അവര്‍ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയും നാട്ടില്‍ മെച്ചപ്പെട്ട ട്രാഫിക് അച്ചടക്കം ആവശ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ശബ്ദമലിനീകരണം നിയമം നടപ്പാക്കുന്നതിലെ പോരായ്മകളും പൊതുസ്ഥലത്തെ പെരുമാറ്റ മര്യാദകളെക്കുറിച്ചുള്ള അജ്ഞതയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചില ഉപയോക്താക്കള്‍ പറഞ്ഞു.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്നും തിരക്കേറിയ റോഡുകള്‍, ആസൂത്രണമില്ലാത്ത അടിസ്ഥാന സൗകര്യങ്ങള്‍, പ്രവചിക്കാനാകാത്ത കാല്‍നടയാത്രക്കാരുടെ പെരുമാറ്റം എന്നിവ പലപ്പോഴും ഹോണ്‍ അടിക്കുന്നത് അത്യാവശ്യമാക്കി മാറ്റുന്നുവെന്ന് മറ്റുചിലര്‍ വാദിച്ചു. 'നമ്മുടെ രാജ്യത്ത് ഹോണ്‍ അടിക്കുന്നത് അത്യാവശ്യമാണ്. കാരണം റോഡില്‍ കാഴ്ചയില്ലാത്തവരെയും കേള്‍വിയില്ലാത്തവരെയും കാണാം. നിങ്ങള്‍ ഹോണ്‍ അടിച്ചില്ലെങ്കില്‍, റോഡിലൂടെ നടക്കുന്ന കേള്‍വിയില്ലാത്തയാള്‍ക്ക് ശ്രദ്ധിക്കുന്നതിനായി നിങ്ങള്‍ ഹോണ്‍ അടിക്കണമായിരുന്നു എന്ന് പറഞ്ഞ് നിങ്ങളെ കുറ്റപ്പെടുത്തും'.- ചിലര്‍ അഭിപ്രായപ്പെട്ടു.