ഭാരമേറിയ വാഹനങ്ങള്‍ക്ക് അംഗീകൃത പേ ആന്‍ഡ് പാര്‍ക്കിങ് സൗകര്യങ്ങളിലോ സ്വകാര്യ പാര്‍ക്കിങ് സ്ഥലങ്ങളിലോ വാടകയ്‌ക്കെടുത്ത പാര്‍ക്കിങ് സ്ഥലങ്ങളിലോ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ കഴിയൂ.

പ്രതീകാത്മക ചിത്രം | Photo: ANI
മുംബൈ: ഗതാഗതക്കുരുക്ക് ലഘൂകരിച്ച് വാഹനഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ട് മുംബൈ ട്രാഫിക് പോലീസ് പുതിയ ഗതാഗതനിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങി. ഇതുപ്രകാരം വലിയ വാഹനങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പാർക്കിങ് മാനദണ്ഡങ്ങളും കർശനമാക്കി. ടൂറിസ്റ്റ് മേഖലകൾ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലെ വാഹനഗതാഗതത്തിനും നിയന്ത്രണമുണ്ട്. പുതിയ ഉത്തരവിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങളുടെ പ്രവേശനത്തിനുള്ള നിയന്ത്രണമാണ്.
പാർക്കിങ് നിയമം കർശനം
നഗരത്തിൽ പാർക്കിങ് നിയമങ്ങളും കർശനമാക്കി. ഭാരമേറിയ വാഹനങ്ങൾക്ക് അംഗീകൃത പേ ആൻഡ് പാർക്കിങ് സൗകര്യങ്ങളിലോ സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിലോ വാടകയ്‌ക്കെടുത്ത പാർക്കിങ് സ്ഥലങ്ങളിലോ മാത്രമേ പാർക്ക് ചെയ്യാൻ കഴിയൂ. പൊതുസ്ഥലങ്ങളിൽ വാട്ടർ ടാങ്കറുകൾ പാർക്ക് ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ, ഒരു നിശ്ചിതസമയത്ത് ജലവിതരണകേന്ദ്രങ്ങൾക്കു സമീപം രണ്ടിൽ കൂടുതൽ ടാങ്കറുകൾ പാർക്ക് ചെയ്യാൻ പാടില്ല. തിരക്കേറിയ വാണിജ്യമേഖലകളിലും കവലകൾക്കു സമീപവും അനധികൃത പാർക്കിങ് നടത്തിയാൽ പിഴയും വാഹനം പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അവശ്യസേവനങ്ങൾക്ക് തടസ്സമില്ല
അവശ്യസേവനങ്ങൾക്ക് തടസ്സമില്ലെന്ന് ഉറപ്പാക്കാൻ ചില വിഭാഗത്തിലുള്ള വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ആംബുലൻസുകൾ, സ്‌കൂൾബസുകൾ, സർക്കാർ അല്ലെങ്കിൽ അർധസർക്കാർ വാഹനങ്ങൾ, പച്ചക്കറികൾ, പാൽ, ബ്രെഡ്, ബേക്കറി ഉത്പന്നങ്ങൾ, കുടിവെള്ളം, പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയെയാണ് ഒഴിവാക്കിയിട്ടുള്ളത്.
സൗത്ത് മുംബൈ ഒഴികെ നഗരത്തിലുടനീളം ആഡംബരബസുകൾക്ക് സർവീസ് നടത്താൻ അനുവാദമുണ്ട്. പ്രധാന ഓഫീസുകൾ, സർക്കാർ ഓഫീസുകൾ, പൈതൃകകേന്ദ്രങ്ങൾ, ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഉയർന്ന ജനസാന്ദ്രതയുള്ള മേഖലകളിൽ പുതിയ ഗതാഗതനിയന്ത്രണം ശ്രദ്ധേയമായ സ്വാധീനം ചെലുത്തും.
കൊളാബ, ഗേറ്റ്വേ ഓഫ് ഇന്ത്യ, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സി.എസ്.ടി.) തുടങ്ങിയ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന പ്രദേശങ്ങൾ വിനോദസഞ്ചാരികൾക്ക് അനുയോജ്യമാക്കുന്നതിനായി നിയന്ത്രിത വാഹനപ്രവേശനം ഈ സ്ഥലങ്ങളിലുണ്ടാകും. പുതിയ നിയമങ്ങൾ മുൻപത്തെക്കാൾ കർശനമായിരിക്കുമെന്ന് മുംബൈ ട്രാഫിക് പോലീസ് അറിയിച്ചു.
നിയന്ത്രിതമേഖലകളിലോ നിരോധിതസമയങ്ങളിലോ ഓടുന്ന ഹെവി വാഹനങ്ങൾക്ക് പിഴ, അല്ലെങ്കിൽ വാഹനം കണ്ടുകെട്ടൽ എന്നിവ നേരിടേണ്ടിവന്നേക്കാം. ഒട്ടേറെ യാത്രക്കാർ ഈ നീക്കത്തെ സ്വാഗതംചെയ്തിട്ടുണ്ട്. എങ്കിലും തിരക്കേറിയ സമയത്തെ നിയന്ത്രണങ്ങൾകാരണം ഉണ്ടാകാവുന്ന വിതരണകാലതാമസത്തെക്കുറിച്ച് ട്രാൻസ്‌പോർട്ടർമാരും ലോജിസ്റ്റിക്‌സ് ഓപ്പറേറ്റർമാരും ആശങ്കയുന്നയിച്ചിട്ടുണ്ട്.
Content Highlights: Mumbai Traffic Police enforce new rules to ease congestion. Strict parking regulations, restrictions on heavy vehicles, and essential service exemptions.
Published: 02 Feb 2026, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented