കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍വെച്ച് യുവതി ഓട്ടോറിക്ഷാ ഡ്രൈവറെ ചെരുപ്പൂരി അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബിഹാര്‍ സ്വദേശിയായ പാങ്കുരി മിശ്ര എന്ന യുവതിയാണ് ഓട്ടോ ഡ്രൈവറായ ലോകേഷിനെയാണ് അടിച്ചത്. പാങ്കുരി രോഷാകുലയായി ലോകേഷിനോട് സംസാരിക്കുന്നതും ചെരുപ്പൂരി മുഖത്തും ശരീരത്തിലുമെല്ലാം അടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതോടെ പാങ്കുരിക്കെതിരെ ഒട്ടേറെപ്പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

To advertise here,

ഇതിന് പിന്നാലെ ലോകേഷിനോട് മാപ്പ് ചോദിക്കുന്ന പാങ്കുരിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ആളുകള്‍ക്ക് മുന്നില്‍വെച്ച് കന്നഡ ഭാഷയില്‍ പാങ്കുരി മാപ്പ് പറയുന്നതാണ് വീഡിയോയിലുള്ളത്. താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭം അലസിപ്പോകുമോ എന്ന പേടി കാരണമാണ് അത്തരത്തില്‍ ദേഷ്യപ്പെട്ടെതെന്നും യുവതി പറയുന്നു.

'ഞാനൊന്നും മന:പൂര്‍വ്വം ചെയ്തതല്ല. മാപ്പ് ചോദിക്കുന്നു. ഞാന്‍ ഗര്‍ഭിണിയാണ്. ഗര്‍ഭം അലസിപ്പോകുമോ എന്ന പേടി കാരണമാണ് അത്തരത്തില്‍ പെരുമാറിയത്. ബെംഗളൂരു ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലമാണ്. ഇവിടുത്തെ സംസ്‌കാരത്തേയും ആളുകളേയും ഒരുപാട് ഇഷ്ടമാണ്. എല്ലാവരും ഞങ്ങളോട് ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഓട്ടോ ഡ്രൈവര്‍മാരെ ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍.' -പാങ്കുരി വീഡിയോയില്‍ പറയുന്നു. 

തെക്ക് കിഴക്കന്‍ ബെംഗളൂരുവിലെ ബെല്ലന്ദൂരിലെ ഒരു ട്രാഫിക് സിഗ്‌നലിന് സമീപം ശനിയാഴ്ച വൈകുന്നേരം ഏകദേശം നാല് മണിയോടെയാണ് പാങ്കുരി, ലോകേഷിനെ ആക്രമിച്ചത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു പാങ്കുരി. തുടര്‍ന്ന് ലോകേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ലോകേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പാങ്കുരിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. 

യുവതിയെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തു. പോലീസ് കേസ് ഭയന്നാണ് യുവതിയും ഭര്‍ത്താവും മാപ്പ് പറഞ്ഞതെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണം എന്നും ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗര്‍ഭിണിയായതിനാല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാകുമെന്നും അതുകൊണ്ടായിരിക്കാം അത്തരത്തില്‍ പ്രതികരിച്ചതെന്നും ഒരാള്‍ കമന്റ് ചെയ്തു.