യോ യോ ഹണി സിങ്ങിന്റെ ആഡംബരജീവിതത്തെക്കുറിച്ച് വിശേഷണങ്ങളുടെ ആവശ്യമില്ല. ബോളിവുഡ് സംഗീത ലോകത്ത് റാപ്പര്‍, പോപ്പ് ഗായകന്‍,സംഗീത സംവിധായകന്‍, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളിലെല്ലാം ആരാധകരെ സമ്പാദിച്ച സെലിബ്രിറ്റിയാണ് അദ്ദേഹം. ഇപ്പോഴിതാ ദുബായില്‍ ഒരു പാര്‍ട്ടിയ്ക്കായി രാത്രി 38 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

To advertise here,

അടുത്തിടെ മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആഡംബരജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. തന്റെ എട്ടു സുഹൃത്തുക്കളോടൊപ്പമാണ് അദ്ദേഹം പാര്‍ട്ടിയാഘോഷിക്കാന്‍ ദുബായ് ക്ലബ്ബില്‍ പോയത്. ആ പ്രത്യേക രാത്രി പാര്‍ട്ടിയുടെ ബില്ലടയ്ക്കാന്‍ താന്‍ മൂന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

'എന്റെ ജീവിതത്തില്‍ പാര്‍ട്ടികള്‍ക്കായി ഒരുപാട് പണം ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. ഭീമമായ ബില്ലുകള്‍ അടച്ചുതീര്‍ത്തിട്ട് പലപ്പോഴും വെറും കൈയ്യോടെയാണ് വീട്ടിലേയ്ക്ക് മടങ്ങുക. ദുബായിലെ ഈ പാര്‍ട്ടി 2013-ലായിരുന്നു. അന്ന് ഞാനും എട്ടു സുഹൃത്തുകളുമുണ്ടായിരുന്നു.എല്ലാവരും നന്നായി മദ്യപിക്കുന്നവരായിരുന്നു. അന്നൊക്കെ  പാര്‍ട്ടി വളരെ ചിലവേറിയതായിരുന്നു. ദുബായിലെ പാര്‍ട്ടികള്‍ ഇപ്പോളെല്ലാം ചീപ്പായിരിക്കുന്നു,'' ഹണിസിങ് പറഞ്ഞു.

"ഞങ്ങളോടൊപ്പം അന്ന് മറ്റു ടേബിളില്‍ നിന്നുള്ള പെണ്‍കുട്ടികളും കൂടി. ഞങ്ങളുടെ ടേബിളില്‍ 23 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും അങ്ങനെയായി. ഇത്രയുമധികം ആളുകള്‍ ഒരുമിച്ചിരിക്കാന്‍  ഞങ്ങള്‍ നാല് ടേബിളുകള്‍ ചേര്‍ത്തിട്ടു. കുപ്പികള്‍ വന്നുകൊണ്ടേയിരുന്നു. അന്നെനിക്ക്  38 ലക്ഷം രൂപയുടെ ബില്ല് കിട്ടി അതും ഒരു രാത്രികൊണ്ട് അടച്ചുതീര്‍ക്കാനുള്ളത്. എനിക്ക് മൂന്ന് ക്രെഡിറ്റ് കാര്‍ഡുകളാണ് അന്ന് ഉപയോഗിക്കേണ്ടി വന്നത്", അദ്ദേഹം വ്യക്തമാക്കി.

ദുബായിലെ വന്‍കിടക്ലബുകളില്‍ സൗന്ദര്യവും ആകര്‍ഷത്വമുള്ള പെണ്‍കുട്ടികള്‍ക്ക്  പണം നല്‍കി പാര്‍ട്ടികളിലെത്തിക്കുമായിരുന്നു. അവര്‍ ഇത്തരം പാര്‍ട്ടികളില്‍ സ്ഥിരമായിരുന്നു. നന്നായി പണം ചെലവിടുന്നവരോടൊപ്പം അവര്‍ പാര്‍ട്ടി ചെയ്യുകയും മദ്യം കഴിക്കുകയും ചെയ്യുമെന്നും യോയോ ഹണിസിങ് പറഞ്ഞു.

ഹണി സിംഗിന്റെ  പുതിയ ആല്‍ബമായ 'ഗ്ലോറി' പുറത്തിറങ്ങിയത് ഓഗസ്തിലാണ്. ലാറ്റിനമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ കലാകാരന്മാരും ഇന്ത്യയിലെ നാടോടി ഗായകരും ഇതില്‍ അണി നിരന്നിട്ടുണ്ട്.