കണ്ണൂർ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ പോലീസ്. ആഘോഷത്തിനായി ജനങ്ങൾ ഒത്തുകൂടുന്ന ബീച്ച്, പാർക്ക്, മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണം തുടങ്ങി. ആവശ്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നവരെയും പിടികൂടും.
ഡിജെ പാർട്ടി നടക്കുന്ന ഹോട്ടലുകൾക്ക് പോലീസ് പ്രത്യേക മാർഗനിർദേശം നൽകിയിട്ടുണ്ട്. ജില്ലയുടെ കടൽത്തീരങ്ങളിൽ കൂടുതർ പോലീസിനെ വിന്യസിക്കും. കടലിൽ കുളിക്കുന്നതും അപകടം വരുന്ന രീതിയിൽ കടപ്പുറത്തുള്ള ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടങ്ങളും ഒഴിവാക്കാൻ പോലീസ് നിർദേശം നൽകി. രാത്രി 10-നുശേഷം ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ട്. ബീച്ച് ഫെസ്റ്റ് നടക്കുന്ന സ്ഥലങ്ങളിലെ സംഘാടകർക്ക് പോലീസ് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. പയ്യാന്പലം, ചാൽബീച്ച്, മുഴപ്പിലങ്ങാട്. ചൂട്ടാട് ബീച്ച്, തലായി എന്നിവിടങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. വാഹനങ്ങളിൽ പോലീസ് 24 മണിക്കൂറും പട്രോളിങ് നടത്തും.
ആഘോഷം അതിരുകടന്നാൽ നടപടി
ആഘോഷങ്ങൾ അതിരുകടന്നാൽ കർശനമായി നേരിടുമെന്ന് സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് പറഞ്ഞു. അപകടമുണ്ടാക്കുന്ന രീതിയിലുള്ള ആഘോഷങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സൈസും രംഗത്ത്
ജില്ലയിൽ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് എക്‌സൈസ് വിവിധ കർമപരിപാടികൾ തയ്യാറാക്കി. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവില്പന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു. ഇതര സംസ്ഥാന ബസുകൾ, മറ്റു യാത്രാവാഹനങ്ങൾ എന്നിവ പരിശോധിക്കും.
സ്‌ട്രൈക്കിങ് ഫോഴ്സുകൾ, ജില്ലാതലത്തിൽ കൺട്രോൾ റൂം, ഹൈവേകളിലെ വാഹനപരിശോധനയ്ക്ക് പ്രത്യേക ഹൈവേ പട്രോൾ ടീം എന്നിവയും പ്രവർത്തിക്കും. ആവശ്യമെങ്കിൽ പോലീസ്, വനം, റവന്യൂ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും.
Content Highlights: Kannur Police heighten security for New Year`s Eve celebrations. Increased police presence at beaches, parks, and DJ parties. Strict surveillance on drunk driving and stunts. Ensuring a safe festive season.
Published: 31 Dec 2025, 08:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented