ലക്ഷ്വറി ഫാഷൻ ഹൗസായ ​ഗൂചിക്കെതിരെ വിമർശനം ഉയരുന്നു. പരസ്യചിത്രത്തിനായി യഥാർഥ കടുവയെ ഉപയോ​ഗിച്ചതാണ് ​ഗുചിയെ പ്രതിരോധത്തിൽ ആക്കിയിരിക്കുന്നത്. മൃ​ഗസ്നേഹികൾ ഉൾപ്പെടെ ​ഗൂചിയുടെ പരസ്യത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് രം​ഗത്തെത്തി. 

To advertise here,

ഈ മാസമാദ്യമാണ് ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ​ഗൂചി ടൈ​ഗർ കളക്ഷൻ എന്ന പേരിൽ വസ്ത്രശേഖരം പുറത്തിറക്കിയത്. ഫെബ്രുവരി ഒന്നിന്‌ ആരംഭിക്കുന്ന ചൈനീസ് ടൈ​ഗർ ഇയറിനോട് അനുബന്ധിച്ചാണ് പുതിയ കളക്ഷനും പുറത്തുവിട്ടത്. ഇതിനായി തയ്യാറാക്കിയ പരസ്യത്തിലാണ് യഥാർഥ കടുവയെയും ഉൾക്കൊള്ളിച്ചത്.

മോഡലുകൾക്ക് സമീപം യഥാർഥ കടുവകളെയും ഉൾക്കൊള്ളിച്ചാണ് പരസ്യം തയ്യാറാക്കിയത്. ചിത്രീകരണത്തിനിടയിൽ മൃ​ഗങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്ന് അമേരിക്കൻ ഹ്യൂമൻ സൊസൈറ്റി നിരീക്ഷിച്ചതാണെന്നും ​ഗൂചിയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ നൽകിയിരുന്നു. എന്നാൽ, മൃ​ഗസംരക്ഷണ പ്രവർത്തകരും ഉപഭോക്താക്കളും ബ്രാൻഡിനെതിരെ ഒരുപോലെ രം​ഗത്തെത്തി.

മാർക്കറ്റിങ്ങിനു വേണ്ടി വന്യമൃ​ഗങ്ങളെ ഉപയോ​ഗിക്കുന്നത് അഭികാമ്യമല്ലെന്നാണ് ഭൂരിഭാ​ഗം പേരും ചൂണ്ടിക്കാട്ടിയത്. ​ഗൂചിയുടെ പുതിയ കളക്ഷൻ നന്നായിട്ടുണ്ടെന്നും എന്നാൽ, കടുവയെ ഉൾക്കൊള്ളിച്ചത് മോശമായെന്നും ചിലർ കമന്റ് ചെയ്തു. കടുവ അരുമമൃ​ഗമല്ലെന്ന് മനസ്സിലാക്കൂ എന്ന് ​ഗൂചിയെ ഉപദേശിച്ചവരുമുണ്ട്. 

നിരവധി മൃ​ഗസംരക്ഷണ സംഘടനകളും ​ഗൂചിക്കെതിരെ പ്രതിഷേധവുമായെത്തി. പരസ്യങ്ങളിൽ വന്യമൃ​ഗങ്ങളെ ഉപയോ​ഗിക്കുന്നത് നിർത്താൻ ​ഗൂചിയോട് ആവശ്യപ്പെടൂ എന്ന് PETA(The People for the Ethical Treatment of Animals) തങ്ങളുടെ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തു. 

അമേരിക്കയിലെ ലോക മൃ​ഗസംരക്ഷണ സംഘടനയും പ്രതിഷേധം പ്രകടിപ്പിച്ചു. കടുവകളെപ്പോലെയുള്ള വന്യമൃ​ഗങ്ങളെ അരുമകളാക്കി ചിത്രീകരിച്ച് ​ഗൂചി തെറ്റായ സന്ദേശം നൽകുകയാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. 

പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി ബ്രാൻഡ് രം​ഗത്തെത്തുകയും ചെയ്തു. ​ഗൂചിയുടെ നയങ്ങൾക്കനുസൃതമായി  പ്രത്യേക സുരക്ഷിത അന്തരീക്ഷത്തിലാണ് കടുവകളെ ചിത്രീകരിച്ചതെന്നും പിന്നീട് ക്യാംപയിനിൽ കൂട്ടിച്ചേർക്കുകയായിരുന്നു എന്നുമാണ് ​വിശദീകരണം.

Content Highlights: gucci under fire for using real tigers in ad campaign