സൂപ്പർഹിറ്റ് സിറ്റ്‌കോമായ ഫ്രണ്ട്‌സിൽ മോണിക്കാ ഗെല്ലർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ താരമാണ് കോർട്‌നി കോക്‌സ്. മ്യുസീഷ്യനായ ജോണി മക്‌ഡെയ്ഡുമായി പത്ത് വർഷത്തോളമായി പ്രണയത്തിലായിരുന്നു കോർട്‌നി. ഇപ്പോഴിതാ കോർട്‌നിയും ജോണിയും പ്രണയബന്ധം വേർപിരിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞവർഷം അവസാനമാണ് ഇരുവരും വേർപിരിഞ്ഞതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

To advertise here,

പരസ്പരധാരണയിലാണ് ഇരുവരും വേർപിരിഞ്ഞതെന്നും അതേസമയം ഇരുവരും ശക്തമായ സൗഹൃദം തുടരുമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. രണ്ടുപേരും രണ്ട് ദിശകളിലാണ് സഞ്ചരിക്കുന്നതെന്ന തിരിച്ചറിവിനെ തുടർന്നാണ് വേർപിരിയാനുള്ള തീരുമാനമുണ്ടായത്. കോർട്‌നിയും ജോണിയും തമ്മിൽ യാതൊരു വിധത്തിലും വഴക്കോ വാക്കേറ്റമോ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഒരു സുഹൃത്ത് പറഞ്ഞതായും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

'കോർട്‌നിയെ കുറിച്ച് നല്ലവാക്കുകൾ മാത്രമാണ് ജോണി പറഞ്ഞത്. അവർ രണ്ടുപേരും തമ്മിൽ ആഴത്തിലുള്ള ബന്ധമായിരുന്നു. ഇപ്പോഴും വലിയ സൗഹൃദമാണ് ഇരുവരും തമ്മിൽ തുടരുന്നത്. അവർ നല്ല സുഹൃത്തുക്കളാണ്. പരസ്പരം വളരെ കരുതലുള്ളവരാണ്. ഒരിക്കലും ഇതൊരു മോശം വേർപിരിയലായിരുന്നില്ല. ഇരുവരും വ്യത്യസ്തമായ ജീവിതം നയിക്കുന്ന ഘട്ടമെത്തിയെന്ന് മാത്രം.' -സുഹൃത്ത് പറഞ്ഞു.

ദൂരമായിരുന്നു ഇരുവർക്കുമിടയിൽ വില്ലനായതെന്നാണ് റിപ്പോർട്ട്. കോർട്‌നി യുഎസ്സിലെ ലോസ് ആഞ്ജലസിലും ജോണി ഭൂരിഭാഗം സമയവും യുകെയിലെ ലണ്ടനിലുമായിരുന്നു. ഈ സാഹചര്യം വർഷങ്ങളോളം തുടർന്നതോടെയാണ് വേർപിരിയൽ അനിവാര്യമായത്. ജോണി ഇപ്പോൾ പുതിയൊരു പ്രണയത്തിന്റെ വക്കിലാണെന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

2013 മുതലാണ് കോർട്‌നിയും ജോണിയും ഡേറ്റിങ് തുടങ്ങിയത്. പൊതുസുഹൃത്തുക്കളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. 2014-ൽ ഇരുവരുടേയും വിവാഹനിശ്ചയം നടന്നിരുന്നുവെങ്കിലും 2015-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2016-ൽ വീണ്ടും ഒന്നിക്കുകയും ആ ബന്ധം പത്ത് വർഷത്തോളം നീണ്ടുനിൽക്കുകയുമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് ഓപ്പണിലാണ് ഇരുവരേയും അവസാനമായി ഒരു പൊതുപരിപാടിയിൽ ഒന്നിച്ചുകണ്ടത്.