ബ്ല്യു.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് ​ഹോ​ഗൻ എന്ന പേരിലറിയപ്പെടുന്ന ടെറി ജീന്‍ ബൊലിയയ്ക്കെതിരേ ​ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ലിൻഡ. ഹള്‍ക്ക് സെക്‌സ് അഡിക്ടാണെന്നും നുണയനാണെന്നും ലിന്‍ഡ ആരോപിച്ചു. 36-കാരിയായ മകള്‍ മാതാപിതാക്കളില്‍ നിന്ന് അകന്ന് കഴിയുകയാണെന്നും കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ഹള്‍ക്കാണെന്നും ലിന്‍ഡ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലിന്‍ഡയുടെ പ്രതികരണം. 

To advertise here,

ഞാന്‍ ഇതുവരെ എന്റെ ഈ കരയുന്ന മുഖം കാണിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിരുന്നില്ല. എന്നാല്‍ ടെറിയുമായുള്ള വിവാഹശേഷം ഞാന്‍ കടന്നുപോയ സാഹചര്യങ്ങളെ കുറിച്ച് സത്യസന്ധമായി പറയേണ്ടിയിരിക്കുന്നു. ഞാന്‍ ഇങ്ങനെ വിഷമിച്ചിരിക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷമായി. സാഹചര്യം മെച്ചപ്പെടുന്നതേയില്ല. തിരിച്ചുവരുന്നതിനും ഒരു കുടുംബമായി തുടരുന്നതിനും അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കിയെന്നും ലിന്‍ഡ പറഞ്ഞു. ഹള്‍ക്ക് ഹോഗന്‍ നുണയനും സെക്‌സ് അഡിക്ടുമാണെന്നും ലിന്‍ഡ തുറന്നടിച്ചു.

മകളുടെ വിവാഹം കഴിഞ്ഞു. ഇരട്ടകുട്ടികളുമുണ്ട്. അവള്‍ ഞങ്ങളോട് പറഞ്ഞില്ല. അവള്‍ ടെറിയുമായി രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അതെങ്ങനെയാണ് ഞാനുമായുള്ള ബന്ധത്തില്‍ പ്രതിഫലിച്ചതെന്നറിയില്ല. എന്നെയും അവള്‍ ഒഴിവാക്കി. ഞാന്‍ അവളോട് സംസാരിച്ചിട്ട് എട്ടുവര്‍ഷത്തോളമാകുന്നു. - വീഡിയോയില്‍ ലിന്‍ഡ പറഞ്ഞു. അതേസമയം ജീവിതത്തിലെ ആകെയുള്ള സന്തോഷം മകന്‍ നിക്ക് ഹോഗനാണെന്നും അവര്‍ പറഞ്ഞു.

1983-ലായിരുന്നു ഹള്‍ക്കും ലിന്‍ഡയും വിവാഹിതരാകുന്നത്. ആ ബന്ധം 26 വര്‍ഷം നീണ്ടു നിന്നു. എന്നാൽ 2009-ല്‍ ഇരുവരും വേർപിരിഞ്ഞു. തൊട്ടടുത്ത വര്‍ഷംതന്നെ ഹള്‍ക്കിന്റെ രണ്ടാം വിവാഹവും നടന്നു. ജെന്നിഫര്‍ മക്ഡാനിയലായിരുന്നു രണ്ടാം ഭാര്യ. എന്നാല്‍ 11 വര്‍ഷത്തിന് ശേഷം 2021-ല്‍ ഇരുവരും വിവാഹമോചനം നേടി. ഇതിന് ശേഷം 2023-ൽ യോ​ഗ ഇൻസ്ട്രക്ടറായ സ്കൈ ഡെയ്ലി എന്ന യുവതിയെയും വിവാഹം കഴിച്ചു.