തിരൂരങ്ങാടി: മാതാപിതാക്കളില്‍ ആശങ്കകള്‍ നിറച്ചാണ് ഫാത്തിമ മിന ജനിച്ചത്. കുട്ടി മുലപ്പാല്‍ കുടിക്കുന്നില്ലെന്നതായിരുന്നു ആദ്യ ആശങ്ക. ജനിച്ചശേഷം അഞ്ചുദിവസമാണ് ഈ പെണ്‍കുഞ്ഞ് ആശുപത്രി ഐസിയുവില്‍ കിടന്നത്. കരയുന്നുമില്ല, ചിരിക്കുന്നുമില്ല. പ്രതികരണങ്ങളൊന്നും ഇല്ലാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന് 'ഡൗണ്‍ സിന്‍ട്രോം' ആണെന്ന് ഡോക്ടര്‍ കണ്ടെത്തി.

To advertise here,

ഇന്ന് ഒന്‍പത് വയസ്സുള്ള ഫാത്തിമ ഫാഷന്‍ഷോകളില്‍ കൈയടി നേടുന്ന സുന്ദരി ഫാഷന്‍ ഗേളാണ്. മൂന്നിയൂര്‍ ജിയുപിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

2025-ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും ഇടംനേടി. ഒരുവര്‍ഷം വിവിധ മത്സരങ്ങളില്‍ വിജയിയായതിനെത്തുടര്‍ന്ന് 18 സര്‍ട്ടിഫിക്കറ്റുകള്‍, 16 മെഡലുകള്‍, 22 ഉപഹാരങ്ങള്‍ എന്നിവ നേടിയാണ് ഫാത്തിമ മിന റെക്കോഡ് നേടിയത്. ഫാഷന്‍ ഷോകള്‍ക്കുപുറമേ സ്‌കൂള്‍ കലോത്സവവേദികളിലും തിളങ്ങുന്ന താരമാണ്.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടക്കുന്ന ഫാഷന്‍ ഷോകളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. തന്റെ പരിമിതികളില്‍ പതറാതെ പലവേദികളിലും വിജയംനേടിയാണ് തിരിച്ചെത്താറുള്ളത്. നീണ്ടവര്‍ഷക്കാലത്തെ ചികിത്സയുടെ ഭാഗമായാണ് ഫാത്തിമ മിന ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറിയതെന്ന് മാതാപിതാക്കള്‍ ഓര്‍ക്കുന്നു.

കോഴിക്കോട്ടെ ഡോ. ഷാജി തോമസാണ് കുട്ടിയെ ചികിത്സിക്കുന്നത്. മൂന്നിയൂര്‍ സലാമത്ത് നഗറിലെ വാക്കത്തൊടിക ഫസല്‍ റഹ്‌മാന്‍-ഫൗസിയ ദമ്പതിമാരുടെ മകളാണ് ഫാത്തിമ മിന. ഒരുകാലത്ത് കളിചിരികളൊന്നുമില്ലാതിരുന്ന കുഞ്ഞാണ് ഫാഷന്‍ ഷോ വേദികളില്‍ സുന്ദരിയായി തിളങ്ങുന്നത്.