
കോട്ടയം: കാരാപ്പുഴ വളവുചിറയ്ക്കല്‍ ആര്‍.രവി രാത്രിയില്‍ ഉറങ്ങുന്നത് വീട്ടിലെ സ്വീകരണമുറിയിലാണ്. മകന്റെ കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നുണ്ടോയെന്ന് ഉണരുമ്പോഴെല്ലാം ചെവിയോര്‍ക്കും. എന്നെങ്കിലും അവന്‍ തിരിച്ചെത്തി വാതിലില്‍ മുട്ടുമ്പോള്‍ കതകുതുറക്കുന്നതും നിറകണ്ണുകളോടെ കെട്ടിപ്പിടിക്കുന്നതും അദ്ദേഹം സ്വപ്നം കാണുന്നു. 13 വര്‍ഷമായി ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്.
പത്രക്കെട്ടെടുക്കാന്‍ പുലര്‍ച്ചെ മൂന്നിന് കോട്ടയത്തുന്ന രവിയെ നഗരത്തിന് സുപരിചിതമാണ്. 32 വര്‍ഷമായി പത്രം ഏജന്റായ ഈ 73-കാരന് കോട്ടയത്ത് വലിയ സൗഹൃദവലയമുണ്ട്. തിരക്കിട്ട ജീവിതം രവിക്ക് മരുന്നുകൂടിയാണ്. ഷുഗറോ, പ്രഷറോ ഇല്ലാതെ ജീവിക്കാനും മകനെ കാണാതായതിലുള്ള വേദന മറക്കാനുമുള്ള മരുന്ന്.

2011-ലെ രാത്രി
ആര്‍.രവി - സുശീല ദമ്പതിമാരുടെ രണ്ടാമത്തെ മകന്‍ അനീഷ് കുമാര്‍ 2011 ഫെബ്രുവരി ഒമ്പതിനാണ് വീട്ടില്‍നിന്നുപോയത്. മെഡിക്കല്‍ റെപ്രസെന്റിറ്റീവായ സുഹൃത്ത് രാത്രി ഏഴരയോടെ വന്നുവിളിച്ചപ്പോള്‍ ഉടുത്തിരുന്ന ലുങ്കിപോലും മാറാതെ പോകുകയായിരുന്നു. കുമാരനല്ലൂരിലെ കൂട്ടുകാരന്റെ വീട്ടില്‍ രാത്രി തങ്ങിക്കാണുമെന്ന് വീട്ടുകാര്‍ ആദ്യം കരുതി.
പിറ്റേന്ന് വിളിച്ചപ്പോള്‍, രാത്രിതന്നെ ബൈക്കില്‍ മടങ്ങിയെന്ന് കൂട്ടുകാരന്‍ പറഞ്ഞു. അടുത്തദിവസം ബോട്ടുജെട്ടിയുടെ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ ബൈക്ക് കണ്ടെത്തി. അനീഷ്‌കുമാര്‍ മാത്രം മടങ്ങിവന്നില്ല. വെസ്റ്റ് പോലീസ് സ്റ്റേഷനിലും പിന്നെ മുഖ്യമന്ത്രിക്കും പരാതി നല്‍കി. അന്വേഷണത്തില്‍ ഫലമുണ്ടായില്ല. കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് കൊടുത്തു. മകനെ തിരഞ്ഞുള്ള യാത്രകള്‍ക്കായി ലക്ഷങ്ങള്‍ ചെലവാക്കി.
അച്ഛനും അമ്മയും ബിനു എന്നാണ് അനീഷിനെ വിളിച്ചിരുന്നത്. കോട്ടയം ടൗണില്‍ പഠിച്ചുവളര്‍ന്ന്, സ്‌നേഹിച്ച പെണ്ണിനെ വിവാഹം ചെയ്ത്, തിരുനക്കരയില്‍ ജ്യൂസ് കട നടത്തിയും പെയിന്റിങ് പണി ചെയ്തും ജീവിച്ച ബിനുവിന് സാമ്പത്തികബാധ്യതയോ, വിഷമങ്ങളോ ഇല്ലായിരുന്നെന്ന് അച്ഛന്‍. രവി കാസറ്റ് കട നടത്തിയകാലത്തും പിന്നീട് പത്രം ഏജന്‍സി തുടങ്ങിയപ്പോഴുമെല്ലാം മകനായിരുന്നു സഹായി.
ദുരൂഹത ബാക്കിയാക്കി സുഹൃത്തിന്റെ ആത്മഹത്യ
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അനീഷിന്റെ ഭാര്യ, മക്കളുമായി അവരുടെ വീട്ടിലേക്ക് പോയി. അനീഷിനെ അന്ന് കൂട്ടിക്കൊണ്ടുപോയ സുഹൃത്തിനെ വീണ്ടും കാണാന്‍ അടുത്തയിടയ്ക്ക് പോയിരുന്നു. എന്നാല്‍, നാലുവര്‍ഷം മുമ്പ് അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വിവരം കേട്ട് രവി കൂടുതല്‍ നിരാശനായി. ഇപ്പോള്‍ രവിക്ക് പോലീസിലും കോടതിയിലുമെല്ലാം വിശ്വാസം നഷ്ടപ്പെട്ടു.
രവിയുടെ മൂത്തമകന്‍ വര്‍ഷങ്ങളായി വിദേശത്താണ്. ബിനുവിനെ കാണാതായ ശേഷം അമ്മ വീടിനുപുറത്ത് അധികമിറങ്ങാറില്ല. വീട്ടില്‍ മൂന്നുനായകളെ വളര്‍ത്തുന്നു. തിരുനക്കരയിലെത്തിയാലും രവിക്ക് കൂട്ടായി രണ്ട് തെരുവുനായകളുണ്ട്. ഈ അഞ്ചുപേരും രവിക്കിപ്പോള്‍ മക്കളെപ്പോലെ.
Content Highlights: father waiting for son he lost 13 years back
Published: 16 Jun 2024, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented