
യുവരാജ് സിങ്ങ് അച്ഛന് യോഗ്‌രാജ് സിങ്ങിനൊപ്പം/ യോഗ്‌രാജ് സിങ്ങ് | Photo: instagram/ yuvraj singh
വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അച്ഛനും ക്രിക്കറ്റ് താരവുമായിരുന്ന യോഗ്‌രാജ് സിങ്ങ്. യുവരാജിന്റെ ക്രിക്കറ്റ് കരിയര്‍ തൃപ്തികരമല്ലാത്ത രീതിയില്‍ അവസാനിച്ചതിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയെ യോഗ്‌രാജ് പല അവസരങ്ങളിലും കുറ്റപ്പെടുത്തിയിട്ടുണ്ട്. വ്യക്തിജീവിതത്തിലും അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. ഷബ്‌നം സിങ്ങുമായി വിവാഹമോചനം നേടിയ യോഗ്‌രാജ് വീണ്ടും വിവാഹം ചെയ്തിരുന്നു. വിവാഹമോചനത്തിനുശേഷം അമ്മ ശബ്‌നം സിങ്ങിനൊപ്പമാണ് യുവരാജ് വളര്‍ന്നത്.
ഇപ്പോഴിതാ ഏകാന്തതയുമായുള്ള തന്റെ പോരാട്ടത്തെ കുറിച്ച് പറയുകയാണ് യോഗ്‌രാജ്. ജീവിതം പൂര്‍ണമായും ജീവിച്ചുകഴിഞ്ഞതിനാല്‍ മരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. രണ്ടാം ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകന്ന് കഴിയുന്ന താന്‍ ഭക്ഷണത്തിനായി അപരിചിതരെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. കുടുംബാംഗങ്ങളെ താന്‍ സ്‌നേഹിക്കുന്നുണ്ടെങ്കിലും അവരോട് ഒന്നും ആവശ്യപ്പെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വൈകുന്നേരങ്ങളില്‍ ഞാന്‍ തനിച്ചാണ് ഇരിക്കുന്നത്. വീട്ടില്‍ ആരുമില്ല. ഭക്ഷണത്തിനായി ഞാന്‍ അപരിചിതരെയാണ് ആശ്രയിക്കുന്നത്. ചിലപ്പോള്‍ ഒരാള്‍, ചിലപ്പോള്‍ മറ്റൊരാള്‍. ഞാന്‍ ആരെയും ബുദ്ധിമുട്ടിക്കാറില്ല. എനിക്ക് വിശന്നാല്‍ ആരെങ്കിലും ഭക്ഷണം എത്തിച്ചുതരും. ഞാന്‍ വീട്ടുജോലിക്കാരെയും പാചകക്കാരെയും വെച്ചിരുന്നു. അവര്‍ അവരുടെ ജോലി ചെയ്തശേഷം പോയി'-യോഗ്‌രാജ് പറയുന്നു.
'എന്റെ അമ്മ, കുട്ടികള്‍, മരുമകള്‍, പേരക്കുട്ടികള്‍, കുടുംബത്തിലെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു. പക്ഷേ ഞാന്‍ ആരോടും ഒന്നും ചോദിക്കാറില്ല. ഞാന്‍ മരിക്കാന്‍ തയ്യാറാണ്. എന്റെ ജീവിതം പൂര്‍ത്തിയായി. ദൈവത്തിന് എപ്പോള്‍ വേണമെങ്കിലും എന്നെ കൊണ്ടുപോകാം. ഞാന്‍ ദൈവത്തോട് വളരെ നന്ദിയുള്ളവനാണ്. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അവിടുന്ന് തന്നുകൊണ്ടേയിരിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാര്യ ഷബ്‌നം സിങ്ങും മകന്‍ യുവരാജും തന്നെ ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചപ്പോഴാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടല്‍ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. താനൊരു നിരപരാധിയാണെന്നും താന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇത്തരമൊരു ഏകാന്തത അനുഭവിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'യുവിയും അവന്റെ അമ്മയും എന്നെ ഉപേക്ഷിച്ച് പോകുന്ന അവസ്ഥ വന്നപ്പോള്‍, അത് എനിക്ക് ഏറ്റവും വലിയ ഞെട്ടലാണ് നല്‍കിയത്. ഞാന്‍ എന്റെ ജീവിതം മുഴുവന്‍, എന്റെ യൗവനം മുഴുവന്‍ സമര്‍പ്പിച്ച സ്ത്രീ, അവര്‍ക്കും എന്നെ ഉപേക്ഷിച്ച് പോകാന്‍ കഴിയുമോ?'. ഒരുപാട് കാര്യങ്ങള്‍ നശിച്ചു. എല്ലാവരോടും നന്നായി പെരുമാറിയിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. ഞാന്‍ ചില തെറ്റുകള്‍ ചെയ്തിട്ടുണ്ടാവാം, പക്ഷെ ഞാന്‍ ഒരു നിരപരാധിയാണ്. ആര്‍ക്കും ഒരു ദോഷവും ചെയ്തിട്ടില്ല. ഞാന്‍ ദൈവത്തിന് മുന്നില്‍ കരഞ്ഞു. അവിടുന്ന് എന്നെ ആ കടലില്‍ നിന്ന് കരകയറ്റി' അദ്ദേഹം പറഞ്ഞു.
യോഗ്‌രാജിനും ഷബ്‌നം സിങ്ങിനും യുവരാജിനെ കൂടാതെ സരോവര്‍ എന്നൊരു മകന്‍ കൂടിയുണ്ട്. മാതാപിതാക്കള്‍ തമ്മില്‍ എപ്പോഴും വഴക്കായതിനാല്‍ വിവാഹമോചനം നേടാന്‍ താന്‍ തന്നെയാണ് നിര്‍ദേശിച്ചതെന്ന് യുവരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് സത്‌വീര്‍ കൗറിനെ യോഗ്‌രാജ് വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഇവര്‍ യുഎസിലാണ് നിലവില്‍ താമസം.
Content Highlights: father of yuvraj singh yograj singh says ready to die
Published: 17 Nov 2025, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented