
ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റ് മാക്രോണും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിയറ്റ്നാമിലെ ഹനോയിയില്‍ വെച്ച് വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പായി മാക്രോണിന്റെ മുഖത്ത് ബ്രിജിറ്റ് തല്ലുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് ഇരുവരും വൈറലായത്. സംഭവം സത്യമാണെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇരുവര്‍ക്കുമിടയിലെ ചെറിയ കലഹം മാത്രമായിരുന്നു ഇതെന്നായിരുന്നു വിശദീകരണം.
മാക്രോണ്‍ ദമ്പതിമാരുടെ സൗന്ദര്യപ്പിണക്കം തലക്കെട്ടുകളില്‍ ഇടംപിടിച്ചതുപോലെ തന്നെ ഇവരുടെ പ്രണയവും വലിയ വാര്‍ത്തയായിരുന്നു. പത്താം ക്ലാസില്‍ തന്നെ പഠിപ്പിച്ച അധ്യാപികയായിരുന്ന ബ്രിജിറ്റുമായുള്ള ഇമ്മാനുവല്‍ മാക്രോണിന്റെ പ്രണയം ചിലര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇരുവരുടേയും പ്രണയകഥ ലോകമാകെ വൈറലായിരുന്നു.
അമിയന്‍സിലെ കാത്തലിക് ലയ്സ് ലാ പ്രൊവിഡന്‍സ് സ്കൂളില്‍ വെച്ച് 1993-ലാണ് ഇമ്മാനുവല്‍ മാക്രോണും ബ്രിജിറ്റും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ഇമ്മാനുവലിന് വെറും 15 വയസ് മാത്രമാണ് പ്രായം. ബ്രിജിറ്റിനാകട്ടെ 39 വയസും. ആ സ്കൂളില്‍ ഇമ്മാനുവലിന്റെ അധ്യാപികയായിരുന്നു ബ്രിജിറ്റ്. ഫ്രഞ്ചും ലാറ്റിനുമാണ് അവര്‍ പഠിപ്പിച്ചിരുന്നത്.
ബാങ്കറായ ആന്ദ്രെ ലൂയിസ് ഓസിയര്‍ ആയിരുന്നു ബ്രിജിറ്റിന്റെ ആദ്യ ഭര്‍ത്താവ്. 1974-ലായിരുന്നു ബ്രിജിറ്റിന്റെ ആദ്യവിവാഹം. ഇരുവര്‍ക്കും മൂന്ന് മക്കളാണുള്ളത്. മൂത്തമകന് സെബാസ്റ്റ്യന്‍, മാക്രോണിനേക്കാള്‍ മൂന്ന് വയസ് മൂത്തതാണ്. മകള്‍ ലോറന്സാകട്ടെ ഇമ്മാനുവല്‍ മാക്രോണിന്റെ ക്ലാസിലാണ് പഠിച്ചിരുന്നത്.
1994-ലെ വേനല്‍ക്കാലത്താണ് ഇമ്മാനുവല്‍ മാക്രോണും ബ്രിജിറ്റും തമ്മിലുള്ള ബന്ധം കുടുംബമറിയുന്നത്. ഇരുവരുമൊന്നിച്ച് പൂളിനരികെ സണ്‍ബാത്ത് നടത്തുന്നത് കുടുംബക്കാര് കാണുകയായിരുന്നുവെന്ന് ഫ്രഞ്ച് പ്രഥമവനിതയുടെ ജീവചരിത്ര പുസ്തകത്തില്‍ പറയുന്നു. ബ്രിജിറ്റും ഓസിയറും പിന്നീട് വിവാഹമോചിതരായി.
Related News: ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ തല്ലിയോ? വിമാനത്തിന്റെ വാതില്‍തുറന്നതും കണ്ടത് ആ കാഴ്ച; ദൃശ്യങ്ങള്‍ വൈറൽ | വീഡിയോ
15 വയസില്‍ തന്നെ 25 വയസിന്റെ പക്വത ഇമ്മാനുവല്‍ മാക്രോണിന് ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കായികാധ്യാപകനായിരുന്ന ഡാനിയേല്‍ ലേല്യൂ പറയുന്നു. സഹപാഠികളേക്കാള്‍ അധ്യാപകരോടാണ് അക്കാലത്ത് മാക്രോണ്‍ കൂടുതല്‍ സംസാരിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
മാക്രോണിന്റേയും ബ്രിജിറ്റിന്റേയും പ്രണയം പലര്‍ക്കും സ്വീകാര്യമായിരുന്നില്ല. ബ്രിജിറ്റിന്റെ വീട്ടില്‍ നിരവധി ഊമക്കത്തുകളാണ് അക്കാലത്ത് ലഭിച്ചത്. മറ്റുചിലര്‍ ബ്രിജിറ്റിന്റെ വാതില്ക്കല് തുപ്പിവെക്കുമായിരുന്നു. ഇമ്മാനുവലിനെ പ്രണയിക്കുന്ന കാര്യമറിഞ്ഞ സുഹൃത്തുക്കള്‍ ബ്രിജിറ്റിനോട് മിണ്ടാതിരിക്കുക പോലും ചെയ്തിട്ടുണ്ട്.
പിന്നീട് തന്റെ ഉപരിപഠനത്തിനായി ഇമ്മാനുവല്‍ നഗരം വിട്ടു. പാരിസിലെ സര്‍വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ ഉപരിപഠനം. ഈ കാലത്ത് മാക്രോണ്‍ സമപ്രായക്കാരിയായ മറ്റൊരാളുമായി പ്രണയത്തിലാകുമോ എന്ന് താന്‍ ആശങ്കപ്പെട്ടിട്ടുണ്ടെന്ന് ബ്രിജിറ്റ് പറഞ്ഞിട്ടുണ്ട്. പഠനശേഷം വീണ്ടും ഇരുവരും ഒരേ നഗരത്തിലെത്തി.
2007-ല്‍ ബ്രിജിറ്റിന്റെ വിവാഹമോചനത്തിന്റെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ അതേവര്‍ഷം ഇരുവരും വിവാഹിതരായി. ബ്രിജിറ്റിന്റെ ആദ്യവിവാഹം നടന്ന ലെ തൗക്കെറ്റ് എന്ന തീരനഗരത്തില്‍ വെച്ച് തന്നെയായിരുന്നു മാക്രോണുമായുള്ള വിവാഹവും നടന്നത്.
Content Highlights: Love story of French President Emmanuel Macron and Brigitte Macron will leave you shocked
Published: 27 May 2025, 09:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented