ലയണല്‍ മെസ്സിയെ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കാത്ത ഫുട്‌ബോള്‍ ആരാധകര്‍ കുറവായിരിക്കും. എന്നാല്‍ മെസ്സിയെ ചുംബിക്കാനുള്ള ഒരു അവസരം കിട്ടിയാലോ, അതും കഴുത്തില്‍. പക്ഷേ ആരാധകര്‍ക്ക് ഒരിക്കലും അത് സാധിക്കുകയില്ല. ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് അര്‍ജന്റീന ടീമിലെ മെസ്സിയുടെ സഹതാരവും ഗോള്‍കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസിനാണ്.

To advertise here,

കോപ്പ അമേരിക്ക ഫുട്‌ബോള്‍ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കാനഡയ്‌ക്കെതിരായ മത്സരത്തിനുശേഷമാണ് മാര്‍ട്ടിനെസ് മെസ്സിയുടെ പിന്‍കഴുത്തില്‍ ചുംബിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് മെസ്സി സംസാരിക്കുന്നതിനിടയില്‍ അതുവഴി കടന്നു പോകുകയായിരുന്നു മാര്‍ട്ടിനെസ്. മെസ്സിയുടെ പിന്നിലെത്തിയപ്പോള്‍ മാര്‍ട്ടിനെസ് പിന്‍കഴുത്തില്‍ ചുംബിച്ചു. അപ്രതീക്ഷിതമായി ലഭിച്ച ചുംബനത്തില്‍ മെസ്സി കഴുത്ത് ഇളക്കുന്നതും വീഡിയോയില്‍ കാണാം.
 
ഈ വീഡിയോ ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ മെസ്സിയെ ചുംബിക്കുന്നത് ആരാണെന്നത് വ്യക്തമല്ലായിരുന്നു. മെസ്സിയെ സംരക്ഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ എവിടെപ്പോയെന്നും ഏതൊരാള്‍ക്കും മെസ്സിയുടെ കഴുത്തില്‍ വരെ ചുംബിക്കാമോയെന്നും ആരാധകര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് മാര്‍ട്ടിനെസ് ആണെന്ന് പിന്നീടാണ് വ്യക്തമായത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ഇരുവരും തമ്മില്‍ 'ബ്രൊമാന്‍സ്' ആണോയെന്നും പിന്നീട് ആരാധകരുടെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.