ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും നമ്മുടെ ഭക്ഷണരീതി നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍, ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ എന്ത് കഴിക്കണം എന്നതില്‍ മാത്രമല്ല, എപ്പോള്‍ കഴിക്കണം എന്നതിലും (പ്രത്യേകിച്ച് രാത്രി ഭക്ഷണത്തിന്റെ സമയത്തില്‍), ശ്രദ്ധാലുക്കളാകേണ്ടതുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
ഒരു ദിവസത്തെ അവസാന ഭക്ഷണം വൈകുന്നേരം നേരത്തെ കഴിക്കുന്നത് ദഹനം, ശരീരഭാരം കുറയ്ക്കല്‍, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കല്‍ എന്നിവയ്ക്ക് ഗുണകരമാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരത്തിന്റെ ഉപാപചയം, ദഹനപ്രക്രിയ, ഹോര്‍മോണ്‍ സന്തുലനം എന്നിവ നിയന്ത്രിക്കുന്ന ജൈവഘടികാരത്തിന്റെ താളം രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് തടസ്സപ്പെടുത്തിയേക്കാം. ഇത് പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യുന്നതിനും ഉപാപചയ പ്രക്രിയയ്ക്കും തടസ്സമുണ്ടാക്കാം.
നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, രാത്രി 9 മണിക്ക് ശേഷം ഭക്ഷണം ശീലമാക്കിയവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും സ്‌ട്രോക്കിനും സാധ്യത കൂടുതലാണ്. പകരം, രാത്രി 7-നും 8-നും ഇടയില്‍ ഭക്ഷണം ക്രമീകരിക്കുന്നത് ഉറക്കത്തിന് മുമ്പ് ഭക്ഷണം ശരിയായി ദഹിക്കാന്‍ ആവശ്യമായ സമയം ലഭിക്കുന്നതിനാല്‍ വയറുവീര്‍ക്കല്‍, ആസിഡ് റിഫ്‌ലക്‌സ് തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.
നേരത്തെ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ഉപാപചയ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍, അമിതമായി ലഘുഭക്ഷണം കഴിക്കാനോ കൂടുതല്‍ ഭക്ഷണം കഴിക്കാനോ ഉള്ള പ്രവണത കാണിക്കുന്നു, ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. നേരത്തെ അത്താഴം കഴിക്കുന്നവര്‍ കുറഞ്ഞ കലോറി ഉപയോഗിക്കുകയും കൊഴുപ്പിന്റെ ഉപാപചയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും.
നേരത്തെ അത്താഴം കഴിക്കുന്നവരില്‍ കലോറിയുടെ ഉപയോഗം കുറയുകയും കൊഴുപ്പിന്റെ ഉപാപചയം മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നുമാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഇന്‍സുലിന്‍ പ്രതിരോധവും ടൈപ്പ് 2 പ്രമേഹവും തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.
നേരത്തെ ആഹാരം കഴിക്കുന്നതിന് സഹായിക്കുന്ന ചില വഴികള്‍
- സ്ഥിരമായ അത്താഴ സമയം നിശ്ചയിക്കുക: വൈകുന്നേരം 7 മണിക്ക് മുമ്പ് അത്താഴം കഴിക്കാന്‍ ഒരു സ്ഥിരമായ സമയം തിരഞ്ഞെടുക്കുക. ഇത് ശരീരത്തിന്റെ സ്വാഭാവിക ജൈവ ഘടികാരവുമായി (circadian rhythm) താദാത്മ്യം പാലിക്കാന്‍ സഹായിക്കും.
- ഭക്ഷണം മുന്‍കൂട്ടി ആസൂത്രണം ചെയ്യുക: മുന്‍കൂട്ടി ഭക്ഷണം തയ്യാറാക്കുന്നത് വൈകി ഭക്ഷണം കഴിക്കാനുള്ള പ്രലോഭനമോ അനാരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള പ്രവണതയോ ഒഴിവാക്കും.
- ലഘുവും പോഷകസമൃദ്ധവുമായ അത്താഴം: എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക, ഉദാഹരണത്തിന്, ലീന്‍ പ്രോട്ടീനുകള്‍ , പച്ചക്കറികള്‍, ധാന്യങ്ങള്‍. ഇത് ദഹനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സഹായിക്കും.
- അത്താഴത്തിനു ശേഷം ലഘു വ്യായാമം: അത്താഴത്തിനു ശേഷം ഒരു ചെറിയ നടത്തം പോലുള്ള ലഘുവായ പ്രവര്‍ത്തനം ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
- സ്ഥിരത പാലിക്കുക: നേരത്തെ അത്താഴം കഴിക്കുന്ന ശീലം സ്ഥിരമാക്കാന്‍, ഈ ശീലങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കുക. ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ജീവിതശൈലീ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
നേരത്തെ അത്താഴം കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക താളവുമായി യോജിക്കുകയും മെച്ചപ്പെട്ട ഉറക്കം, കൂടുതല്‍ ഊര്‍ജം, ദീര്‍ഘകാല ആരോഗ്യ നേട്ടങ്ങള്‍ എന്നിവ നല്‍കുകയും ചെയ്യും.
Content Highlights: Research indicates that consuming the last meal of the day earlier, ideally between 7 PM and 8 PM, significantly benefits weight management
Published: 09 Oct 2025, 02:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented