കൊച്ചി: എംജി റോഡ്‌ മെട്രോ സ്റ്റേഷനു പിന്നിലുള്ള ഹോമിയോ ക്ലിനിക്കിൽ ചികിത്സ തേടിയെത്തുന്ന പതിവുരോഗികളിൽ ചിലർ ചോദിച്ചു, ‘ഡോക്ടർ വക്കീൽപരീക്ഷ പാസായി എന്ന് കേൾക്കുന്നല്ലോ...ശരിയാണോ? ‘കേട്ടത് ശരിയാണ്. എൽഎൽബി പരീക്ഷ പാസായി. പത്താം റാങ്കും ഉണ്ട്...’ ചെറുചിരിയോടെയായിരുന്നു ഡോ. നാൻസിയുടെ മറുപടി. പല മേഖലകളിൽ ജോലി ചെയ്യുന്ന പല പ്രായത്തിലുള്ളവർ നിയമപഠനം നടത്താറുണ്ടെങ്കിലും ഡോക്ടർമാർ നിയമപഠനത്തിന് എത്തുന്നത് അത്ര സാധാരണമല്ല.

To advertise here,

ഹോമിയോ ഡോക്ടറായ പി. നാൻസി എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനു പിന്നിലെ സ്വന്തം ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുന്നതിനൊപ്പമാണ് എറണാകുളം സർക്കാർ ലോ കോളേജിൽ മൂന്നു വർഷ എൽഎൽബി കോഴ്‌സ് 10-ാം റാങ്കോടെ പാസായത്.

രോഗികളിൽ ചിലർക്കെങ്കിലും ആരോഗ്യത്തിലെന്ന പോലെ നിയമ കാര്യത്തിലും ഉപദേശം ആവശ്യമാണെന്ന തിരിച്ചറിവിൽനിന്നാണ് നിയമം പഠിക്കാൻ തീരുമാനിച്ചതെന്ന് ഡോക്ടർ പറഞ്ഞു. ക്ലിനിക്കിന്റെ നാല് ചുമരുകൾക്കുള്ളിൽ തന്റെ പ്രവർത്തനമേഖല ചുരുക്കുന്നയാളല്ല നാൻസി. കോവിഡ് കാലത്തെ മികച്ച സേവനങ്ങൾക്ക് സർക്കാരിന്റെ അംഗീകാരവും ഡോക്ടറെ തേടിയെത്തിയിരുന്നു.

കോഴിക്കോട് വെസ്റ്റ്ഹിൽ പുളിക്കൽ ഡോ. പി. കൃഷ്ണരാജിന്റെയും വിദേശത്ത് നഴ്‌സായിരുന്ന ശ്രീജയുടെയും മകൾക്ക് പഠനം എന്നും ഇഷ്ടമാണ്. രാഷ്ട്രമീമാംസയിലും മനുഷ്യാവകാശത്തിലും ബിരുദാനന്തര ബിരുദമെടുത്തതും ആ ഇഷ്ടത്തിന്റെ കൂടി ഫലമാണ്.

ലോ കോളേജിലെ പഠനകാലത്ത് നിയമ അവബോധ പ്രവർത്തനങ്ങൾക്കായി നിർമിച്ച ഹ്രസ്വചിത്രങ്ങൾക്ക് ജില്ലാലീഗൽ സർവീസ് അതോറിറ്റിയുടെയും സിറ്റി പോലീസ് കമ്മിഷണറുടെയും അംഗീകാരം ലഭിച്ചിരുന്നു.

മികച്ച ബാഡ്മിന്റൺ താരവുമാണ് ഡോക്ടർ. അടുത്തമാസം അഭിഭാഷകയായി എൻറോൾ ചെയ്യാനാണ് ഈ 35-കാരിയുടെ തീരുമാനം.